Posted By Nazia Staff Editor Posted On

Uae expat arrest;യുഎഇയിൽ കോടികളുടെ തട്ടിപ്പ്; കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളി: ഒടുവിൽ ഇന്ത്യക്കാരനെ കുടുക്കി യുവതി

uae expat arrest;:അജ്മാൻ ∙ രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിവന്ന കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിക്ക് ഒടുവിൽ നിയമക്കുരുക്ക്. ഇയാൾ നടത്തിയ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ഒരു ഇന്ത്യൻ യുവതി നിയമപോരാട്ടം നടത്താൻ തീരുമാനിച്ചതാണ് കേസിൽ വഴിത്തിരിവായത്. 2013ൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച പ്രതിയാണ് മൊയ്തീനബ്ബ.

അജ്മാൻ ഫെഡറൽ കോടതി കഴിഞ്ഞ മാസം പുറത്തിറക്കിയ വിധിപ്രകാരം 52-കാരനായ മൊയ്തീനബ്ബ വ്യാജ ചെക്ക് ഉപയോഗിച്ച് ഷാഹിന ഷബീർ എന്ന യുവതിയുടെ കൈയ്യിൽ നിന്ന് 37,878 ദിർഹം തട്ടിയെടുത്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെ ഇന്ത്യയിൽ കള്ളനോട്ട് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ മുംബൈയിലേക്ക് നാടുകടത്തി. അതോടെ നീണ്ട നിയമപോരാട്ടത്തിന് വിരാമമായി


കഴിഞ്ഞ ജൂണിൽ ഷാഹിനയുടെ ഉടമസ്ഥതയിലുള്ള പെൻപാൽ ട്രേഡിങ് എന്ന സ്ഥാപനം മൊയ്തീനബ്ബ മുൻകൈയെടുത്ത് നടത്തിയിരുന്ന  സെവൻ എമിറേറ്റ്സ് സ്പൈസസ് എന്ന സ്ഥാപനത്തിന് ഹോസ്പിറ്റാലിറ്റി സാധനങ്ങൾ നൽകിയിരുന്നു.  ഷാഹിന ബിസിനസ് തുടങ്ങിയ സമയമായിരുന്നു അത്. ആ പണം നഷ്ടപ്പെട്ടത് തനിക്ക് വലിയ തിരിച്ചടിയായിരുന്നുവെന്ന് ഷാഹിന പറയുന്നു. പക്ഷേ, എനിക്ക് ഇത് വിട്ടുകൊടുക്കാൻ തോന്നിയില്ല. ഈ കേസ് ശരിയായ ആളുകൾ പരിശോധിക്കുകയാണെങ്കിൽ എന്തെങ്കിലും നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഒരുപാട് പണം നഷ്ടപ്പെട്ട മറ്റ് ചിലരെല്ലാം കേസ് തുടർന്ന് നടത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് എന്നോട് പറഞ്ഞു. പക്ഷേ, ഈ രാജ്യത്തും ഇവിടുത്തെ നിയമവ്യവസ്ഥയിലും എനിക്ക് വിശ്വാസമുണ്ടായിരുന്നു. പറ്റിക്കപ്പെട്ടവരുടെ കൂടെ യുഎഇ സർക്കാർ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു. മൊയ്തീനബ്ബയ്ക്ക് നിയമവ്യവസ്ഥയെ മറികടക്കാൻ അറിയാമായിരുന്നു. അയാൾക്ക് സ്വന്തമായി ഒരു കമ്പനി പോലും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്ന് തൊഴിലില്ലാത്ത ആളുകളെയാണ് ഇയാൾ മുൻനിരയിൽ നിർത്തിയിരുന്നത്. പക്ഷേ, എന്നെ കണ്ടപ്പോൾ അയാൾ സ്വയം ഉടമസ്ഥനാണെന്ന് പരിചയപ്പെടുത്തി. ഈ ഒരു കാര്യമാണ് അയാൾക്കെതിരെ തെളിവായി മാറിയത്. അജ്മാൻ പൊലീസ് പരാതി ലഭിച്ചയുടൻ നടപടി സ്വീകരിച്ചതിനും ഷാഹിന നന്ദി പറഞ്ഞു. കേസ് ഈ ഘട്ടത്തിൽ എത്തിയതിന് പിന്നിലെ പ്രധാന കാരണം അജ്മാൻ പൊലീസാണെന്ന് അവർ പറഞ്ഞു. കുടുംബം  വലിയ പിന്തുണ നൽകിയയതായും അറിയിച്ചു. 

കോടതി ഷാഹിനയ്ക്ക് ധാർമികവും ഭൗതികവുമായ നഷ്ടപരിഹാരമായി 41,878 ദിർഹം നൽകാൻ ഉത്തരവിട്ടു. മൊയ്തീനബ്ബ കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയും ഈ തുക നൽകാൻ ബാധ്യസ്ഥരാണ്. തനിക്ക് ഇപ്പോൾ സമാധാനമായെന്നും നീതി നടപ്പായി എന്നും ഷാഹിന പറഞ്ഞു. ഞാനിത് എനിക്ക് വേണ്ടി മാത്രം ചെയ്തതല്ല, മറ്റ് ചെറിയ ബിസിനസ് ഉടമകൾ തിരിച്ചടി നേരിടുമ്പോൾ അതിനെതിരെ പോരാടാൻ തയാറാവണം എന്ന് കാണിക്കാൻ വേണ്ടികൂടിയാണ് ചെയ്തത്. തട്ടിപ്പ് ഇവിടെ വച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായൊരു സന്ദേശം കൂടിയാണ് ഈ വിധി നൽകുന്നത്.   മൊയ്തീനബ്ബയുടെ തട്ടിപ്പിന്റെ രീതി വളരെ ലളിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തി. ഇയാൾ ഓഫിസ് സ്ഥലങ്ങളും ട്രേഡ് ലൈസൻസുമുള്ള നിയമപരമായി തോന്നിക്കുന്ന സ്ഥാപനങ്ങൾ ആരംഭിക്കും. അതിന് ശേഷം ജീവനക്കാരനായി സ്വയം പരിചയപ്പെടുത്തും. വ്യാജ ചെക്കുകൾ നൽകി സാധനങ്ങൾ നേടിയ ശേഷം സ്ഥാപനത്തിന്റെ ഉടമകളായി അവതരിപ്പിച്ചവരെ വേഗത്തിൽ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കും. അതിനിടയിൽ, സാധനങ്ങൾ മറ്റ് കക്ഷികൾക്ക് വിൽക്കുകയും ചെയ്യും.

ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് റോയൽ ജനറൽ ട്രേഡിങ് ബ്രസ ജനറൽ ട്രേഡിങ്, ലൈഫ്‌ലൈൻ സർജിക്കൽ ട്രേഡിങ്, സലിം ഇലക്ട്രിക്കൽ ഡിവൈസസ് ഉൾപ്പെടെ ഡസൻ കണക്കിന് സ്ഥാപനങ്ങളുമായി മൊയ്തീനബ്ബയ്ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2016-ൽ റോയൽ ജനറൽ ട്രേഡിങ്ങിന് 60,000 ദിർഹമിന്റെ സാധനങ്ങൾ നൽകി തനിക്ക് നഷ്ടം സംഭവിച്ചിരുന്നുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബിസിനസുകാരി പറഞ്ഞു. ഒടുവിൽ നീതി നടപ്പാകുന്നത് കണ്ടതിൽ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞു. മൊയ്തീനബ്ബയെ  2023 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്യുകയും ജൂൺ 16-ന് ശിക്ഷിക്കപ്പെടുന്നത് വരെ ജയിലിൽ കഴിയുകയും ചെയ്തു. ജൂൺ 20-ന് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തി. അവിടെ, ഇന്ത്യയുടെ ഫെഡറൽ ഭീകരവാദ വിരുദ്ധ ഏജൻസിയായ എൻഐഎ ഇയാൾക്കെതിരെ കള്ളനോട്ട് കടത്തിയതുമായി ബന്ധപ്പെട്ട് ഒരു കേസ് ഫയൽ ചെയ്തിരുന്നു. 2013-ൽ ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു ഇന്ത്യൻ അധികൃതരുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇന്ത്യയിലെ പ്രധാന കുറ്റാന്വേഷണ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മൊയ്തീനബ്ബയെ കണ്ടെത്തിയത്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *