Posted By Nazia Staff Editor Posted On

unemployment insurance:യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ 7 ഇരട്ടി തുക പിഴ

unemployment insurance:അബുദാബി ∙ തൊഴിൽ നഷ്ട ഇൻഷുറൻസ് യഥാസമയം പുതുക്കാത്തവർക്ക് പിഴ കൂടാതെ 2 വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കേണ്ടിവരും. പിഴ അടച്ചാൽ മാത്രമേ വീസയും ലേബർ കാർഡും പുതുക്കാനാകൂ. തൊഴിൽ നഷ്ട ഇൻഷൂറൻസ് നിർബന്ധമാക്കിയ ശേഷം ഏറ്റവും കൂടുതൽ പേർ പദ്ധതിയിൽ ചേർന്ന മാസമാണ് ജൂൺ എന്നതിനാലാണ് ഓർമപ്പെടുത്തൽ. 

2023ൽ നിർബന്ധമാക്കിയ തൊഴിൽ നഷ്ട ഇൻഷൂറൻസ് യഥാസമയം പുതുക്കാൻ മറന്ന മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പേർക്ക് കഴിഞ്ഞ വർഷം 400 ദിർഹം പിഴ ചുമത്തിയിരുന്നു. ഗ്രേസ് പിരീഡ് കഴിഞ്ഞിട്ടും പുതുക്കാത്തവർക്കാണ് പിഴ ലഭിച്ചത്. 

ഇൻഷൂറൻസിൽ ചേന്ന് 12 മാസം പൂർത്തിയാകുന്നതോടൊപ്പം തന്നെ പുതുക്കാൻ അപേക്ഷ നൽകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഓർമിപ്പിച്ചു. ഇതിനു സാധിക്കാത്തവർക്ക് ഒരു മാസത്തെ സാവകാശം ലഭിക്കും. ഈ കാലയളവിൽ പുതുക്കിയില്ലെങ്കിൽ പിഴ അടയ്ക്കണം.  പിഴ അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷൂറൻസ് പുതുക്കാനോ പുതിയത് എടുക്കാനോ അനുവദിക്കൂ. വ്യക്തിഗത ഇൻഷൂറൻസ് ആയതിനാൽ പിഴയും വ്യക്തി തന്നെ അടയ്ക്കണം. വർഷത്തിൽ 60 ദിർഹം ലാഭിക്കാൻ ഇൻഷൂറൻസ് എടുക്കാതിരുന്നവർക്കും പുതുക്കാൻ മറന്നവർക്കും 7 ഇരട്ടി തുകയാണ് പിഴയൊടുക്കേണ്ടിവരിക. 7 വർഷത്തെ പ്രീമിയം തുകയ്ക്ക് തുല്യമായ സംഖ്യയാണിത്.

ജോലി നഷ്ടപ്പെട്ടാൽ 3 മാസം പരിരക്ഷ തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷം തൊഴിൽ നഷ്ടപ്പെട്ടവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം 3 മാസത്തേക്കു നൽകുന്നതാണ് ഇൻഷൂറൻസ് പരിരക്ഷ. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന 18 വയസ്സിനു മുകളിലുള്ളവർക്ക് ഈ ഇൻഷൂറൻസ് നിർബന്ധമാണ്. സ്വന്തം കാരണത്താലല്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ടവർക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം രാജിവച്ചവർക്കും ആനുകൂല്യം കിട്ടില്ല. പുതുക്കാൻ ഇൻഷുറൻസ് കമ്പനി വെബ്സൈറ്റിൽ (https://www.iloe.ae/) പ്രവേശിച്ച് സബ്സ്ക്രൈബ്/റിന്യു എന്ന ഓപ്ഷനിൽ ക്ലിക് ചെയ്ത് പുതുക്കണം.  ഏതു മേഖലയിലാണോ ജോലി (സർക്കാർ, സ്വകാര്യ മേഖല, ഫ്രീസോൺ) എന്നു സെലക്ട് ചെയ്ത് കൺഫേം ചെയ്യണം. തുടർന്നു ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് എമിറേറ്റ്സ് ഐഡിയും മൊബൈൽ നമ്പറും ജനന തീയതിയും നൽകി പോളിസി പുതുക്കാം പ്രീമിയം തുകയും ഓൺലൈൻ വഴി അടയ്ക്കാം.ഫ്രീസോൺ ജീവനക്കാർ അദർ എന്ന മൂന്നാമത്തെ ഓപ്ഷനിൽ ക്ലിക് ചെയ്താണ് നടപടി പൂർത്തിയാക്കേണ്ടത്.വിവരങ്ങൾക്ക്: 600 599555

Comments (0)

Leave a Reply

Your email address will not be published. Required fields are marked *