Posted By greeshma venugopal Posted On

ജബൽ അലി റേസ്‌കോഴ്‌സ് ‘സിറ്റി’യാകും; താമസയിടങ്ങളും പൊതുപാർക്കും നിർമിക്കും

എമിറേറ്റിലെ ചരിത്രപ്രസിദ്ധമായ ജബൽഅലി റേസ്‌കോഴ്‌സ് പ്രദേശത്തെ താമസയിടങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ട് നഗരമാക്കി മാറ്റാനുള്ള നടപടികൾ തുടങ്ങി. നിരവധിതാമസയിടങ്ങളും പൊതുപാർക്കും ഉൾക്കൊള്ളുന്ന വിശാലമായ നഗരമാക്കി മാറ്റാനുള്ള രൂപരേഖ അവതരിപ്പിച്ചു. അഞ്ച് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വികസനം നടപ്പാക്കുക. കുതിരസവാരി വേദികൾ, സാംസ്കാരിക സ്ഥാപനങ്ങൾ, നടപ്പാതകൾ, സൈക്കിൾ പാതകൾ എന്നിവയെല്ലാം ഇവിടെ സ്ഥാപിക്കും. സെൽഫ് ഡ്രൈവിങ്‌ സർവീസും ഇവിടെയൊരുക്കും. താമസക്കാർക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗത്തിലെത്താനും സഹായിക്കുന്നവിധത്തിലാണ് നഗരം നിർമിക്കുക. 80 ശതമാനവും കാൽനടയായോ സൈക്കിളിലോ 20 മിനിറ്റിനകം നഗരത്തിലുള്ളിൽ എവിടെയ്ക്കും എത്താവുന്നവിധത്തിൽ ‘20 മിനിറ്റ് നഗരം’ എന്ന സങ്കൽപ്പത്തിലാണ് നിർമാണം.

ദ ഗ്രീൻസ്, എമിറേറ്റ്‌സ് ഹിൽസ്, എമിറേറ്റ്‌സ് ഗോൾഫ് ക്ലബ്ബ് എന്നിവയ്ക്ക് സമീപമായാണ് ജബൽ അലി റേസ്‌കോഴ്‌സുള്ളത്. ഇതുസംബന്ധിച്ച് യുഎഇയിലെ സ്വകാര്യ നിക്ഷേപ സ്ഥാപനമായ എആർഎം ഹോൾഡിംഗ്‌സും ആഗോള വാസ്തുവിദ്യാ ഡിസൈൻ കമ്പനിയായ ബ്ജാർക്ക് ഇംഗൽസ് ഗ്രൂപ്പും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു. ഭവനനിർമാണം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുടനീളം ഘട്ടംഘട്ടമായുള്ള വികസനം നടപ്പാക്കും. അടുത്തവർഷം ആദ്യം നിർമാണം ആരംഭിക്കും. താമസിക്കാനും ജോലി ചെയ്യാനും ബിസിനസ് ചെയ്യാനും ആകർഷകമായ സ്ഥലമെന്നനിലയിൽ ദുബായിയുടെ സ്ഥാനം ഉയർത്തുന്ന പ്രധാന വികസനപദ്ധതികളിലൊന്നാണ് ജബൽ അലി റേസ്‌കോഴ്‌സ് നവീകരണം. എല്ലാവർഷവും 70-ലേറെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നയിടമാണ് ജബൽ അലി റേസ്‌കോഴ്‌സ്. 10,000-ത്തിലേറെ കാണികളും എത്താറുണ്ട്.

2023-ൽ എക്സ്‌പോ 2020 ദുബായ്, കോപ് 28 കാലാവസ്ഥാ സമ്മേളനം എന്നിവയ്ക്ക് ആതിഥേയത്വം വഹിച്ച എക്സ്‌പോ സിറ്റി ദുബായ് മറ്റൊരു നഗരമാക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പാം ജുമൈരയേക്കാൾ ഇരട്ടി വലിപ്പമുള്ള പാം ജബൽ അലിയും പ്രഖ്യാപിച്ചിട്ടുണ്ട്.

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *