Posted By Nazia Staff Editor Posted On

Job vacancy in uae:ഉയർന്ന ശമ്പളവും തൊഴില്‍ സുരക്ഷയും; യുഎഇയിൽ ഈ മേഖലയിൽ വൻ അവസരം: ഈ വർഷം 600 ലധികം ഒഴിവുകൾ

Job vacancy in uae: ദുബായ് ∙ യുഎഇയുടെ വ്യോമഗതാഗത മേഖലയില്‍ വരും വർഷങ്ങളില്‍ നിരവധി ജോലി സാധ്യതകളുണ്ടാകുമെന്ന് വിലയിരുത്തല്‍. മേഖലയില്‍ ഈ വർഷം 600 ലധികം ജോലി ഒഴിവുകളുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകള്‍. അതേ സമയം തന്നെ ഓരോ വർഷവും കൂടുതല്‍ ജോലി അവസരങ്ങളുമുണ്ടാകും.

പ്രത്യേകിച്ച് പൈലറ്റുമാര്‍, എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍, വിമാന സംരക്ഷണ വിദഗ്ധര്‍, എയര്‍പോര്‍ട്ട് മാനേജ്മെന്റ് ജീവനക്കാര്‍, എയര്‍ലൈന്‍ എൻജിനീയര്‍മാര്‍, ഗ്രൗണ്ട് സ്റ്റാഫ്, കസ്റ്റമര്‍ സര്‍വീസ്, ലോജിസ്റ്റിക്‌സ്,  കാര്‍ഗോ ഹാന്‍ഡ്ലിങ് തുടങ്ങിയ മേഖലകളില്‍ വലിയ ആവശ്യകത ഉണ്ടാകും. യുഎഇയില്‍  സമീപകാലത്ത്,  പൈലറ്റുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും ആവശ്യകതയേറിയെന്ന് ഡല്‍കോ പീപ്പിള്‍ സിഇഒ ആന്റണി മാർക്കേ വിലയിരുത്തുന്നു.

ആവശ്യകത കൂടുമ്പോള്‍ സ്വഭാവികമായും നിലവില്‍ സേവനം അനുഷ്ഠിക്കുന്ന പൈലറ്റുമാർക്കും മറ്റ് സാങ്കേതിക വിദഗ്ധർക്കും കൂടുതല്‍ അവസരങ്ങള്‍ വരും. ഇതോടെ ഇവരുടെ  ശമ്പളത്തില്‍ എട്ട് ശതമാനത്തിന്റെ വർധനവുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ആവശ്യകത വർധിച്ചതോടെ പല വിമാനകമ്പനികളും പൈലറ്റുമാർക്കായി രാജ്യാന്തര റിക്രൂട്മെന്റ് ഡ്രൈവുകള്‍ നടത്തുകയാണ്. വിദേശ രാജ്യങ്ങളിലുളളവർക്കും മികച്ച തൊഴില്‍ അവസരങ്ങളാണ് യുഎഇ ആസ്ഥാനമായുളള വിമാനകമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നത്. 2032-ഓടെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകാനിരിക്കുകയാണ് ദുബായ് അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം. ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതി സ്വന്തമാക്കിയാകും വിമാനത്താവളം പ്രവർത്തനം ആരംഭിക്കുക. വിമാനത്താവളം പൂർണപ്രവർത്തന സജ്ജമാകുമ്പോള്‍ ഉപഭോക്തൃസേവന, കാർഗോ, സാങ്കേതിക മേഖലകൾ ഉൾപ്പെടെ വിവിധ മേഖലകളിലായി നിരവധി ജോലി അവസരങ്ങളുമുണ്ടാകും.

യുഎഇയുടെ ഗെയിം ചേഞ്ചറായി ദുബായ് അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം മാറുമെന്നതില്‍ സംശയമൊന്നുമില്ല. വർഷത്തില്‍ 260 ദശലക്ഷം യാത്രാക്കാർ അല്‍മക്തൂം വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുക്കത്തില്‍ നേരിട്ടും അല്ലാതെയും നിരവധി ജോലി അവസരങ്ങളുടെ വാതില്‍ കൂടിയാണ് അല്‍മക്തൂം വിമാനത്താവളം തുറക്കുന്നത്. വ്യോമയാന മേഖല കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ പുതിയ സാങ്കേതിക വിദ്യകള്‍ക്കൊപ്പം മനുഷ്യശേഷിയും ആവശ്യമായി വരും.  യുഎഇയുടെ വ്യോമഗതാഗത മേഖല കഴിഞ്ഞ വർഷങ്ങളില്‍ രേഖപ്പെടുത്തിയത് റെക്കോർഡ് വളർച്ചയാണ്. 2024 ല്‍ 92.3 ദശലക്ഷം പേരാണ് എമിറേറ്റ്സ് എയർലൈന്‍സിലൂടെ പറന്നതെന്ന് എയർലൈന്‍സ് അറിയിച്ചിരുന്നു. 2025 ല്‍ അവർ പ്രതീക്ഷിക്കുന്നത് 96 ദശലക്ഷം യാത്രക്കാരെയാണ്. ഈ എണ്ണത്തില്‍ കൂടുതല്‍ മാത്രമെ പ്രതീക്ഷിക്കേണ്ടതുളളൂ. മറ്റ് വിമാനകമ്പനികളുടെ കാര്യത്തിലും സമാനമാണ് കാര്യങ്ങള്‍. യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും 2024 വിമാനകമ്പനികളെ സംബന്ധിച്ച് ലാഭം നല്‍കിയ വർഷം തന്നെയായിരുന്നുവെന്നതാണ് കണക്കുകള്‍ പറയുന്നത്.

അബുദാബിയില്‍ സായിദ് രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിന് ശേഷം രാജ്യാന്തര തലത്തില്‍ 29 പുതിയ റൂട്ടുകള്‍ ആരംഭിച്ചു. യാത്രാക്കാരുടെ എണ്ണത്തില്‍ 28 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2023 ല്‍ 22.9 ദശലക്ഷം യാത്രാക്കാരാണ് അബുദാബി വിമാനത്താവളത്തിലൂടെ കടന്ന് പോയതെങ്കില്‍ 2024 ല്‍ ഇത് 29.4 ദശലക്ഷമായി ഉയർന്നു.   യുഎഇയിലെ വ്യോമ ഗതാഗത മേഖലയിലെ ഉണർവ് തൊഴില്‍ വിപണിയ്ക്ക് മാത്രമല്ല, സാമ്പത്തിക മേഖലയ്ക്കും വലിയ ഗുണമാകും. ഉയർന്ന ശമ്പളവും തൊഴില്‍ സുരക്ഷയും ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് മുന്നില്‍ നിരവധി ജോലി സാധ്യതകള്‍ കൂടിയാണ് യുഎഇയിലെ വ്യോമയാനമേഖല തുറന്നിടുന്നത്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *