
Iran-israel war:അമേരിക്കയെ തിരിച്ചടിക്കാൻ ഇറാൻ;ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനും യുഎസ് കപ്പലുകള്‍ ആക്രമിക്കാനും നിര്‍ദേശം
Iran-israel war:ടെഹ്‌റാന്‍: അമേരിക്കയെ തിരിച്ചടിക്കാൻ തയ്യാറായി ഇറാൻ. യുഎസിന് തക്കതായ മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ്. ഇതിനു മുന്നോടിയായി കടലിലൂടെ പോകുന്ന യുഎസ് മിസൈൽ അന്തർവാഹിനികൾ ആക്രമിക്കാൻ പദ്ധതി. ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ പ്രത്യാക്രമണത്തിന് നീക്കം തുടങ്ങി. യുഎസിന്റെ നാവികസേനാ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഒരു പ്രധാന ഉപദേഷ്ടവ് ആഹ്വാനം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തോട് പരമോന്നത നേതാവ് ഖമീനിയില്‍ നിന്നോ ഇറാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം ആക്രമണം ഇറാന്റെ ആണവോര്‍ജ ഏജന്‍സി പ്രതികരണം നടത്തിയിട്ടുണ്ട്.
യുഎസിന്റെ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും പ്രത്യേകിച്ച് ആണവ നിര്‍വ്യാപന കരാറിന് (എന്‍.പി.ടി.) വിരുദ്ധമായ ഒരു ക്രൂരമായ പ്രവൃത്തിയാണെന്ന് അവരുടെപ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സഹകരണത്തോടെയാണ് ഈ നിയമവിരുദ്ധമായ നടപടിയുണ്ടായിട്ടുള്ളതെന്നും ഇറാനിയന്‍ ആണവോര്‍ജ്ജ സംഘടന ആരോപിച്ചു.
ബി-2 ബോംബറുകള്‍ അടക്കം ഉപയോഗിച്ചാണ് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയത്. ട്രംപ് രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിക്കുകയും ഇറാനുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തി വരികയും ചെയ്യുന്നതിനിടെ അപ്രതീക്ഷിത ആക്രമണമാണ് യുഎസ് നടത്തിയത്. ഫോര്‍ദൊ ആണവ കേന്ദ്രത്തില്‍ ഒരു ഡസന്‍ ‘ബങ്കര്‍ ബസ്റ്റര്‍’ ബോംബുകള്‍ വര്‍ഷിക്കാന്‍ യുഎസ് ആറ് ബി-2 ബോംബറുകള്‍ ഉപയോഗിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അമേരിക്കയ്‌ക്കെതിരെ ഇറാന്‍ നടത്തുന്ന ഏതൊരു പ്രതികാര നടപടിയും ഇന്ന് സാക്ഷ്യപ്പെടുത്തിയതിനേക്കാള്‍ വലിയ ശക്തിയോടെ നേരിടേണ്ടിവരുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ആക്രമണത്തില്‍ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് മനാന്‍ റഈസി പറഞ്ഞു. അപകടകരമായ വസ്തുക്കള്‍ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നതിനാല്‍ ആക്രമണത്തിന് ശേഷം ആണവ വികിരണം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ക്ക് റഈസി ഉറപ്പുനല്‍കി. ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച യുഎസ് പ്രസിഡന്റിന്റെ മണ്ടന്‍ പ്രവൃത്തിക്ക് ഇനി ഇറാനാണ് എങ്ങനെ പ്രതികരിക്കാനുള്ള ഊഴമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)