
ദുബായിൽ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ കർശന നടപടി: സുരക്ഷാ ലക്ഷ്യമിട്ട് അധികൃതർ
ദുബായിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. കെട്ടിട സുരക്ഷ ഉറപ്പാക്കുന്നതിനും താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. നിയമവിരുദ്ധമായ ഇത്തരം പാർട്ടീഷനുകൾ കെട്ടിടത്തിന്റെ ഘടനാപരമായ സുരക്ഷയെ ബാധിക്കുമെന്നും അമിത താമസക്കാർ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭീഷണിയാകുമെന്നും അധികൃതർ വ്യക്തമാക്കി,
അനുമതിയില്ലാതെ കൂടുതൽ മുറികളാക്കി വാടകയ്ക്ക് നൽകുന്നത് വർധിച്ച സാഹചര്യത്തിലാണ് ഈ നടപടികൾ ശക്തമാക്കുന്നത്. കൂടാതെ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും ലംഘനങ്ങൾ തുടർന്നതിനെത്തുടർന്നാണ് ഇപ്പോൾ കർശന നടപടികളിലേക്ക് കടക്കുന്നത്. യുഎഇയിലെ കുറഞ്ഞ വരുമാനക്കാരാണ് ഇത്തരം മുറികളിൽ താമസിക്കുന്നത് എന്നാൽ നടപടി ശക്തമാകുന്നതോടെ ആശങ്കയിലാണ് ഇവർ.
ഇത്തരം മുറി പാർട്ടീഷനുകൾ അപകടകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവ നീക്കം ചെയ്യാനാണ് നിലവിലെ ദുബായ് മുനിസിപ്പാലിറ്റി യുടെ ലക്ഷ്യം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ട്. കൂടാതെ ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവയുടെ സഹകരണത്തോടെ എമിറേറ്റിലുടനീളം ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
നടപടികൾക്ക് മുന്നോടിയായി കെട്ടിട ഉടമകൾക്ക് വിപുലമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഔദ്യോഗിക കത്തുകൾ വഴിയാണ് അറിയിപ്പുകൾ നൽകിയത്. റെസിഡൻഷ്യൽ യൂണിറ്റുകൾക്കുള്ളിൽ നിയമവിരുദ്ധമായ ഘടനാപരമായ മാറ്റങ്ങളോ പാർട്ടീഷനുകളോ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പുകളിൽ വിശദീകരിച്ചിട്ടുണ്ട്.
Comments (0)