
യുഎഇയിലെ താമസക്കാർക്ക് വലിയ ആശ്വാസം; വാടക അപേക്ഷകൾ ഇനി ഓൺലൈനിലൂടെ നൽകാം
യുഎഇയിലെ താമസക്കാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, വാടക നടപടികൾ ലളിതമാക്കാനും ജുഡീഷ്യൽ ഫീസ് പരിഷ്കരിക്കാനും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്.
കൂടാതെ ഷാർജ സിറ്റിയിലെ വാടക സമ്പ്രദായം ഇപ്പോൾ വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ പൂർണ്ണമായും ലഭ്യമാണ്. ഇത് വാടക അപേക്ഷാ നടപടികൾ ലളിതമാക്കുകയും താമസക്കാർക്ക് കൂടുതൽ സൗകര്യവും ഉറപ്പാക്കുന്നു. പൊതു സേവനങ്ങളിൽ ഡിജിറ്റൽവൽക്കരണം വ്യാപിപ്പിക്കാനുള്ള ഷാർജ സർക്കാരിന്റെ വലിയൊരു ചുവടുവെപ്പാണിത്. വാടക അപേക്ഷകളും അത് സംബന്ധിച്ച നടപടിക്രമങ്ങളും പൂർണ്ണമായും ഓൺലൈനായി ചെയ്യുന്നതിലൂടെ താമസക്കാർക്ക് സമയവും അധ്വാനവും ലാഭിക്കാൻ സാധിക്കും.
ഓഫീസുകളിൽ നേരിട്ട് പോയി മണിക്കൂറുകളോളം ക്യൂ നിൽക്കുന്നത് ഒഴിവാക്കാനുമാകും. എല്ലാ രേഖകളും ഓൺലൈനായി സമർപ്പിക്കാനും നടപടികൾക്ക് ശേഷമുള്ള അപ്ഡേറ്റുകൾ ട്രാക്ക് ചെയ്യാനും സാധിക്കുന്നത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. കൂടാതെ വർധിച്ചുവരുന്ന ജനസംഖ്യക്ക് മികച്ചതും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കുകയാണ് ഈ നീക്കങ്ങളിലൂടെ ഷാർജ ലക്ഷ്യമിടുന്നതെന്നാണ് വിവരം.
ഷാർജയിലെ ജുഡീഷ്യൽ ഫീസുകൾ സംബന്ധിച്ച നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ചും കൗൺസിൽ ചർച്ച ചെയ്തിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് അംഗീകാരത്തിനായി സമർപ്പിക്കാനും തീരുമാനിച്ചു.
ഇത് നിയമപരമായി പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാർക്ക് കൂടുതൽ പ്രയോജനകരമാകും. നിയമപരമായ കാര്യങ്ങൾക്കോ തർക്കങ്ങൾക്കോ കോടതിയെ സമീപിക്കുമ്പോൾ വലിയ തുക ഫീസായി നൽകേണ്ടി വരുന്നത് പലർക്കും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. അതിനാൽ ഈ ഫീസുകൾ കുറയ്ക്കുന്നത് ജനങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യും.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va8H6PULdQefnzlFSh0v
Comments (0)