
Expat dead:ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
Expat dead:ഷാര്‍ജ: ഷാര്‍ജയില്‍ വാണിജ്യ കപ്പലായ jana 505ല്‍ 33 വയസ്സുള്ള ഇന്ത്യന്‍ മറൈന്‍ എന്‍ജിനീയര്‍ അനുരാഗ് തിവാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ലഖ്‌നൗ സ്വദേശിയായ അനുരാഗിന്റെ മരണത്തിന്റെ സാഹചര്യങ്ങള്‍ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
2025 ജൂണ്‍ 28ന് വൈകിട്ട് നടത്തിയ വീഡിയോ കോളില്‍, ‘പപ്പാ, ഞാന്‍ ഇപ്പോള്‍ കപ്പലിലാണ്,’ എന്നാണ് അനുരാഗ് പിതാവ് അനില്‍ തിവാരിയോട് പറഞ്ഞത്. പിറ്റേന്ന് രാവിലെ, ദുബൈയില്‍നിന്ന് ഷാര്‍ജയിലേക്ക് പുതിയ ദൗത്യം ആരംഭിക്കാന്‍ അനുരാഗ് പുറപ്പെട്ടു. എന്നാല്‍, ആ ദിവസം അവസാനിക്കുംമുമ്പ്, അനുരാഗ് മരിച്ചുവെന്ന വാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്.

അവസാന സന്ദേശവും മറുപടിയില്ലാത്ത കോളുകളും
ജൂണ്‍ 29ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4 മണിക്ക് (യുഎഇ സമയം പുലര്‍ച്ചെ 2:30) അനുരാഗിന് ‘ആശംസകള്‍’ എന്ന സന്ദേശം അയച്ചതായി അനില്‍ തിവാരി ഖലീജ് ടൈംസിനോട് പറഞ്ഞു. ‘അവന്‍ ഉടന്‍ മറുപടി അയച്ചു, അതിനാല്‍ അവന്‍ ഉണര്‍ന്നിരിക്കുകയാണെന്നും യാത്രയ്ക്ക് തയ്യാറെടുക്കുകയാണെന്നും ഞാന്‍ കരുതി. അതിനാല്‍ ഞാന്‍ അപ്പോള്‍ വിളിച്ചില്ല,’ അനില്‍ വിവരിച്ചു. എന്നാല്‍, രാവിലെ 7 മണിക്ക് വിളിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല.
‘അവന്‍ തിരക്കിലാണെന്ന് കരുതി. പിന്നീട്, എന്റെ സന്ദേശങ്ങള്‍ക്ക് പോലും മറുപടി ലഭിക്കാതെ വന്നപ്പോള്‍, നെറ്റ്‌വര്‍ക്ക് പ്രശ്‌നമാണെന്ന് വിചാരിച്ചു,’ അനില്‍ പറഞ്ഞു. രാത്രി 9:38ന്, അനുരാഗിന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള കോള്‍ കുടുംബത്തിന് ലഭിച്ചു.
ഔദ്യോഗിക വിശദീകരണം: ഹീറ്റ് സ്‌ട്രോക്ക്?
മുംബൈ ആസ്ഥാനമായുള്ള പ്ലേസ്‌മെന്റ് ഏജന്‍സിയായ അവിഷ്‌ക ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇമെയില്‍ പ്രകാരം, കപ്പലിന്റെ എന്‍ജിന്‍ മുറിയില്‍ അനുരാഗിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അറിയിച്ചത്. ക്രൂ അംഗങ്ങള്‍ സിപിആര്‍ നല്‍കി, അദ്ദേഹത്തെ തുറമുഖത്തേക്ക് കൊണ്ടുപോയെങ്കിലും, ഇസിജി സമയത്ത് പള്‍സ് ഇല്ലെന്ന് അടിയന്തര വൈദ്യസംഘം കണ്ടെത്തി. പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്, ഹീറ്റ് സ്‌ട്രോക്ക് മൂലമുണ്ടായ മള്‍ട്ടിഓര്‍ഗന്‍ പരാജയമാണ് മരണകാരണമെന്നാണ് സൂചിപ്പിക്കുന്നത്.
എന്നാല്‍, ഈ വിശദീകരണം തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. ‘ഞങ്ങള്‍ ഈ റിപ്പോര്‍ട്ട് വിശ്വസിക്കുന്നില്ല. അനുരാഗിന്റെ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ സ്വതന്ത്ര അന്വേഷണം വേണം,’ അനില്‍ തിവാരി ആവശ്യപ്പെട്ടു.
സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചോ?
അനുരാഗിനെ എന്‍ജിന്‍ റൂമിലേക്ക് ഒറ്റയ്ക്ക് അയച്ചതിനെ അനില്‍ ചോദ്യം ചെയ്തു. ‘എന്‍ജിന്‍ റൂമിലേക്ക് ആരും ഒറ്റയ്ക്ക് പോകാറില്ലെന്ന് അനുരാഗ് ഞങ്ങളോട് പറഞ്ഞിരുന്നു. ജോലി ടീമായി ചെയ്യേണ്ടതാണ്. പിന്നെ എന്തിനാണ് അവനെ ഒറ്റയ്ക്ക് അയച്ചത്?’ അദ്ദേഹം ചോദിച്ചു.
കപ്പലില്‍ വിഷവാതക സാന്നിധ്യം തടയാന്‍ വേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (എസ്ഒപി) പാലിക്കപ്പെട്ടില്ലെന്നും കുടുംബം സംശയിക്കുന്നു. ‘എന്‍ജിന്‍ റൂം വായുസഞ്ചാരമുള്ളതാക്കുന്നതിന് മുമ്പ് ആരും അവിടേക്ക് പോകരുതെന്നാണ് നിയമം. അത് പാലിച്ചോ?’ അനില്‍ ചോദിച്ചു.
സംഭവത്തിന്റെ കൃത്യമായ സമയക്രമം വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അനുരാഗിനെ എപ്പോള്‍ എന്‍ജിന്‍ റൂമിലേക്ക് അയച്ചു, ആരാണ് അവനെ കണ്ടെത്തിയത്, എന്ത് അടിയന്തര വൈദ്യസഹായം നല്‍കി എന്നിവയെക്കുറിച്ച് വിവരമില്ല. ഒന്നും ഞങ്ങളോട് പങ്കുവച്ചിട്ടില്ല,’ അനില്‍ പറഞ്ഞു.
സിനര്‍ജി ഷിപ്പ് അറേബ്യയുടെ തേര്‍ഡ് എന്‍ജിനീയറായി ജോലി ചെയ്തിരുന്ന അനുരാഗ്, 2025 ജൂണ്‍ 19നാണ് ദുബൈയില്‍ ക്രൂവില്‍ ചേര്‍ന്നത്. സഊദി ഉടമസ്ഥതയിലുള്ള ജാക്ക്അപ്പ് കപ്പലായ jana 505ന്റെ കമ്മീഷനിംഗിന് മേല്‍നോട്ടം വഹിക്കുകയായിരുന്നു അദ്ദേഹം.
എഎസ്പിഎലിന്റെ ജനറല്‍ മാനേജര്‍ അയച്ച കത്തില്‍, ഓഫ്‌ലോഡിംഗ് പ്രവര്‍ത്തനത്തിനിടെ അനുരാഗ് കുഴഞ്ഞുവീണ് എന്‍ജിന്‍ റൂമില്‍ കണ്ടെത്തിയതായി പറയുന്നു. എന്നാല്‍, ആദ്യം അനുരാഗ് ഡെക്കില്‍ ബോധംകെട്ട് വീണതായാണ് പറഞ്ഞതെന്ന് അനില്‍ വെളിപ്പെടുത്തി. ‘ഡെക്കും എന്‍ജിന്‍ റൂമും വ്യത്യസ്ത സ്ഥലങ്ങളാണ്. ഈ വൈരുദ്ധ്യം ഗുരുതരമാണ്,’ അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെ ദുഃഖവും ആവശ്യവും
അനുരാഗിന്റെ മൃതദേഹം 2025 ജൂലൈ 5ന് ലഖ്‌നൗവിലെത്തിച്ച് അന്ന് വൈകിട്ട് സംസ്‌കരിച്ചു. ‘എന്റെ ഭാര്യയും മരുമകളും ബോധംകെട്ട് വീണു. അവരെ ആശ്വസിപ്പിക്കാന്‍ എനിക്കാകുന്നില്ല. അനുരാഗിന്റെ മൂന്ന് വയസ്സുള്ള മകന്‍ പിതാവിനെക്കുറിച്ച് ചോദിച്ചുകൊണ്ടിരിക്കുന്നു,’ അനില്‍ വേദനയോടെ പറഞ്ഞു.
അനുരാഗ് അടുത്തിടെ ഒരു കാര്‍ വാങ്ങിയിരുന്നു. ഈ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം യുകെയില്‍ ഷിപ്പിംഗില്‍ അക്കാദമിക് കോഴ്‌സ് പഠിക്കാന്‍ പദ്ധതിയിട്ടിരുന്നു. ‘അവന് സ്വപ്നങ്ങളുണ്ടായിരുന്നു. കുടുംബത്തിനായി കഠിനാധ്വാനം ചെയ്തിരുന്നു. ഹൃദയവേദനയും ചോദ്യങ്ങളും മാത്രമാണ് ബാക്കിയുള്ളത്,’ അനില്‍ പറഞ്ഞു.
വിഷവാതക ശ്വസനം ഉള്‍പ്പെടെ മരണകാരണം സ്ഥിരീകരിക്കാന്‍ അനുരാഗിന്റെ രക്തസാമ്പിളുകള്‍ പരിശോധിക്കണമെന്ന് കുടുംബം യുഎഇ അധികൃതരോട് ആവശ്യപ്പെട്ടു. ‘എന്താണ് സംഭവിച്ചതെന്നും ആര്‍ക്കാണ് ഉത്തരവാദിത്തമെന്നും കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണം. ഒരു ജീവന്‍ നഷ്ടപ്പെട്ടു, 30 വയസ്സുള്ള ഭാര്യ, മൂന്ന് വയസ്സുള്ള കുട്ടി, പ്രായമായ മാതാപിതാക്കള്‍ എന്നിവര്‍ തകര്‍ന്നിരിക്കുന്നു,’ അനില്‍ ആവശ്യപ്പെട്ടു.
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)