
Gold price in dubai: ദുബായിൽ സ്വർണ വിലയിൽ രണ്ടാമത്ത വലിയ ഇടിവ് ,സ്വർണം എവിടെ നിന്ന് വാങ്ങാം?
Gold price in dubai: അബുദാബി: സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം ഉയർന്ന സ്വർണ വില ഇന്നലെ വീണ്ടും താഴ്ന്നു. ഇതോടെ ദുബായിലെ കഴിഞ്ഞ 30 ദിവസത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും ഇടിവാണ് വിലയിൽ ഇന്ന് രേഖപ്പെടുത്തിയത്. എന്നാൽ ഇനിയും വില കുറയുമോ എന്നാണ് ആഭരണപ്രേമികൾക്ക് അറിയേണ്ടത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കുമതി തീരുവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളാണ് ആഗോള സ്വർണ വിപണിയെ സ്വാധീനിക്കുന്നത്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചെമ്പിന് തീരുവ ഉയർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. 50 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മരുന്നിന് 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും പറയുന്നു.
ജപ്പാൻ , ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള 14 ഓളം രാജ്യങ്ങൾക്ക് ട്രംപ് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്. ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ 70 ശതമാനം വരെ തീരുവ ഉയർത്തുമെന്നാണ് വെല്ലുവിളി. ആഗസ്റ്റ് 1 മുതൽ പുതിയ ചുങ്കം നിലവിൽ വരുമെന്നും പറയുന്നു. ഇന്ത്യയുമായി യുഎസ് വ്യാപാര ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കരാർ ഉണ്ടാക്കിയില്ലെങ്കിലും ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ ഭീഷണി ഉയർത്തിയിട്ടും എന്തുകൊണ്ടാണ് സ്വർണ വില ഉയരാത്തതെന്ന് ചോദിച്ചാൽ മുൻ നിലപാട് പോലെ കടുംപിടിത്തതിലേക്ക് ട്രംപ് കടക്കില്ലെന്നാണ് നിക്ഷേപകർ വിലയിരുത്തുന്നത്. ഇറക്കുമതി തീരുവ യുഎസിനേയും ദോഷകരമായി ബാധിക്കുമെന്നതിനാൽ തീരുമാനത്തിൽ നിന്നും ട്രംപ് പിന്നാക്കം പോയേക്കുമെന്ന് നിക്ഷേപകർ വിലയിരുത്തുന്നുണ്ട്. ഇതാണ് സ്വർണത്തിന് ഇപ്പോൾ തിരിച്ചടിയായത്. ഇതോട ആഗോള വിപണിയിൽ സ്വർണ വില ഇന്ന് 32 ഡോളർ ഇടിഞ്ഞ് 3,300 ൽ എത്തി.
രാജ്യാന്തര വിപണയിലെ ഇടിവാണ് ഇന്ന് ദുബായ് വിപണിയിലും പ്രതിഫലിച്ചത്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 366.75 ദിർഹമാണ്. കഴിഞ്ഞ ദിവസം വില 370 ദിർഹമായിരുന്നു. 24 കാരറ്റ് സ്വർണത്തിന് ഇന്ന് വില 396 ദിർഹമാണ്. 21 കാരറ്റിന് 351.50 ദിർഹവും 18 കാരറ്റിന് 301.25 ദിർഹവും.
സ്വർണ വില കുതിച്ചുയർന്നതോടെ രാജ്യത്ത് സ്വർണത്തിന്റെ ആവശ്യകതയിൽ വലിയ ഇടിവാണ് സംഭവിച്ചത്. ആഭരണങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. നേരത്തേ 22 കാരറ്റ് ഗ്രാമിന് 365 ദിർഹം ആയി വില വീണപ്പോഴാണ് വിപണിയിൽ ഉണർവ് പ്രകടമായത്. അതുകൊണ്ട് തന്നെ ഇന്നത്തെ 366 ദിർഹം എന്ന കണക്ക് ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്നതാണെന്ന് വ്യാപാരികൾ പറയുന്നത്. വില ഇതേ നിലക്ക് കുറയുകയാണെങ്കിൽ ആളുകളെ കൂടുതലായി ആകർഷിക്കാൻ കൂടുതൽ ഓഫറുകൾ ജ്വല്ലറികൾ അവതരിപ്പിച്ചേക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
എവിടെ നിന്ന് സ്വർണം വാങ്ങണം?
ദുബായിൽ സ്വർണം എവിടെ നിന്നാണ് വാങ്ങേണ്ടത് ആദ്യ ഉത്തരം ഗോൾഡ് സൂക്ക് എന്ന് തന്നെ .ഇത് കൂടാതെ കറാമയിലെ കറാമ സെന്റർ, ബർ ദുബായ് എന്നിവിടങ്ങളും സ്വർണം വാങ്ങാൻ മികച്ച ഇടങ്ങളാണ്. ധാരാളം ഷോപ്പുകൾ ഉള്ളത് കൊണ്ട് തന്നെ പണിക്കൂലി കുറവുള്ള ,കൂടുതൽ ഓഫറുകൾ ഉള്ള കടകൾ നോക്കി സ്വർണം സ്വന്തമാക്കാം. മെട്രോ സൗകര്യം ഉള്ളതിനാൽ ബർ ദുബായിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. മറ്റൊരു ഓപ്ഷൻ ഷെയ്ഖ് സായിദ് റോഡിലെ ഗോൾഡ് & ഡയമണ്ട് പാർക്കാണ്. സ്വർണാഭരണങ്ങളും വെള്ളി, പ്ലാറ്റിനം, രത്നക്കല്ലുകൾ, വജ്രങ്ങൾ എന്നിവ വിൽക്കുന്ന 90-ലധികം കടകൾ ഇവിടെയുണ്ട്.
Comments (0)