Posted By Nazia Staff Editor Posted On

Uae weather alert:യുഎഇയിൽ താപനില ഉയരുന്നു; മഴയ്ക്ക് സാധ്യത; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ

Uae weather alert; യുഎഇ: യുഎഇയിൽ കഠിനമായ വേനൽക്കാലം തുടരുന്നു. ചൊവ്വാഴ്ച രാജ്യത്തെ പല പ്രദേശങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത ചൂടിനൊപ്പം മൂടൽമഞ്ഞും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ടെന്നും ഇത് കാഴ്ചാപരിധി കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു.

യുഎഇയുടെ ഉൾപ്രദേശങ്ങളിലാണ് താപനില ഏറ്റവും കൂടുതൽ ഉയരാൻ സാധ്യത. അബുദാബിയിലെ മരുഭൂമി പ്രദേശങ്ങളിൽ 49°C വരെ ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. ദുബായിൽ പകൽ സമയങ്ങളിൽ 43°C വരെയും അബുദാബി നഗരത്തിൽ 45°C വരെയും താപനില ഉയരുമെന്നാണ് അറിയിപ്പ്.

കൂടാതെ തീരപ്രദേശങ്ങളിലും 40°Cന് മുകളിൽ ചൂട് അനുഭവപ്പെടുമെന്നും വ്യക്തമാക്കി. ഈ ദിവസങ്ങളിൽ ഉയർന്ന താപനിലയോടൊപ്പം ഈർപ്പവും ഉയരുന്നതിനാൽ യഥാർത്ഥ താപനിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും അറിയിച്ചു. ഇത് പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകാം. പ്രത്യേകിച്ച് മുതിർന്നവർ കുട്ടികൾ ഗർഭിണികൾ എന്നിവർക്ക്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയിൽ ചിലയിടങ്ങളിൽ മഴ ലഭിച്ചിട്ടുണ്ടെങ്കിലും ഇത് ചൂടിന് കാര്യമായ ആശ്വാസം നൽകിയിട്ടില്ല. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ അധികൃതർ പ്രവചിച്ചു. എന്നിരുന്നാലും ഉഷ്ണവും, ഈർപ്പവും, പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും വരും ദിവസങ്ങളിൽ അനുഭവപ്പെടുക.

ചൂടുള്ള കാലാവസ്ഥയിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് നേരത്തെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പുകൾ നൽകിയിരുന്നു. ക്ഷീണം, തലകറക്കം, ഓക്കാനം, പേശിവലിവ് തുടങ്ങിയ സൂര്യാഘാതത്തിൻ്റെ ലക്ഷണങ്ങളെക്കുറിച്ച് അവബോധം നൽകുകയും അത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടാനും നിർദേശിച്ചു.

മൂടൽമഞ്ഞും പൊടിപടലങ്ങളും കാരണം വാഹനമോടിക്കുന്നവർ കാഴ്ചാപരിധി കുറയുമ്പോൾ വേഗത കുറയ്ക്കാനും സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും അറിയിച്ചു. കൂടാതെ മുന്നറിയിപ്പ് ലൈറ്റുകൾ ഉപയോഗിക്കുന്നതിൻ്റെ പ്രാധാന്യവും അനാവശ്യമായി ഉപയോഗിക്കരുത് തുടങ്ങിയ കാര്യങ്ങളും നിർദേശത്തിൽ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *