Posted By Nazia Staff Editor Posted On

Police arrest;മൂന്ന് കോടിയുടെ ജ്വല്ലറി കവർച്ചയിൽ പൊലീസിനെ സഹായിച്ചത് 30 രൂപയുടെ പാവ് ഭാജി

Police arrest; ബെംഗുളുരു: കർണാടകയിലെ കലബുറഗി നഗരത്തിൽ ഈമാസം 11 നായിരുന്നു മൂന്ന് കോടി രൂപയുടെ വന്‍ ജ്വല്ലറി കവർച്ച നടന്നത്. മുഖംമൂടി ധരിച്ച നാല് പേർ മാർത്തുല മാലിക്ക് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണാഭരണശാല കൊള്ളയടിക്കുകയായിരുന്നു. ലോക്കർ തുറക്കാൻ പോകുകയായിരുന്ന ഉടമസ്ഥനെ കൈയും കാലും കെട്ടിയിട്ട് മൂന്ന് കിലോ സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതികളെല്ലാം പൊലീസ് പിടികൂടുകയും ചെയ്തു. അന്വേഷണത്തിൽ പൊലീസിനെ സഹായിച്ചതാകട്ടെ, 30 രൂപയുടെ ഒരു പാവ് ഭാജിയും…

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…

ജൂലൈ 11 ന് തോക്കുമായി എത്തിയ പ്രതികൾ നഗരഹൃദയത്തിലെ കട ആക്രമിച്ച് സ്വർണ്ണവും പണവും മോഷ്ടിച്ചുവെന്നാണ് പരാതി.ഇവരെ പിടികൂടാൻ പൊലീസ് അഞ്ച് ടീമുകളെ രൂപീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ജ്വല്ലറി പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് അന്വേഷണത്തിൽ നിർണായകമായ തെളിവ് പൊലീസിന് ലഭിച്ചത്.

കവർച്ചയ്ക്ക് മുമ്പ്, പ്രതികൾ സ്ഥലത്തെത്തി അവസാന നിമിഷത്തെ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ഫാറൂഖ് എന്നയാളും കൂടെയുണ്ടായിരുന്നു. മറ്റുള്ളവർ ജ്വല്ലറിയിലേക്ക് പോയ ശേഷം ഫാറൂഖ് തൊട്ടടുത്ത കടയിൽ നിന്ന് 30 രൂപയുടെ പാവ് ഭാജി വാങ്ങി. ഫോൺ പേ വഴിയാണ് പണം കടക്കാരന് നൽകിയത്. പാവ് ഭാജി കഴിച്ച് കവർച്ചയുടെ കാര്യങ്ങൾ ഇയാൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രതികൾ കവർച്ചക്ക് ശേഷം തിരിച്ചെത്തി ഫാറൂഖിനൊപ്പം സ്ഥലം വിട്ടു. പൊലീസെത്തി പണമയച്ച ഫോൺനമ്പർ പരിശോധിക്കുകയും ഇത് ഫാറൂഖിന്റേതാണെന്ന് കണ്ടെത്തുകയും ചെയ്തു.കേസിൽ നിർണായകമായ തെളിവായിരുന്നു ഇതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. കവർച്ചക്ക് ശേഷം പ്രതികൾ ഫോണുകൾ ഉപേക്ഷിച്ചിരുന്നു.എന്നാൽ അന്വേഷണ സംഘങ്ങൾ അപ്പോഴേക്കും പ്രതികളുടെ ജന്മനാട്ടിലെത്തി അവർക്ക് വേണ്ടി വലവിരിച്ചിരുന്നു.

പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ ഉരുക്കി അതിൽ നിന്ന് കുറച്ച് വിൽക്കുകയും ചെയ്തതിന് ശേഷം വീട്ടിലേക്ക് മടങ്ങി.എന്നാൽ പൊലീസ് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അയോധ്യ പ്രസാദ് ചൗഹാൻ (48), ഫാറൂഖ് അഹമ്മദ് മാലിക് (40), സൊഹൈൽ ഷെയ്ഖ് എന്ന ബാദ്ഷാ (30) എന്നിവരാണ് അറസ്റ്റിലായത്. ‘കേസിൽ അർബാസ്, സാജിദ് എന്നീ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറയുന്നു.

അറസ്റ്റിലായ പ്രതികളിൽ നിന്ന് 2.15 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. കവർച്ചയുടെ മുഖ്യസൂത്രധാരനായ ഫാറൂഖ് പശ്ചിമ ബംഗാൾ സ്വദേശിയാണ്.ഇയാൾ കലബുറഗിയിലെ ഒരു സ്വർണ്ണ വ്യാപാരിയായിരുന്നു. ഇയാൾക്ക് കച്ചവടത്തിൽ വലിയ നാശനഷ്ടം സംഭവിച്ചെന്നും 40 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നതായും പൊലീസ് കമ്മീഷണർ എസ് ഡി ശരണപ്പ പറഞ്ഞു.

പ്രതികളിൽ നിന്ന് 2.865 കിലോഗ്രാം സ്വർണ്ണവും 4.80 ലക്ഷം രൂപയും പിടിച്ചെടുക്കാനുണ്ടെന്നും കമ്മീഷണർ പറഞ്ഞു. 805 ഗ്രാം സ്വർണ്ണം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് കടയുടമ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ മൂന്ന് കിലോ സ്വർണം മോഷ്ടിക്കപ്പെട്ടതായി ജ്വല്ലറി ഉടമയായ മാർത്തുല മാലിക് പിന്നീട് സമ്മതിച്ചു. ബാക്കിയുള്ളത് രേഖകളില്ലാത്ത സ്വർണമായിരുന്നെന്നും ഇയാൾ പറഞ്ഞു.ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *