Posted By greeshma venugopal Posted On

അമ്മ മരിച്ചതിനെ തുടർന്ന് നാടണയാൻ എത്തിയവരും അസുഖ ബാധിതനായ പിതാവിന്റെ അരികിലെത്താൻ എത്തിയവരും… ഒന്നും മിണ്ടാതെ എയർ ഇന്ത്യ വിമാനം വീണ്ടും റദ്ദാക്കി

എയർഇന്ത്യ എക്സ്​പ്രസിന്‍റെ വിമാനം റദ്ദാക്കലും വൈകലും തുടര്‍ക്കഥയാകുന്നു. അബുദാബിയിൽനിന്ന്​ തിരുവനന്തപുരത്തേക്ക്​ പോകേണ്ട വിമാനം വെള്ളിയാഴ്ച വൈകിയിരുന്നു. പിന്നാലെ ശനിയാഴ്ച രാവിലെ ഒന്‍പത് മണിയ്ക്ക്​ ദുബായിൽ നിന്ന്​ കോഴി​ക്കോട്ടേക്ക്​ പോകേണ്ട ഐ.എക്സ്​ 346 വിമാനം റദ്ദാക്കുകയും ചെയ്തു. കൗണ്ടറില്‍ വെച്ചാണ് വെള്ളിയാഴ്ച രാത്രി ബുക്കിങ്​ കൺഫർമേഷൻ ലഭിച്ചതിനെ തുടർന്ന്​ രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ പലരും റദ്ദാക്കിയ വിവരം അറിഞ്ഞത്. ​ എയർഇന്ത്യ എക്സ്​പ്രസ്​ അധികൃതരോട്​ വിവരം അന്വേഷിച്ചപ്പോൾ മെസേജ്​ അയച്ചിരുന്നെന്ന മറുപടിയാണ്​ ലഭിച്ചതെന്ന്​ വിമാനത്താവളത്തിൽ എത്തിയശേഷം മടങ്ങേണ്ടിവന്ന തിരൂർ സ്വദേശിയായ യാത്രക്കാരൻ​ പറഞ്ഞു. മാതാവിന്‍റെ മരണത്തെ തുടർന്ന്​ നാട്ടിലേക്ക്​ പോകാനെത്തിയ യാത്രക്കാരനും പിതാവിന്‍റെ അസുഖത്തെ തുടർന്ന്​ പോകാൻ ടിക്കറ്റെടുത്തയാളും ഈ വിമാനം റദ്ദാക്കിയതോടെ ദുരിതത്തിലായി. ഇവർ പിന്നീട്​ മറ്റു വിമാനങ്ങളിൽ വൈകി യാത്ര ചെയ്യേണ്ടിവന്നെന്നും സഹയാത്രക്കാർ പറഞ്ഞു. ബുക്കിങ്​ കൺഫർമേഷൻ മെയിൽ വഴി അറിയിച്ച അധികൃതർ റദ്ദാക്കിയ വിവരം മെയിലിൽ അറിയിച്ചില്ലെന്ന്​ യാത്രക്കാർ പരാതിപ്പെട്ടു.

അതിനിടെ വെള്ളിയാഴ്ച വൈകുന്നേരം അബുദാബിയിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പുറപ്പെടേണ്ട എയർഇന്ത്യ എക്സ്​പ്രസിൻറെ ഐ.എക്സ്​ 524 നമ്പർ​ വിമാനം പറന്നത്​ എട്ട് മണിക്കൂറിന്​ ശേഷം പുലർച്ചെ 1.10നാണ്​. ഈ വിമാനത്തിൽ വൈകുന്നേരം 6.45ഓടെ യാത്രക്കാരെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ടേക്ക് ഓഫിന് തയാറെടുക്കുമ്പോൾ വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് കാപ്റ്റൻ അറിയിക്കുകയായിരുന്നു. റൺവേക്ക് അടുത്ത് നിർത്തിയിട്ട വിമാനത്തിൽ കടുത്തചൂടിൽ എ.സിയില്ലാതെ മണിക്കൂറുകൾ ഇരിക്കേണ്ടി വന്നതോടെ യാത്രക്കാർ പ്രയാസത്തിലായി. ഇവരെ മൂന്നര മണിക്കൂറിന്​ ശേഷം രാത്രി 10.15ഓടെയാണ്​ വിമാനത്തിൽ നിന്ന്​ ഇറക്കി ഭക്ഷണമടക്കം നൽകിയത്​. എ.സിയില്ലാത്തതിനാൽ വിമാനത്തിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഏറെ പ്രയാസത്തിലായെന്ന്​ യാത്രക്കാർ പരാതിപ്പെട്ടിരുന്നു. പിന്നീട്​ 1.10നാണ് മറ്റൊരു​ വിമാനത്തിൽ യാത്രക്കാരെ അബൂദബിയിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ ​ എത്തിച്ചത്​. രാവിലെ ഏഴു മണിയോടെ വിമാനം തിരുവനന്തപുരത്ത്​ എത്തിയെന്ന്​ യാത്രക്കാർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *