
വിഷമദ്യ ദുരന്തത്തിൽ ചികിത്സയിലിരിക്കുന്ന പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തും, മദ്യം നിര്‍മ്മിച്ചവര്‍ക്കും വിറ്റവർക്കുമെതിരെ കൊലക്കുറ്റം
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യം കഴിച്ചതിന് ശേഷം ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട എല്ലാ പ്രവാസികളെയും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തും.ഇവരെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തുമെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
23 പേരുടെ മരണത്തിന് കാരണമായ വിഷമദ്യ കേസിൽ നാല് പ്രധാന പ്രതികൾ ഉൾപ്പെടെ 71 പ്രവാസികളെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കുറ്റങ്ങൾ അനുസരിച്ച് പബ്ലിക് പ്രോസിക്യൂഷൻ പ്രാഥമിക പ്രതികളിൽ പലർക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തുമെന്നും സ്രോതസ്സ് ചൂണ്ടിക്കാട്ടി. പ്രവാസികളുടെ മരണത്തിന് കാരണമായ മെഥനോൾ വിഷമദ്യം ഉൽപ്പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വൈദഗ്ദ്ധ്യമുള്ള ക്രിമിനൽ ശൃംഖലയെ ഇല്ലാതാക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും മെഥനോൾ വിഷമദ്യം ഉൽപ്പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള പങ്കാളിത്തം ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായുമാണ് റിപ്പോർട്ട്.
വിഷമദ്യ ദുരന്തത്തിൽ ഇന്ത്യക്കാരുൾപ്പടെ 23 ഏഷ്യൻ പ്രവാസികൾ മരിക്കുകയും 160-ലധികം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ മെത്തനോൾ കലർന്ന അനധികൃത മദ്യം കഴിച്ചതാണ് നിരവധി പേര്‍ക്ക് വിഷബാധയേൽക്കാൻ കാരണമായത്. 23 പ്രവാസികൾ മരിച്ചു. 21 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. 61 പേർ വെന്റിലേറ്ററിലും 160 പേർ അടിയന്തര ഡയാലിസിസിലും തുടരുന്നതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Comments (0)