
Uae travel alert:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!!! ലഗേജിനും കാബിൻ ബാഗിന്റെ അളവിനും നിയന്ത്രണങ്ങൾ; യുഎഇ യാത്രയിൽ ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ യാത്ര തന്നെ മുടങ്ങും
Uae travel alert:ദുബായ് ∙ വേനലവധിക്ക് ശേഷം മലയാളി കുടുംബങ്ങൾ യുഎഇയിലേക്ക് മടങ്ങിയെത്തിത്തുടങ്ങി. നേരത്തെ തന്നെ മടക്ക ടിക്കറ്റ് ബുക്ക് ചെയ്തവരാണ് എത്തുന്നത്. അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്യാത്തവരിൽ പലരും കൂടിയ നിരക്ക് കാരണം സെപ്റ്റംബർ ആദ്യവാരത്തോടെ മാത്രമേ എത്തുകയുള്ളൂ. ഈ മാസം 25നാണ് മിക്ക എമിറേറ്റുകളിലും വിദ്യാലയങ്ങൾ തുറക്കുന്നത്. എന്നാൽ കുട്ടികൾ എത്താൻ വൈകുന്നത് മൂലം ചില ഇന്ത്യൻ സ്കൂളുകളിൽ ശരിക്കുള്ള അധ്യാപനം സെപ്റ്റംബർ ആദ്യ വാരത്തിലേ തുടങ്ങുകയുള്ളൂ.
പതിവുപോലെ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഈ മാസം ഏകദേശം നാലിരട്ടി വരെയായി ഉയർന്നിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ 18,000 രൂപ മുതൽ 20,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഇൻഡിഗോ, ആകാശ എയർലൈൻസ് എന്നിവയിൽ ഇത് 22,000 രൂപ മുതൽ 34,000 രൂപ വരെയായി ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 15,000 മുതൽ 18,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ. കൂടാതെ, മറ്റ് വിമാനക്കമ്പനികളിൽ ഇത് 20,000 രൂപയ്ക്ക് മുകളിലായിരിക്കും. വിമാന ടിക്കറ്റ് നിരക്ക് ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഏജൻസികൾ പറയുന്നു. ഈ ഉയർന്ന നിരക്കുകൾ യാത്രക്കാർക്ക്, പ്രത്യേകിച്ച് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. മലയാളികൾ പലരും ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന കണക്ഷൻ ഫ്ലൈറ്റുകളിലും യാത്രയ്ക്ക് ഒരുങ്ങുന്നുണ്ട്. ഇത്തരം വിമാനങ്ങളിൽ താരതമ്യേന നിരക്ക് കുറവാണ്. അവധി ദിവസങ്ങൾക്ക് ശേഷം ആളുകൾ കൂട്ടമായി മടങ്ങിയെത്തുന്നത് കാരണം വിമാനങ്ങൾ നിറഞ്ഞാണ് സർവീസ് നടത്തുന്നത്.
യുഎഇയിലെ മിക്ക സ്കൂളുകളും 2025-2026 അധ്യയന വർഷത്തിനായി തിങ്കളാഴ്ച തുറക്കും. വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം എല്ലാ എമിറേറ്റുകളിലെയും സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ഈ തീയതി ബാധകമാണ്. ചില സ്വകാര്യ സ്കൂളുകളുടെ അവധി ദിനങ്ങളിലും ക്ലാസുകൾ തുടങ്ങുന്നതിലും ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം. അതിനാൽ, കൃത്യമായ തീയതി അറിയാൻ കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ കലണ്ടർ പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
മടക്കയാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിമാനത്താവളങ്ങളിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന ചില പുതിയ നിയമങ്ങളും നിബന്ധനകളും മനസ്സിലാക്കിയാൽ സമ്മർദമില്ലാതെ യാത്ര ചെയ്യാം. ഈ മാറ്റങ്ങൾ യാത്രക്കാരുടെ സൗകര്യം, സുരക്ഷ, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
∙ കാബിൻ ലഗേജ് നിയന്ത്രണങ്ങൾ
ഒരു ബാഗ് നിയമം: പല എയർലൈനുകളും ഒരു യാത്രക്കാരന് കാബിൻ ലഗേജായി ഒരു ബാഗ് മാത്രമേ അനുവദിക്കൂ. ഈ ബാഗിന്റെ പരമാവധി ഭാരം 7 കിലോഗ്രാമിൽ കൂടാൻ പാടില്ല.
കാബിൻ ബാഗിന്റെ അളവുകൾക്കും നിയന്ത്രണങ്ങൾ വന്നിട്ടുണ്ട്. ഉദാഹരണത്തിന്- 55 സെ.മീ x 40 സെ.മീ x 20 സെ.മീ). അധികമുള്ള ബാഗുകൾ ചെക്ക്-ഇൻ ലഗേജായി മാറ്റേണ്ടിവരും. ചെക്ക് ഇൻ ലഗേജുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ചില വിമാനങ്ങളിൽ രണ്ടിൽ കൂടുതൽ ബാഗുകൾ അനുവദിക്കുന്നില്ല. അതായത് 30 കിലോഗ്രാം ഭാരമാണ് അനുവദിച്ചിട്ടുള്ളതെങ്കിൽ അത് രണ്ട് ബാഗുകളിലായി (ഉദാഹരണത്തിന്, 15 കിലോ വീതം) കൊണ്ടുപോകാം. രണ്ടിൽ കൂടുതൽ ബാഗുകൾ കൊണ്ടുപോകണമെങ്കിൽ എയർലൈനിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് സാധാരണയായി ലാഭകരം. വിമാനത്താവളത്തിൽ നേരിട്ട് പണം അടയ്ക്കുന്നതിനേക്കാൾ നിരക്ക് കുറവായിരിക്കും.
ഹാൻഡ് ലഗേജ് പരിശോധന
ലാപ്ടോപ്പുകൾ, പവർ ബാങ്കുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാൻഡ് ലഗേജിൽ നിന്ന് പുറത്തെടുത്ത് പ്രത്യേകം ട്രേകളിൽ വച്ച് സ്കാൻ ചെയ്യേണ്ടതുണ്ട്.
∙ പുറപ്പെടൽ കാർഡുകൾ ഒഴിവാക്കി
വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി മുതൽ പുറപ്പെടൽ കാർഡുകൾ പൂരിപ്പിക്കേണ്ടതില്ല. ഇത് നടപടിക്രമങ്ങൾ ലളിതമാക്കുകയും പേപ്പർവർക്കുകൾ കുറയ്ക്കുകയും ചെയ്യും.
∙ മൊബൈൽ ബോർഡിങ് പാസ്
മിക്ക വിമാനത്താവളങ്ങളിലും മൊബൈലിൽ കാണിക്കുന്ന ബോർഡിങ് പാസ് സ്വീകരിക്കും. എങ്കിലും ഒരു പ്രിന്റഡ് കോപ്പി കയ്യിൽ കരുതുന്നത് നല്ലതാണ്.
Comments (0)