
Expat dead;മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍
Expat dead: സഊദി അറേബ്യയില്‍ അറാറിലെ മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിയായ സാക്കിര്‍ അന്‍സാരിയുടെ മൃതദേഹമാണ് അറാറിന് സമീപമുള്ള മരുഭൂമിയില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ മാസം 19-നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. അറാറില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ ദൂരെ അസ്സം ജലമീദ് മരുഭൂമിയില്‍ നിന്നാണ് സാക്കിറിന്റെ മൃതദേഹം ലഭിച്ചത്.
മരുഭൂമിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞ സഹായത്തിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ മലയാളി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇയാള്‍ മരുഭൂമിയില്‍ വെച്ച് മരിച്ച് ഒരു മാസത്തിലേറെയായതിനാല്‍ മൃതദേഹം അഴുകി അസ്ഥികൂടം മാത്രമാണ് ശേഷിച്ചിരുന്നത്. എംബാം ചെയ്യാന്‍ പോലും സാധിക്കാത്ത നിലയിലാണ് സാക്കിറിന്റെ മൃതദേഹം ലഭിച്ചത്.
സാക്കിറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായില്ല. വീട്ടുകാരുടെ സമ്മതത്തോടെ അറാര്‍ പ്രവാസി സംഘം നിയമനടപടികള്‍ പൂര്‍ത്തിയാക്കി അറാറിലെ ജിദൈത ഖബര്‍സ്ഥാനില്‍ മയ്യത്ത് ഖബറടക്കി. സാക്കിറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എംബാം ചെയ്യാന്‍ കഴിയാത്തതിനാല്‍ സാക്കിറിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനായില്ല.
മൂന്ന് മാസം മുമ്പാണ് ഏറെ പ്രതീക്ഷയോടെ സാക്കിര്‍ സഊദിയിലെ വടക്കന്‍ പ്രവിശ്യയായ അറാറിലെത്തിയത്. ആട്ടിടയന് ജോലിക്കായാണ് സാക്കിര്‍ അറാറിലെത്തിയത്. മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാനും ഭാര്യയെയും ഭിന്നശേഷിക്കാരനായ മകനനെയും സംരക്ഷിക്കാനുമായാണ് സാക്കിര്‍ മാര്‍ച്ച് അവസാന വാരം സഊദിയില്‍ എത്തിയത്.
സാക്കിറിന്റെ പിതാവ് ലത്തീഫും മാതാവ് മൈമൂനയുമാണ്. അനീസ് ബീവിയാണ് ഭാര്യ. റുഖിയയും അഹമ്മദ് റാസയുമാണ് സാക്കിറിന്റെ മക്കള്‍.
Comments (0)