
Aadhaar card for expats: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് എങ്ങനെ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം? |
Aadhaar card for expats:ദുബൈ: യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബാങ്കിംഗ് സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിനും മൊബൈല്‍ സിം ലഭിക്കുന്നതിനും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അടുത്തിടെ സിബിഎസ്ഇ സ്കൂളുകളും എപിഎഎആര്‍ ഐഡി (ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രറി) ഉണ്ടാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2026 മുതല്‍ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സിബിഎസ്ഇ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളൂ. പ്രായപൂര്ത്തിയാകാത്തവരായാലും മുതിര്‍ന്നവരായാലും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം.
യുഐഡിഎഐയുടെ നിയമ പ്രകാരം പ്രവാസികളായവര്‍ക്ക് ഇന്ത്യയിലെ എന്റോള്‍മെന്റ് സെന്റര്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. എന്‍ റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കണം.
ഇന്ത്യയിലെ പൗരന്മാര്ക്ക് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്കുന്ന 12 അക്ക നമ്പറുള്ള തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. പ്രായ, ലിംഗ ഭേദമന്യേ ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു പൗരനും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. ആധാര്‍ എന്‍ റോള്‍മെന്റ് സൗജന്യമാണ്. എന്നാല്‍ ഫിസിക്കല്‍ കാര്‍ഡ് പ്രിന്റ് ചെയ്യുന്നത് പോലുള്ള സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കിയേക്കാം.
ഡെമോഗ്രാഫിക്, ബയോമെട്രിക് ഡീ-ഡ്യൂപ്ലിക്കേഷന്‍ പ്രക്രിയയിലൂടെ ഓരോ വ്യക്തിക്കും ഒരു ആധാര്‍ നമ്പര്‍ മാത്രമേ ലഭിക്കുകയുള്ളൂ.
ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെച്ചിരിക്കുന്ന ഏതൊരു പ്രവാസി ഇന്ത്യക്കാരനും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് നിങ്ങള്‍ ഇന്ത്യയിലെ ഒരു ആധാര്‍ എന്‍ റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിക്കണമെന്ന് മാത്രം. സെന്റര്‍ സന്ദര്‍ശിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ബയോമെട്രിക് ഡാറ്റ നല്‍കുകയും ചെയ്യണം.
ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് ഒരു മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം. ആധാര്‍ സംവിധാനം അന്താരാഷ്ട്ര നമ്പറുകളുമായി ബന്ധപ്പെടുത്താനാകില്ല. ആധാറുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും ഈ നമ്പറിലേക്കായിരിക്കും ലഭിക്കുക.
എന്‍ റോള്‍മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ നല്‍കേണ്ട ചാര്‍ജുകളുടെ വിവരങ്ങള്‍ക്കൊപ്പം ഒരു അക്നോളജ്മെന്റ് സ്ലിപ്പും ലഭിക്കും. ആധാര്‍ കാര്‍ഡ് അപേക്ഷയുടെ അപ്ഡേറ്റ്സ് ട്രാക്ക് ചെയ്യാന്‍ ഈ സ്ലിപ്പ് നിങ്ങള്‍ക്ക് ഉപകാരപ്പെടും.
Comments (0)