Posted By greeshma venugopal Posted On

ഉച്ച വിശ്രമ നിയമം: കുവൈത്തിൽ 61 കമ്പനികൾ നിയമം ലംഘിച്ചു

കനത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഉച്ച വിശ്രമ നിയമം നിരവധി കമ്പനികൾ ലംഘിച്ചതായി കണ്ടെത്തി. 64 നിയമലംഘനങ്ങൾ കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഈ കമ്പനികൾക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല.

നിയമം നടപ്പിലാക്കിയ അന്ന് മുതൽ കർശന പരിശോധനകളാണ് നടന്നു വരുന്നത്. രണ്ട് മാസത്തിനിടെ 102 ഇടങ്ങളിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തി.

ജൂണിൽ രാജ്യത്തുടനീളമുള്ള 60 തൊഴിൽ സ്ഥലങ്ങൾ പരിശോധിച്ചതായും 30 കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. നിശ്ചിത സമയത്ത് 33 തൊഴിലാളികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിക്കാതെ മുന്നറിയിപ്പ് നൽകുക മാത്രമാണ് മന്ത്രാലയം ചെയ്തത്. ജൂലൈയിൽ നടത്തിയ പരിശോധനയിൽ 31കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇതിൽ 26 പരാതികൾ ഹോട്ട് ലൈൻ വഴി ജനങ്ങൾ അറിയിച്ചതാണ്. ഈ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സൂര്യപ്രകാശം നേരിട്ടേൽക്കുന്ന ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ വിശ്രമം അനുവദിക്കണമെന്ന് കുവൈത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു. മെയ് 31 മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *