Posted By greeshma venugopal Posted On

50 ശതമാനം തീരുവ നടപടി ; ഇന്ത്യക്കെതിരെ കടുത്ത നിലപാടെടുത്ത് അമേരിക്ക, തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും

ഇന്ത്യക്കെതിരെ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ നടപടിയിൽ കടുത്ത നിലപാട് തുടർന്ന് അമേരിക്ക. തിരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്. യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്.

റഷ്യ – യുക്രൈൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുവ നടപടിയെന്ന് നോട്ടീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുവ വർധനയ്ക്ക് പ്രതികാരമായി യു എസ് ഉൽപ്പന്നങ്ങൾക്ക് മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഇതിനിടെ ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യ, വാഷിംഗ്ടണിൽ രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ പ്രാബല്യത്തിലാകാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോയും ഇന്ത്യ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് കൊണ്ടാണ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ വ്യക്തമാക്കി. അധിക തീരുവ ബാധിക്കാനിടയുള്ള മേഖലകൾക്ക് പാക്കേജ് ആലോചിക്കുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. എത്ര സമ്മർദ്ദം ഉണ്ടായാലും കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ചെറുകിട ഉത്പാദകരുടെയും താല്പര്യം സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *