Posted By greeshma venugopal Posted On

കുവൈറ്റിൽ സൈനിക ഉദ്യോ​ഗസ്ഥന്റെ വേഷം ധരിച്ച് മോഷണം പതിവാക്കിയയാൾ പിടിയിൽ

വ്യാജ പോലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് വാഹനങ്ങൾ മോഷ്ടിക്കുകയും സൈനിക യൂണിഫോമുകൾ മോഷ്ടിക്കുകയും ചെയ്ത കുറ്റവാളി കുവൈത്തിൽ പിടിയിലായി. ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് പ്രതിയെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാൾ സൈനിക യൂണിഫോം ഉപയോഗിച്ച് വീടുകളിൽ മോഷണം നടത്തിയിരുന്നതായും കണ്ടെത്തി.

ഒന്നിലധികം സ്ഥലങ്ങളിൽ വാഹന മോഷണം, നമ്പർ പ്ലേറ്റുകൾ മോഷ്ടിക്കൽ, വാഹനങ്ങൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. മോഷ്ടിച്ച കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ മയക്കുമരുന്ന്, സൈനിക യൂണിഫോം, മോഷ്ടിച്ച മറ്റൊരു വാഹനം എന്നിവ കണ്ടെടുത്തു.

പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, സൈനിക വസ്ത്രങ്ങൾ, റാങ്കുകൾ, കളിത്തോക്ക്, സൈനിക തിരിച്ചറിയൽ കാർഡ് കവറുകൾ, വെടിയുണ്ടകൾ, ഡിറ്റക്ടീവുകൾ ഉപയോഗിക്കുന്ന ഫ്ലാഷറുകൾ എന്നിവ ഉൾപ്പെടെ വലിയ അളവിൽ മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തി. സൈനിക തയ്യൽ കടകളിൽ നിന്ന് യൂണിഫോം മോഷ്ടിച്ചതായും, ഇതിന്റെ ചില ഭാഗങ്ങൾ വീട്ടിൽ ഒളിപ്പിച്ചതായും പ്രതി സമ്മതിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കൂടുതൽ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

കുറ്റകൃത്യങ്ങൾ തടയുന്നതിനും രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *