
upi new update: ഒക്ടോബര്‍ മുതല്‍ ഇത്തരം യുപിഐ ഇടപാടുകള്‍ നടത്താനാവില്ല
Upi new update: യുപി ഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനായി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ).
ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന യുപിഐ ഫീച്ചറുകളില്‍ ഒന്നായ പിയര്‍-ടു-പിയര്‍ (P2P) ഇടപാട് എന്‍പിസിഐ നിര്‍ത്തലാക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ ഒരു യുപിഐ ഉപയോക്താവിന് മറ്റൊരു അക്കൗണ്ട് ഉടമയില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന ഈ ഫീച്ചര്‍ നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും പേയ്മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഒരു ഉപയോക്താവിന് മറ്റൊരു യുപിഐ അക്കൗണ്ട് ഉടമയില്‍ നിന്ന് പണം റിക്വസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ്’കളക്ട് റിക്വസ്റ്റ്’ അല്ലെങ്കില്‍ ‘പുള്‍ ട്രാന്സാക്ഷന്’. ഉപയോക്താക്കളെ വഞ്ചിച്ച് അവര്‍ ഒരിക്കലും നടത്താന്‍ ഉദ്ദേശിക്കാത്ത പേയ്മെന്റുകള്‍ അംഗീകരിപ്പിക്കുന്നതിന് ഈ ഫീച്ചര്‍ പലപ്പോഴും തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നതായി കണ്ടു വരുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐയുടെ ഇടപെടല്‍. ഒക്ടോബര്‍ ഒന്നോടെ പിയര്‍- ടു- പിയര്‍ ഇടപാട് യുപിഐയില്‍ പ്രോസസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് എന്‍പിസിഐ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ഇതിനര്‍ത്ഥം ബാങ്കുകളില്‍ നിന്നും പേയ്മെന്റ് ആപ്പുകളില്‍ നിന്നുമുള്ള ‘കളക്ട് റിക്വസ്റ്റ്’ ഫീച്ചര്‍ യുപിഐയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടും. പുഷ്, പുള്‍ എന്നിങ്ങനെ രണ്ട് തരം ഇടപാടുകളെയാണ് യുപിഐ നിലവില്‍ സപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ക്ക്,ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, ഐആര്‍സിടിസി പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കളക്ഷന്‍ അഭ്യര്‍ത്ഥന അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പേയ്മെന്റുകള്‍ നടത്താം.
Comments (0)