
uae travel tips:പാസ്പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae travel tips:ദുബൈ: വിദേശ യാത്രയ്ക്ക് വിസയും കാലാവധി കഴിയാത്ത പാസ്പോർട്ടും മാത്രം പോരാ, പാസ്പോർട്ടിന്റെ നിലവിലെ അവസ്ഥയും അത്രയേറെ പ്രധാനപ്പെട്ട കാര്യമാണ്. ചെറിയ കേടുപാടുകൾ പോലും യുഎഇ വിമാനത്താവളങ്ങളിൽ ബോർഡിംഗ് നിഷേധിക്കപ്പെടാനോ, ഇമിഗ്രേഷൻ പ്രക്രിയയിൽ കാലതാമസം നേരിടാനോ, ഒരു പക്ഷേ രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കപ്പെടാനോ കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
പല യാത്രക്കാരും പാസ്പോർട്ട് ഉണ്ടെങ്കിൽ യാത്ര സുരക്ഷിതമാണെന്ന് കരുതാറുണ്ട്. എന്നാൽ, പല എയർലൈനുകളും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും പാസ്പോർട്ടിന്റെ തേയ്മാനവും ആധികാരികതയും കർശനമായി പരിശോധിക്കാറുണ്ട്. വെള്ളം കയറി കേടായത്, പേജുകൾ കീറിയത്, അല്ലെങ്കിൽ ബയോമെട്രിക് ചിപ്പിന് കേടുപാട് സംഭവിച്ചത് എന്നിവ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെക്കും. യുഎഇയിൽ നിന്നുള്ള വിമാന കമ്പനികൾ, അത്തരം പാസ്പോർട്ടുകൾ സ്വദേശത്തെ പരിശോധനകളിൽ പരാജയപ്പെടുമെന്ന് കരുതിയാൽ, ചെക്ക്-ഇൻ സമയത്ത് യാത്രക്കാരെ തടയാം.
യുഎഇയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രകൾ വർധിക്കുന്ന സാഹചര്യത്തിൽ, പാസ്പോർട്ടിന്റെ അവസ്ഥ പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. സാധുവായ വിസ ഉണ്ടെങ്കിലും കേടായ പാസ്പോർട്ട് യാത്രയെ ബാധിക്കും. യുഎഇ, ഇന്തോനേഷ്യ, തായ്ലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പാസ്പോർട്ടിന്റെ അവസ്ഥയിൽ കർശന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. ഒരു ചെറിയ കീറൽ പോലും അവധിക്കാലം നഷ്ടമാകാനോ, ജോലി യാത്രകൾ റദ്ദാകാനോ, ചെലവേറിയ റീബുക്കിംഗിനോ കാരണമാകാം.
കർശനമായ പാസ്പോർട്ട് നിയമങ്ങളുള്ള രാജ്യങ്ങൾ
യുഎഇ
കീറിയ പേജുകൾ, ബൈൻഡിംഗിൽ സംഭവിച്ച കേടുപാടുകൾ, ചുളിവുകൾ എന്നിവ ബോർഡിംഗ് നിരസിക്കലിന് കാരണമാകാം.
ഇന്തോനേഷ്യ
ഒരു സെന്റിമീറ്റർ വലിപ്പമുള്ള കീറൽ പോലും ഇന്തോനേഷ്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചേക്കാം.
തായ്ലൻഡും വിയറ്റ്നാമും
ഫോട്ടോ പേജിലെ വെള്ളം കയറിയ കേടുപാടുകൾ അല്ലെങ്കിൽ തകരാറുകൾ നിരസിക്കപ്പെടാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടാറുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ്
ബയോമെട്രിക് ചിപ്പിനോ സ്കാനിംഗിനോ കേടുപാട് സംഭവിച്ചാൽ പാസ്പോർട്ട് അസാധുവാകാം.
ആധുനിക പാസ്പോർട്ടുകളിൽ മൈക്രോചിപ്പുകൾ, ഹോളോഗ്രാമുകൾ, മെഷീൻ റീഡബിൾ സോണുകൾ എന്നിവ ഉൾപ്പെടുന്നു. ഈ സവിശേഷതകളിൽ തകരാർ സംഭവിച്ചാൽ സ്കാൻ ചെയ്യാൻ കഴിയില്ല. ഇക്കാരണത്താൽ ഉദ്യോഗസ്ഥർ കൃത്രിമത്വം സംശയിച്ച് പാസ്പോർട്ട് നിരസിച്ചേക്കാം. അതിനാൽ യാത്രക്കാർ പാസ്പോർട്ടിന്റെ അവസ്ഥ എപ്പോഴും ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.
Comments (0)