
കേരളത്തിലെ ഗൾഫ് കാലത്തിന് മങ്ങലോ ? പ്രവാസികൾ വൻ തോതിൽ കേരളത്തിലേക്ക് മടങ്ങുന്നു, കാരണം പലതാണ്
വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ നിന്ന്, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ കേരളത്തിൽ വൻ തോതിൽ തിരിച്ചെത്തുന്നതായി ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പറയുന്നു. കേരള സർക്കാരിന് കീഴിലുള്ള കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) വെള്ളിയാഴ്ച സംഘടിപ്പിച്ച സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രകാശനം ചെയ്ത റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ലിങ്ക്ഡ് ഇൻ പഠനമനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുഎഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയത്. യു എ ഇ യിൽ നിന്ന് മാത്രം 9,800 ൽ അധികം പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തി. സൗദി അറേബ്യ, യു കെ എന്നിവിടങ്ങളിൽ നിന്ന് 1,600 ൽ അധികം പ്രൊഫഷണലുകൾ വീതമാണ് കേരളത്തിലേക്ക് മടങ്ങിത്. ഖത്തർ 1,400 ൽ അധികം പേരും യു എസ്സിൽ നിന്ന് 1,200 ൽ അധികം പേരും മടങ്ങിയെത്തിയതായി കെ-ഡിസ്ക് പുറത്തുവിട്ട കണക്കിൽ വിശദീകരിക്കുന്നു.
കേരളത്തിലേക്കുള്ള മലയാളിയുടെ മടങ്ങിവരവിലെ വർദ്ധന കാണുന്നത് ഗൾഫിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും മാത്രമല്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണത്തിലും ഇത് കാണാനാകും. ആഭ്യന്തര കുടിയേറ്റത്തിലെ മടങ്ങിവരവിൽ അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നുള്ള മടങ്ങിവരവാണ് കൂടുതൽ. കർണാടകയിൽ നിന്ന് ഏകദേശം 7,700 പ്രൊഫഷണലുകൾ കേരളത്തിലേക്ക് മടങ്ങിയെത്തി. ഈ കാലയളവിൽ തമിഴ്നാട് (4,900), മഹാരാഷ്ട്ര (2,400), തെലങ്കാന (1,000), ഹരിയാന (800) എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിവരുടെ കണക്കുകൾ ആഭ്യന്തര കുടിയേറ്റം തൊഴിൽ പരമായി സാങ്കേതികവിദ്യയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, ആഗോള കുടിയേറ്റം സിവിൽ, മെക്കാനിക്കൽ പോലുള്ള മറ്റ് മേഖലയിലെ വ്യവസായങ്ങളിലും ഉണ്ട് ,” എന്ന് റിപ്പോർട്ട് പറയുന്നു.
ലിങ്ക്ഡ്ഇൻ റിപ്പോർട്ട് അനുസരിച്ച്, മടങ്ങിയെത്തിയവർ പ്രധാനമായും ഐടി, ആരോഗ്യ സംരക്ഷണം, ടൂറിസം, വിദ്യാഭ്യാസം എന്നിവയിലെ അവസരങ്ങൾ തേടുന്നു, അതേസമയം പലരും മടങ്ങിയെത്തുന്നത് പുതിയ സംരഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും പറയുന്നു.
“അതേസമയം, ആഭ്യന്തര കുടിയേറ്റത്തിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വന്നവരിൽ കൂടുതലും കർണാടകത്തിൽ നിന്നാണ്. ഇങ്ങനെ തിരിച്ചെത്തിയ മലയാളികളുടെ നൈപുണികളിലൂടെ പ്രോഡക്ട് മാനേജ്മെന്റ്, ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലെ വർദ്ധിച്ചു. ഇതുവഴി കേരളത്തിലെ നവീകരണ, സാങ്കേതിക പ്രതിഭകളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താനായി. ഇങ്ങനെയുള്ള പല സംരഭങ്ങളിലൂടെ നൈപുണ്യ വികസനം എന്നത് പ്രധാനമായി മാറിയതായും കെ ഡിസ്ക് അവകാശപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ പ്രതിഭകളുടെ എണ്ണത്തിൽ 172 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ട് പറയുന്നു, ഇക്കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒമ്പതാം സ്ഥാനത്താണ് കേരളം.
Comments (0)