
Dubai Rain:ദുബായിൽ കനത്ത മഴ; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Dubai Rain:സെപ്റ്റംബർ 4 വ്യാഴാഴ്ച ദുബായിയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. യുഎഇയിലെ കാലാവസ്ഥയിൽ മാറ്റം വരുന്നതിൻ്റെ സൂചനയാണിത്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ കനത്ത ചൂടിൽ നിന്ന് ദുബായ് നിവാസികൾക്ക് ആശ്വാസം ലഭിച്ചേക്കാം. വ്യാഴാഴ്ച അൽ മക്തൂം വിമാനത്താവളത്തിന് സമീപം മഴ പെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിന് സമീപമുള്ള എമിറേറ്റ്സ് റോഡിൽ മഴയത്ത് വാഹനങ്ങൾ നീങ്ങുന്നതും വീഡിയോയിലുണ്ട്.
മോശം കാലാവസ്ഥയെ തുടർന്ന് യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 8 മണി വരെ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയോടുകൂടിയ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നും കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ കാഴ്ചാപരിധി കുറയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അത്യാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, അത്യാവശ്യമാണെങ്കിൽ മാത്രം വാഹനമോടിക്കണമെന്നും വാഹനമോടിക്കുന്നവരോട് അധികൃതർ നിർദ്ദേശിച്ചു. റോഡിൽ വാഹനമോടിക്കുമ്പോൾ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. കാഴ്ചാപരിധി കുറയുമ്പോൾ വാഹനത്തിൻ്റെ ലോ-ബീം ഹെഡ്ലൈറ്റുകൾ ഓണാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ പിന്തുടരണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സെപ്റ്റംബർ 3 ബുധനാഴ്ചയും ദുബായിയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവും ഇടിമിന്നലും ഉണ്ടായിരുന്നു. ദുബായിലെ മർഗം പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിൻ്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അറബിക്കടലിൽ നിന്നും ഒമാൻ കടലിൽ നിന്നും ഈർപ്പമുള്ള വായു കടന്നുവരുന്നതിനാൽ തെക്ക് ഭാഗത്ത് നിന്ന് ഉപരിതലത്തിലും ഉയർന്ന തലത്തിലും ന്യൂനമർദ്ദം രൂപം കൊള്ളുന്നത് യുഎഇയെ ബാധിക്കുന്നുണ്ടെന്ന് എൻസിഎം അറിയിച്ചു.
Comments (0)