
അബൂദബിയിൽ 400 പ്രധാന ഇടങ്ങളിലായി 1,000 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകൾ കൂടി വരുന്നു
അബൂദബി: എമിറേറ്റിയില് 1,000 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അബൂദബി മൊബിലിറ്റി. 400 തന്ത്രപ്രധാന ഇടങ്ങളിലായാണ് 1,000 പുതിയ ഇലക്ട്രിക് വാഹന (ഇവി) ചാർജിംഗ് സ്റ്റേഷനുകൾ വരുന്നത്.
സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് എമിറേറ്റിലെ 400 കേന്ദ്രങ്ങളിലായി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 1,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഹോട്ടലുകള്‍, വ്യാപാരസമുച്ചയങ്ങള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. 2050ഓടെ കാര്‍ബൺ മുക്തമാവുകയെന്ന എമിറേറ്റിന്റെ ലക്ഷ്യത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് അബൂദബി മൊബിലിറ്റിയുടെ നീക്കം.
ചാര്‍ജ് എ.ഡി എന്ന ബ്രാന്‍ഡിനു കീഴിലാവും ഈ ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുക. എ.സി ചാര്‍ജറുകള്‍ക്ക് കിലോവാട്ട് മണിക്കൂറിന് 0.70 ദിര്‍ഹമെന്ന നിലയിലും ഫാസ്റ്റ് ഡി.സി ചാര്‍ജറുകള്‍ക്ക് കിലോവാട്ട് മണിക്കൂറിന് 1.20 ദിര്‍ഹവുമാണ് ചാര്‍ജ് നിശ്ചയിച്ചിട്ടുള്ളത്. 2025ന്റെ ആദ്യപാദത്തില്‍ മാത്രം പതിനയ്യായിരത്തിലേറെ ഇലക്ട്രിക് വാഹനങ്ങൾ അബൂദബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2024ലെ ഇതേ കാലയളവിലെ രജിസ്ട്രേഷനേക്കാള്‍ 60 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്. 2040ഓടെ എമിറേറ്റിലെ നിരത്തുകളിലെ വാഹനങ്ങളുടെ പകുതിയും ഇലക്ട്രിക് ആക്കുകയെന്നതാണ് അബൂദബി മൊബിലിറ്റിയുടെ ലക്ഷ്യം.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va8H6PULdQefnzlFSh0v
Comments (0)