
Ticket fare in india-uae: ഗൾഫിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി; നാലംഗ കുടുംബത്തിന് ദുബൈയിലെത്താൻ ഒന്നര ലക്ഷത്തിലധികം രൂപ;പുതിയ നിരക്ക് ഇങ്ങനെ
Ticket fare in india-uae:കേരളത്തിൽനിന്ന് ഗൾഫ് മേഖലകളിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കമ്പനികൾ. ഗൾഫിലെ മധ്യവേനൽ അവധിക്കുശേഷം അടുത്ത മാസം സ്‌കൂൾ തുറക്കുന്നതും മൺസൂണും ഓണവും ആയതിനാൽ നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതുമാണ് കമ്പനികൾ നിരക്ക് ഉയർത്തിയത്.

പതിവു ടിക്കറ്റ് നിരക്കിനേക്കാൾ അഞ്ചിരട്ടിയിലേറെയാണ് സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിൽനിന്ന് ഗൾഫ് മേഖലയിലേക്ക് പോകാൻ നൽകേണ്ടത്. അടുത്ത മൂന്ന് ആഴ്ചകളിൽ വലിയ വിമാനങ്ങളിലും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ബജറ്റ് വിമാനങ്ങളിലും വൻതുക നൽകി ടിക്കറ്റെടുക്കേണ്ട അവസ്ഥയാണ്. കേരളത്തിൽനിന്ന് നാലംഗ കുടുംബത്തിന് ദുെബെയിലെത്താൻ ഒന്നര ലക്ഷത്തിലധികം രൂപ ചെലവഴിക്കേണ്ടിവരും.
കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് 48,000 മുതൽ 60,000 രൂപ വരെ നൽകണം. 10,000 മുതൽ 14,000 വരെയുണ്ടായിരുന്ന നിരക്കാണിത്. നെടുമ്പാശ്ശേരിയിൽനിന്ന് ജിദ്ദയിലേക്ക് 33,000 മുതൽ 45,000 വരേയും കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്ന് ജിദ്ദയിലേക്ക് 40,000 മുതൽ 60,000 രൂപ വരേയും നൽകണം. റിയാദ്, ദമാം സെക്ടറിലേക്കും നിരക്കിൽ വലിയ വർധനവാണ്. കരിപ്പൂരിൽ നിന്ന് റിയാദിലേക്ക് 38,000 മുതൽ 50,000 വരേയാണ് നിരക്ക് ഉയർന്നത്. മറ്റു മൂന്ന് വിമാനത്താവളങ്ങളിലും ഇതേ നിരക്കാണ്. കരിപ്പൂർ- ബഹ്‌റൈൻ നിരക്ക് 21,000 മുതൽ 38,000 വരെയായി ഉയർന്നു. കുവൈത്തിലേക്ക് 30,000 മുതൽ 39,000 വരെയാണ് നിരക്ക്. കണ്ണൂരിൽനിന്ന് കുവൈത്തിലേക്ക് 35,000 മുതൽ 45,000 വരെ നൽകണം.
കരിപ്പൂർ- മസ്‌കത്ത് സെക്ടറിൽ 22,000 മുതൽ 26,000 വരെയാണ് നിരക്ക്. നെടുമ്പാശ്ശേരിയിൽനിന്ന് മസ്‌കത്തിലേക്ക് നിരക്ക് 23,000 മുതൽ 28,000 വരെയാണ്. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് പോലും സാധിക്കാത്തത് യാത്രക്കാർക്ക് ഇരുട്ടടിയായി.
Comments (0)