ഖത്തറിൽ പക്ഷി വേട്ടക്കാലം തുടങ്ങി ; വേട്ടയാടലിന് അധികൃതരുടെ കർശന ഉപാധികൾ ഉണ്ട്

അറബികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ് പക്ഷിവേട്ട. വിജനമായ മരുഭൂമിയിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച്​ നാടൻ ആയുധങ്ങളും ഉപകരണങ്ങളുമായി അധികൃതരുടെ അനു​മതിയോടെയും കർശനമായ നിയന്ത്രണങ്ങളോടെയുമാണ്​ ഈ പക്ഷി വേട്ട നടക്കുന്നത്. ദേശാടനപ്പക്ഷികളെയും വന്യജീവികളെയും കർശന ഉപാധികളോടെ വേട്ടയാടാൻ അനുമതി നൽകുന്ന പക്ഷിവേട്ട സീസണ് ഖത്തറിൽ തുടക്കമായി. ഈ വർഷത്തെ വേട്ടയാടൽ സീസൺ സെപ്​റ്റംബർ ഒന്നിന്​ തുടങ്ങി ഫെബ്രുവരി 15ന്​ അവസാനിക്കുമെന്ന്​ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു

.മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കർശന ഉപാധികളോടെയാണ് വേട്ട നടക്കുക. തണുപ്പെത്തുന്നതോടെ മരുഭൂമിയിലെത്തുന്ന ദേശാടനപ്പക്ഷികളെയും വന്യജീവികളെയുമാണ് വേട്ടയാടാനാണ് അനുമതി നൽകുന്നത്. വേട്ടയാടുന്ന പ​ക്ഷികളിലും, വേട്ടയാടുന്ന രീതികളിലും​ കർശനമായ നിർദേശങ്ങളുണ്ട്. ഇവ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന്​ അധികൃതർ മുന്നറിയിപ്പു നൽകുന്നു. ദേശാടന കിളികളെ ആകർഷിക്കുന്നതിനൊപ്പം, സംരക്ഷണവും നൽകുന്നതിന്റെ ഭാഗമായാണ്​ വേട്ടയാടുന്ന പക്ഷികളെ തരംതിരിച്ച്​ മന്ത്രാലയം നിർദേശം നൽകുന്നത്​.

രാത്രികാലങ്ങളിൽ പക്ഷിവേട്ട അനുവദിക്കില്ല, ഏഷ്യൻ ബസ്റ്റാഡ് എന്നറിയപ്പെടുന്ന ഹുബാറ പക്ഷികളെ ഫാൽക്കൺ പക്ഷികളെ ഉപയോഗിച്ച് മാത്രമേ വേട്ടയാടാവൂ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പക്ഷിയുടെ ശബ്ദം പുറപ്പെടുവിക്കുന്ന ബേഡ് കോളർ എന്നിവ ഉപയോഗിച്ച് വേട്ട നടത്തരുത്. പക്ഷികളുടെ കൂടുകൾ, മുട്ടകൾ എന്നിവ നശിപ്പിക്കരുത്, വേട്ടയാടിയ പക്ഷികളെ വിൽക്കുന്നത് നിരോധിച്ചിട്ടുമുണ്ട്. രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നതിന് നിരോധനമുണ്ട്. ഹുബാറയ്ക്ക് പുറമേ, യൂറോഷ്യൻ പക്ഷിയായ കർവാൻ, കാട്ടുതാറാവ്, ബ്ലൂറോക്, സോങ് ത്രഷ്, ഡെസർട്ട് വീറ്റർ തുടങ്ങി വേട്ടക്ക് അനുമതിയുള്ള പക്ഷികളുടെ പട്ടിക അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. കാട്ടുമുയൽ, ഒട്ടകപ്പക്ഷി, മുള്ളൻപന്നി, ചെറുമാൻ, ഈജിപ്ഷ്യൻ ഫ്ര്യൂട്ട് ബാറ്റ് തുടങ്ങിയ ജീവികളെ വേട്ടയാടുന്നതിന് വിലക്കുണ്ട്. പരിസ്ഥിതി റിസർവ് മേഖലകൾ, പൂന്തോട്ടങ്ങൾ, നഗരപരിധികൾ എന്നിവയ്ക്കുള്ളിൽ വേട്ട പാടില്ല. സംരക്ഷിത വിഭാഗങ്ങളിലെ മൃഗങ്ങളെയും പക്ഷികളെയും സുരക്ഷിതമാക്കുകയാണ് ലക്ഷ്യം​. സീസൺ ആരംഭിച്ചതോടെ ഫാൽക്കൺ പക്ഷികളെ ഒരുക്കിയും, ആവശ്യമായ ഉപകരണങ്ങൾ സമാഹരിച്ചും തയാറെടുക്കുകാണ് വേട്ട പ്രിയർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *