
Blood Moon ;സമ്പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന്; രക്തചന്ദ്രൻ വരും!! എവിടെയെല്ലാം ദൃശ്യമാകും?ഇന്ത്യയിലെയും ഗള്‍ഫിലെയും സമയം അറിഞ്ഞിരിക്കാം
Blood Moon :ന്യൂഡല്‍ഹി: 2025 സെപ്റ്റംബര്‍ 7ന് രാത്രിയില്‍ ഇന്ത്യക്കാര്‍ക്കും ഗള്‍ഫിലുള്ളവര്‍ക്കും ആകാശത്ത് അസാധാരണ കാഴ്ച കാണാം. പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന് രക്തനിറത്തില്‍ തിളങ്ങുന്ന പ്രതിഭാസമായ ‘ബ്ലഡ് മൂണ്‍’ അഥവാ രക്തചന്ദ്രന്‍ ആകാശത്ത് ദൃശ്യമാകുന്ന ദിവസമാണിത്. ഈ ദശാബ്ദത്തിലെ തന്നെ ഏറ്റവും മനോഹരമായി കാണാന്‍ കഴിയുന്ന ചന്ദ്രഗ്രഹണംകൂടിയാണ് അടുത്ത ഞായറാഴ്ച വരാനിരിക്കുന്നത്. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ നേര്‍രേഖയില്‍ വരുമ്പോഴാണ് ഒരു പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായി മറയും.
എവിടെയെല്ലാം ദൃശ്യമാകും
ഏഷ്യയിലും ആഫ്രിക്കയിലും ആണ് പ്രധാനമായും ചന്ദ്രഗ്രഹണം ദൃശ്യമാകുക. ഏഷ്യയില്‍ ഇന്ത്യയിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും ഈ അസാധാരണ കാഴ്ച നഗ്നനേത്രംകൊണ്ട് തന്നെ ദൃശ്യമാകും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പൂനെ, ലക്നൗ, ഹൈദരാബാദ്, ചണ്ഡീഗഡ്, കോഴിക്കോട് തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഈ കാഴ്ച വ്യക്തമായി കാണാന്‍ സാധിക്കും. തുറന്ന സ്ഥലങ്ങള്‍ കാഴ്ചക്കായി തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉചിതം.
എന്താണ് ചന്ദ്ര ഗ്രഹണം
ഈ വര്‍ഷത്തെ ഏറ്റവും സവിശേഷ ജ്യോതി ശാസ്ത്ര സംഭവമായി കണക്കാക്കപ്പെടുന്നതാണ് പൂര്‍ണ ചന്ദ്ര ഗ്രഹണം. ഈ സമയത്ത് ചന്ദ്രന് കടും ചുവപ്പ് നിറത്തിലുള്ള ഗോളമായി മാറും. ഈ അപൂര്‍വ രക്ത ചന്ദ്രനെ (ബ്ലഡ് മൂണ്‍) ചിലയിടങ്ങളില്‍ മാത്രമേ കാണാനാകൂ. പൂര്‍ണ ചന്ദ്ര ഗ്രഹണ സമയത്ത്, ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കൃത്യമായി കടന്നു പോകുന്നതാണ് ഈ പ്രതിഭാസം. ചന്ദ്രനെ പൂര്‍ണ ഇരുട്ടിലേക്ക് തള്ളി വിടുന്നതിനു പകരം, ഭൂമിയുടെ അന്തരീക്ഷം സൂര്യ പ്രകാശത്തെ വളയ്ക്കുകയും ചിതറിക്കുകയും ചെയ്യുന്നു. നീല, വയലറ്റ് പോലുള്ള ചെറിയ തരംഗ ദൈര്‍ഘ്യമുള്ളവ ചിതറിപ്പോകുന്നു. അതേസമയം, ചുവപ്പ്, ഓറഞ്ച് പോലെ കൂടുതല്‍ തരംഗ ദൈര്‍ഘ്യമുള്ളവ അന്തരീക്ഷത്തിലൂടെ കടന്നു പോയി ചന്ദ്രന്റെ ഉപരി തലത്തിലെത്തുന്നു. ഗ്രഹണ സമയത്ത്, ഈ ചിതറിക്കിടക്കുന്ന ചുവന്ന വെളിച്ചമാണ് ചന്ദ്രനെ ചുവപ്പാക്കി മാറ്റുന്നത്.
ഷാര്‍ജയില്‍ പ്രത്യേക സംവിധാനം
വാന നിരീക്ഷണത്തിലും ജ്യോതി ശാസ്ത്രത്തിലും താത്പര്യമുള്ള സഞ്ചാരികള്‍ക്ക് ആകര്‍ഷക അനുഭവങ്ങള്‍ ഷാര്‍ജയിലെ മലീഹ നാഷണല്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാരത്തിനും ചരിത്ര കാഴ്ചകള്‍ക്കും പ്രശസ്തമായ മലീഹ നാഷനല്‍ പാര്‍ക്കില്‍ പ്രത്യേകം തയാറാക്കിയ പനോരമിക് ലോഞ്ചുകളിലാണ് വാന നിരീക്ഷണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഷാര്‍ജ സര്‍ക്കാരിന് കീഴിലുള്ള discovershurooq.gov.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. 971 6 8021111 എന്ന നമ്പറിലും ബന്ധപ്പെടാം.
ഓരോ രാജ്യത്തും കാണുന്ന സമയം
ഏകദേശം അഞ്ചര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഗ്രഹണം ആണ് സംഭവിക്കുക. ‘ബ്ലഡ് മൂണ്‍’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഒരു മണിക്കൂറും 22 മിനിറ്റും നീണ്ടുനില്‍ക്കും. ഏഷ്യയില്‍ രാത്രി സംഭവിക്കുന്നതിനാലാണ് നമുക്ക് ദൃശ്യമാകുന്നത്.
ഇന്ത്യ: ഇന്ത്യന്‍ സമയം രാത്രി 8:58 ന് ഗ്രഹണം ആരംഭിച്ച് സെപ്റ്റംബര്‍ 8 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2:25 ന് അവസാനിക്കും. ചന്ദ്രന് ചുവപ്പായി മാറുകയും സെപ്റ്റംബര്‍ 7 ന് രാത്രി 11:00 നും സെപ്റ്റംബര്‍ 8 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12:22 നും ഇടയില്‍ 82 മിനിറ്റ് നീണ്ടുനില്‍ക്കുകയും ചെയ്യും.
ഗള്‍ഫ്: രാത്രി 7 മുതല്‍ 11 മണി വരെയുള്ള സമയത്താണ് ഗ്രഹണം സംഭിക്കുക. രാത്രി ഏഴുമണിക്ക് തുടങ്ങി 10 മണിയോടെയും പൂര്‍ണ ഗ്രഹണം ഉണ്ടാകുക. 10 മണിയോടെ ഭാഗിക ഗ്രഹണമായി മാറി ചന്ദ്രന്, ഭൂമിയുടെ നിഴലില്‍നിന്ന് പൂര്‍ണമായി പുറത്തുവരും.
ഗ്രഹണ സമയം (ഇന്ത്യന്‍ സമയം)
8:58 PM: ഗ്രഹണം ആരംഭിക്കുന്നു
9:57 PM: ഭാഗിക ഗ്രഹണം ആരംഭിക്കുന്നു
10:50 PM: പൂര്‍ണ്ണ ഗ്രഹണം ആരംഭിക്കുന്നു
11:31 PM: പരമാവധി ഗ്രഹണം
00:22 PM: പൂര്‍ണ്ണ ഗ്രഹണം അവസാനിക്കുന്നു
01:26 PM: ഭാഗിക ഗ്രഹണം അവസാനിക്കുന്നു
02:25 PM: ഗ്രഹണം അവസാനിക്കുന്നു
Comments (0)