
Flight ticket rate:ലക്ഷങ്ങൾ നൽകിയിട്ടും ടിക്കറ്റ് ലഭിക്കുന്നില്ല: കണക്ഷൻ ഫ്ലൈറ്റും കിട്ടാനില്ല; സ്കൂൾ തുറന്നിട്ടും തിരിച്ചെത്താതെ പ്രവാസി കുടുംബങ്ങൾ
Flight ticket rate:അബുദാബി ∙ മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നപ്പോൾ ഹാജർ നിലയിൽ 35% വരെ കുറവ്. ഇന്ത്യൻ സ്കൂളുകളിലാണ് ഹാജർ നിലയിൽ കാര്യമായ ഇടിവ്. മറ്റു സ്കൂളുകളിൽ 5 മുതൽ 10 ശതമാനം മാത്രമാണ് കുറവ്. വർധിച്ച വിമാന ടിക്കറ്റ് നിരക്ക് കുറയാത്തതുമൂലമാണ് പ്രവാസി കുടുംബങ്ങൾ നാട്ടിൽ കുടുങ്ങിയത്.
ഇതുമൂലം 10, 12 ക്ലാസുകളിലുള്ളവർക്ക് നഷ്ടമാകുന്നത് വിലപ്പെട്ട ക്ലാസുകളാണ്. റാസൽഖൈമയിലെ ചില സ്കൂളിൽ ഒരാഴ്ച മുൻപു തന്നെ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈനിൽ സ്പെഷൽ ക്ലാസ് തുടങ്ങിയിരുന്നു. നാട്ടിലുള്ള കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ സാധിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഈ മാസം 15 മുതൽ നാലിരട്ടിയിലേറെ ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.
കൊച്ചിയിൽനിന്ന് ദുബായിലേക്ക് വൺവേ ടിക്കറ്റിന് അര ലക്ഷത്തിലേറെ തുക നൽകിയാൽ പോലും സീറ്റ് കിട്ടാനില്ല. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് യുഎഇയിൽ തിരിച്ചെത്താൻ കുറഞ്ഞത് 2 ലക്ഷത്തിലേറെ രൂപ വേണം. യാത്രാസമയം മണിക്കൂറുകൾനീളുന്ന കണക്‌ഷൻ വിമാനത്തിലും പൊള്ളുന്ന നിരക്കാണ്. സാധാരണ സെപ്റ്റംബർ ആദ്യവാരത്തോടെ നിരക്ക് കുറയാറുണ്ട്. എന്നാൽ സെപ്റ്റംബർ 5ന് എത്തുന്ന ഓണം മുന്നിൽ കണ്ട് നാട്ടിലേക്കു പോയി വരുന്നവരെ കൂടി ലക്ഷ്യമിട്ട് ഓൺലൈനിൽ ടിക്കറ്റ് നിരക്കു കൂട്ടുകയാണ് വിവിധ വിമാന കമ്പികൾ. സെപ്റ്റംബർ 15നു ശേഷമേ നിരക്കിൽ കാര്യമായ കുറവുണ്ടാകൂ എന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന. അപ്പോഴേക്കും ഏതാണ്ട് 3 ആഴ്ചത്തെ ക്ലാസ് നഷ്ടപ്പെടും.
പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്നാണ് സിബിഎസ്ഇ, കേരള ബോർഡ് നിബന്ധന. യുഎഇ നിയമപ്രകാരം 80 ശതമാനം ഹാജരുണ്ടാകണം. എന്നാൽ നാട്ടിൽ കുടുങ്ങിയ പ്രവാസി കുട്ടികൾക്ക് മതിയായ ഹാജരില്ലെങ്കിൽ പരീക്ഷ എഴുതാൻ അനുവദിക്കുമോ എന്ന് ആശങ്കയുണ്ട്. സ്കൂൾ അടയ്ക്കുന്ന സമയങ്ങളിൽ മാത്രമേ പ്രവാസി കുടുംബങ്ങൾക്ക് നാട്ടിൽ പോകാനൊക്കൂ എന്നതിനാൽ ഈ സമയങ്ങളിൽ അധിക വിമാന സർവീസ് വേണമെന്നാണ് പ്രവാസി കുടുംബങ്ങളുടെ ആവശ്യം.
Comments (0)