
20 ലക്ഷം രൂപയും വിമാന ടിക്കറ്റും കമ്പനി നൽകണം; യുഎഇയിൽ വനിതാ ഡോക്ടറുടെ നിയമ പോരാട്ടം വിജയിച്ചു
ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വെച്ച കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തിയ വനിതാ ഡോക്ടർക്ക് അനുകൂലമായി കോടതി വിധി. ശമ്പളവും നാട്ടിലേക്കുള്ള വിമാനടിക്കറ്റും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നൽകണമെന്ന് ലേബർ കോടതി ഉത്തരവിട്ടു. തെളിവുകൾ പരിശോധിച്ച കോടതി ശമ്പളം നൽകുന്നതിൽ കമ്പനിക്ക് വീഴ്ച്ച പറ്റി എന്ന് കണ്ടെത്തിയിരുന്നു.
ശമ്പള കുടിശ്ശികയിനത്തില്‍ 84,542 ദിർഹവും 1,500 ദിര്‍ഹമില്‍ കൂടാത്ത വിമാനടിക്കറ്റും ഡോക്ടർക്ക് നൽകണം. ഇതിന് പുറമെ ജോലി ചെയ്ത കാലത്തെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും കോടതിച്ചെലവും നല്‍കണമെന്നും ഉത്തരവിൽ പറയുന്നു. കരാർ പ്രകാരം ഡോക്ടര്‍ക്ക് 14,000 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 35,000 ദിര്‍ഹമായിരുന്നു മാസശമ്പളമായി നൽകാമെന്ന് കമ്പനി പറഞ്ഞിരുന്നത്. രണ്ട് വർഷത്തെ കരാർ ആയിരുന്നു ഇരുവരും തമ്മിൽ ഒപ്പ് വെച്ചത്.
എന്നാൽ ഡോക്ടർ ആറുമാസത്തില്‍ താഴെ മാത്രമാണ് ജോലി ചെയ്തത് എന്നും ഡോക്ടര്‍ ജോലി സമയത്തില്‍ വീഴ്ചവരുത്തിയതായും കൃത്യ സമയത്ത് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല എന്നും കമ്പനി കോടതിയിൽ വാദിച്ചു. പക്ഷെ,ഇത് സംബന്ധിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് സാധിച്ചില്ല. ഇതോടെയാണ് ഡോക്ടർക്ക് അനുകൂലമായി കോടതി വിധി പറഞ്ഞത്.
Comments (0)