
കോടതി നടപടികൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും, സിവിൽ, വാണിജ്യ നിയമങ്ങളിൽ നിർണ്ണായക ഭേതഗതികളുമായി കുവൈറ്റ്
കുവൈറ്റിൽ സിവിൽ, വാണിജ്യ നടപടിക്രമ നിയമം ഭേദഗതി ചെയ്തു. ജഡ്ജിമാരെ പിരിച്ചുവിടുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കുകയും ജാമ്യത്തുക വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഭേദഗതി രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരും. കേസ് നടപടികൾ വേഗത്തിലാക്കുക, സമയവും പ്രയത്നവും കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ ഡിജിറ്റൽ പരിവർത്തനത്തിന് വേഗത കൂട്ടുക എന്നിവയാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
.പ്രധാന ഭേദഗതികൾ അറിയാം
ആർട്ടിക്കിൾ 40: കരാറുകളുമായി ബന്ധപ്പെട്ട കേസുകളിൽ, കരാർ തുകയുടെ മൂല്യം, കൈമാറ്റം ചെയ്യപ്പെടുന്ന രണ്ട് തുകകളിൽ ഉയർന്നത്, അല്ലെങ്കിൽ കരാറിന്റെ മൊത്തം സാമ്പത്തിക പരിഗണന എന്നിവയുടെ അടിസ്ഥാനത്തിൽ കേസിന്റെ മൂല്യം കണക്കാക്കും.
ആർട്ടിക്കിൾ 45: കോടതി നടപടികൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റും. ഇലക്ട്രോണിക് വ്യവഹാര സംവിധാനം വഴി കേസുകൾ ഫയൽ ചെയ്യുക, അപ്പീലുകൾ സമർപ്പിക്കുക, ഫീസ് അടയ്ക്കുക, രേഖകൾ സമർപ്പിക്കുക, വീഡിയോ കോൺഫറൻസിംഗ് വഴി കോടതി നടപടികൾ നടത്തുക തുടങ്ങിയവ സാധ്യമാകും. അംഗീകൃത ഇലക്ട്രോണിക് ഒപ്പും ഉപയോഗിക്കാം.
ആർട്ടിക്കിൾ 106: ഒരു ജഡ്ജിയെ പിരിച്ചുവിടാൻ ആവശ്യമായ കാരണം ഉണ്ടായിട്ടും അദ്ദേഹം രാജിവയ്ക്കുന്നില്ലെങ്കിൽ, എതിർകക്ഷിക്ക് കോടതിയിൽ അപേക്ഷ നൽകാം. അപേക്ഷകൻ 200 കെഡി ഗ്യാരണ്ടി നൽകണം.
ആർട്ടിക്കിൾ 109: ആദ്യ അപ്പീൽ യഥാർത്ഥ കേസിന്റെ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ കാരണമാകും. അടിയന്തര സാഹചര്യങ്ങളിൽ, അപ്പീൽ പരിഗണിക്കുന്ന കോടതിക്ക്, കക്ഷികളിൽ ഒരാളുടെ അപേക്ഷ പരിഗണിച്ച്, പിരിച്ചുവിടാൻ ആവശ്യപ്പെട്ട ജഡ്ജിക്ക് പകരം മറ്റൊരാളെ നിയമിക്കാം.
ഈ ഭേദഗതികൾ നീതിന്യായ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമമാക്കാനും, നടപടിക്രമങ്ങൾ ലളിതമാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക ഗസറ്റ് പരിശോധിക്കാവുന്നതാണ്.
Comments (0)