Posted By Nazia Staff Editor Posted On

Uae new law;യുഎഇയിൽ വാട്സ്ആപ്പ് വഴി വിവാഹമോചനമോ? പുതിയ നിയമത്തെ കുറിച്ച് യുഎഇ

Uae new law: യുഎഇ: ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വാട്സ്ആപ്പ് പോലുള്ള മെസേജിംഗ് ആപ്പുകൾ മുഖേന ജീവിതത്തിൽ വലിയ തീരുമാനങ്ങൾ പോലും കൈകൊള്ളുന്നത് പുതിയ കാര്യമല്ല. അതിന്റെ ഭാഗമായി യുഎഇയിൽ താമസിക്കുന്ന ഒരു സ്ത്രീക്ക് ഭർത്താവ് വിദേശത്തുനിന്ന് വാട്ട്‌സ്ആപ്പ് വോയ്സ് നോട്ട് വഴി വിവാഹമോചനം പ്രഖ്യാപിച്ച സംഭവം നിയമപരമായ നിരവധി ചോദ്യങ്ങൾ ഉയര്‍ത്തുന്നു.

യുഎഇ നിയമം 2025ലെ പുതിയ നിയമങ്ങളും യുഎഇ എവിഡൻസ് നിയമവും ഫെഡറൽ ഡിക്രീ ലോ നമ്പർ 35/2022 എന്നിവയുടെ അടിസ്‌ഥാനത്തിൽ വിവാഹ മോചനത്തിന് ഡിജിറ്റൽ തെളിവുകൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, വോയ്‌സ് നോട്ടുകൾ, ഇമെയിലുകൾ, മറ്റ് ഇലക്ട്രോണിക് ആശയവിനിമയങ്ങൾ എന്നിവയെല്ലാം കോടതിയിൽ തെളിവായി സ്വീകരിക്കാൻ കഴിയും.

കൂടാതെ രേഖാമൂലമുള്ള മറ്റ് തെളിവുകൾക്ക് തുല്യമായ പ്രാധാന്യത്തോടെയാണ് ഇത് പരിഗണിക്കപ്പെടുന്നതും. അതിനാൽ വാട്ട്‌സ്ആപ്പ് വഴി നടന്ന വിവാഹമോചന പ്രഖ്യാപനം കോടതിയിൽ അവതരിപ്പിക്കുമ്പോൾ അതിന് നിയമപരമായ സാധുതയുണ്ടാകും. യുഎഇ പേഴ്‌സണൽ സ്റ്റാറ്റസ് നിയമം പ്രകാരം ഭർത്താവ് വിവാഹം വേര്‍പെടുത്താൻ ഉദ്ദേശിച്ചുവെന്ന് വ്യക്തമായാൽ അത് വാക്കുകളായോ, എഴുത്തായോ അറിയിക്കാമെന്നാണ് പറയുന്നത്.

അതായത് വാട്ട്‌സ്ആപ്പ് വോയ്സ് നോട്ടായോ ടെക്സ്റ്റായോ അയക്കാൻ സാധിക്കും. ആർട്ടിക്കിൾ 53, 54 പ്രകാരം ഭർത്താവിന്റെ ഉദ്ദേശം വ്യക്തമാക്കിയാൽ അതിന് നിയമപിന്തുണയും ലഭിക്കുന്നു. എന്നാൽ ആർട്ടിക്കിൾ 58 പ്രകാരം വിവാഹമോചനം പ്രഖ്യാപിച്ച ശേഷം 15 ദിവസത്തിനുള്ളിൽ അതിനെക്കുറിച്ചുള്ള രേഖ യോഗ്യതയുള്ള കോടതിയിൽ സമർപ്പിക്കണം. ഭർത്താവ് വിദേശത്തായിരുന്നാലും ഭാര്യ യുഎഇയിൽ താമസിക്കുന്നുണ്ടെങ്കിൽ യുഎഇ കോടതി ഈ കേസ് പരിഗണിക്കും.

അതിനായി വോയ്സ് നോട്ട് ഉള്ളടക്കം നോട്ടറി പബ്ലിക് മുഖേന സാക്ഷ്യപ്പെടുത്തേണ്ടതാണ് എന്നും അറിയിച്ചു. തുടർന്ന് യുഎഇ എംബസിയും വിദേശകാര്യ മന്ത്രാലയവും നീതിന്യായ മന്ത്രാലയവും സ്ഥിരീകരിക്കും. ഈ പ്രക്രിയ നിയമപരമായി അനുവദനീയമാണെങ്കിലും അന്താരാഷ്ട്ര അധികാരപരിധി, രേഖകൾ തയ്യാറാക്കൽ, നടപടിക്രമങ്ങൾ പാലിക്കൽ എന്നിവയെക്കുറിച്ചുള്ള കാര്യങ്ങൾ സങ്കീർണ്ണമാണ്.

അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ഒരു നിയമ വിദഗ്ദ്ധന്റെ സഹായം തേടുന്നത് നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിയമപരമായ വഴികൾ ശരിയായ രീതിയിൽ പിന്തുടരാനും വളരെ പ്രധാനമാണ്. നിയമപരമായ കാര്യങ്ങളിൽ വ്യക്തമായ ധാരണ ലഭിക്കാൻ ഇത് നിങ്ങളെ ഏറെ സഹായിക്കും. അതേസമയം വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പോലുള്ള ഡിജിറ്റൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുമ്പോൾ അവയുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

സന്ദേശങ്ങൾ എഡിറ്റ് ചെയ്യപ്പെടുകയോ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ സാങ്കേതിക വിദഗ്ധരുടെ സഹായം വേണ്ടിവന്നേക്കാം. കൂടാതെ ഈ സന്ദേശങ്ങൾ കൃത്യമായി അറബിയിലേക്ക് വിവർത്തനം ചെയ്ത് നിയമപരമായ വിവർത്തകരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയും വേണം. ഈ കാര്യം നിർബന്ധമാണ്.

വിവാഹമോചനം ഭർത്താവ് വാട്ട്‌സ്ആപ്പ് വഴി അറിയിച്ചാലും, അത് കോടതിയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പോലും, വിവാഹമോചനം നടന്നുവെന്ന് തെളിയിക്കാൻ ഭാര്യക്ക് അവകാശമുള്ളതായും വ്യക്തമാകുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *