Posted By Nazia Staff Editor Posted On

Indian Students in the UAE ;യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡും അപാര്‍ ഐഡിയും ആവശ്യമുണ്ടോ?; സിബിഎസ്ഇയുടെ പുതിയ നിയമം പറയുന്നതിങ്ങനെ

Indian Students in the UAE ;ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്കയുണര്‍ത്തി സിബിഎസ്ഇയുടെ പുതിയ നിയമം. ചില സിബിഎസ്ഇ സ്‌കൂളുകള്‍ അപാര്‍ ഐഡി ഉണ്ടാക്കാന്‍ കുട്ടികളോട് ആധാര്‍ നമ്പര്‍ ആവശ്യപ്പെട്ടിരുന്നു.

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപാര്‍ ഐഡി നിര്‍ബന്ധമാക്കിയതായി വിവിധ ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്താണ് അപാര്‍ ഐഡി?

അപാര്‍ ഐഡി എന്നാല്‍ ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്നാണ് അര്‍ത്ഥമാക്കുന്നത്. 2020ലെ പുതിയ വിദ്യാഭ്യാസ നയമനുസരിച്ചാണ് അപാര്‍ ഐഡി വിഭാവനം ചെയ്തിരിക്കുന്നത്. പ്രീ പ്രൈമറി ക്ലാസുകള്‍ മുതല്‍ ഡിഗ്രി ക്ലാസുകള്‍ വരെയുള്ള ഒരു വിദ്യാര്‍ത്ഥിയുടെ പ്രയാണം ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഒരു തിരിച്ചറിയല്‍ നമ്പറാണ് അപാര്‍ ഐഡി.

വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റലൈസേഷന്‍ പ്രകാരം ഇന്ത്യയിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അപാര്‍ ഐഡി നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അടുത്തിടെ വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപാര്‍ ഐഡി വേണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും 2026ലെ ബോര്‍ഡ് എക്‌സാം എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ നിലവില്‍ സിബിഎസ്ഇ അപാര്‍ ഐഡി നിര്‍ബന്ധമാക്കിയിട്ടുള്ളൂ. നേരത്തേ 9, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ക്കൊപ്പം 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ പട്ടികയും അയക്കണമെന്ന് ബോര്‍ഡ് സ്‌കൂളുകളോട് ആവശ്യപ്പെട്ടിരുന്നു. ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള രജിസ്‌ട്രേഷന് ഇനി മുതല്‍ അപാര്‍ ഐഡിയും ആവശ്യമാണ്. അപാര്‍ ഐഡി ഉണ്ടാക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ പേര്, പ്രായം, ജനനത്തീയതി, ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ എന്നിവ ഹാജരാക്കണം.  

ചില സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും സബ്‌സിഡികള്‍ക്കും പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനും ചില ബാങ്കിംഗ് സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് അനിവാര്യമാണ്.

ആധാര്‍ കാര്‍ഡ് അപാര്‍ ഐഡിയുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഡാറ്റ സുരക്ഷയെയും സ്വകാര്യതയെയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലാത്തതിനാല്‍ മിക്ക ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും ആധാര്‍ കാര്‍ഡില്ല. യുഎഇയിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ ഐഡി ലഭിക്കില്ല. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *