
വീടിനുള്ളിൽ ഒതുങ്ങണ്ട ; വ്യായാമം ചെയ്യാൻ മാളുകളിലേക്ക് വിട്ടോ.. ‘ദുബൈ മാളത്തൺ’
ചൂട് വർധിച്ചതോടെ പൊതു ജനങ്ങൾ വ്യായാമം ചെയ്യുന്നത് കുറഞ്ഞതായും, വീടിനുള്ളിൽ തന്നെ ഒതുങ്ങികൂടുന്നത് കൊണ്ട് വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായും ദുബൈ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു പുതിയ പദ്ധതി ദുബൈ അവതരിപ്പിച്ചിട്ടുണ്ട്. വ്യായാമത്തിനായി നഗരത്തിലെ മാളുകള്‍ ഉപയോഗപ്പെടുത്താനുള്ള പ്രത്യേക പദ്ധതി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
‘ദുബൈ മാളത്തൺ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി പൊതു ജനങ്ങൾക്ക് മാളുകളില്‍ വ്യായാമം ചെയ്യാനുള്ള സൗകര്യം ലഭിക്കും. ആഗസ്റ്റ് മുതലാണ് പദ്ധതി ആരംഭിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ പത്തു വരെ വ്യായാമത്തിനായി മാളുകളിൽ അവസരമൊരുക്കും. ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സ്പ്രിങ്സ് സൂഖ്, സിറ്റി സെന്റർ ദേര, സിറ്റി സെന്റർ മിർദിഫ്, മാൾ ഓഫ് എമിറേറ്റ്സ് തുടങ്ങിയ മാളുകളിലാണ് നിലവിൽ വ്യായാമത്തിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്.
നടക്കാനും ഓടാനുമുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ പാത്ത്വേ ഇവിടെ നിർമ്മിക്കും. എയർ കണ്ടിഷൻ ചെയ്ത മാളുകളിൽ വ്യയാമം ചെയ്യാൻ ലഭിക്കുന്ന അവസരം പുതിയൊരു അനുഭവം കൂടിയാകും ജനങ്ങൾക്ക് സമ്മാനിക്കുക. മാളത്തോണിൽ പങ്കെടുക്കുന്നത്തിനായി www.dubaimallathon.ae എന്ന വെബ്സൈറ്റ് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാം.


Comments (0)