Current UAE gold price displayed on a digital chart with gold bars and coins in the background.

Gold prices in Dubai;ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

Gold prices in Dubai;ദുബൈ: ദുബൈയിലെ സ്വർണവിലയിൽ വൻ കുതിപ്പ്. ഒരു ഔൺസിന് 3,575 ഡോളറിനു മുകളിൽ എത്തി റെക്കോർഡ് തകർത്ത സ്വർണം, 2026-ഓടെ 5,000 ഡോളർ എന്ന നാഴികക്കല്ലിലേക്ക് കുതിക്കുമെന്നാണ് വാൾസ്ട്രീറ്റിലെ വിദ​ഗ്ധരുടെ കണക്കുകൂട്ടൽ.

5000 ഡോളറിലേക്കുള്ള കുതിപ്പ്

യുഎസ് ഫെഡറൽ റിസർവിനോടുള്ള വിശ്വാസം ദുർബലമാവുകയും 27 ട്രില്യൺ ഡോളറിന്റെ യുഎസ് ട്രഷറി മാർക്കറ്റിന്റെ 1% പോലും സ്വർണമായി മാറുകയും ചെയ്താൽ, വില 5,000 ഡോളറിലേക്ക് എത്തുമെന്ന് ഗോൾഡ്മാൻ സാക്സിന്റെ വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2026 മധ്യത്തോടെ 4,000 ഡോളറിലേക്കും, പിന്നീട് 4,500-5,000 ഡോളർ വരെയും എത്താനുള്ള സാധ്യത അവർ ചൂണ്ടിക്കാട്ടുന്നു.

“നിരന്തരമായ ഡിമാൻഡ്, പലിശനിരക്ക് കുറയൽ, ഡോളറിന്റെ ദൗർബല്യം എന്നിവ കാരണം 2026 തുടക്കത്തിൽ സ്വർണവില 5,000 ഡോളർ കടക്കും,” ഡിവെയർ ഗ്രൂപ്പ് സിഇഒ നിഗൽ ഗ്രീൻ പ്രതികരിച്ചു. “ഇതിന്റെ കാരണങ്ങൾ ഇപ്പോൾ തന്നെ വ്യക്തമാണ്, ആക്കം കൂടിവരികയാണ്.” അദ്ദേഹം വ്യക്തമാക്കി.

ദുബൈയിൽ ആഭരണങ്ങൾ വാങ്ങുന്നതിന് ചിലവേറും

യുഎഇ നിവാസികൾക്ക് ഈ പ്രവചനം വെറും സംഖ്യകളല്ല. ദുബൈയിലെ ​ഗോൾഡ് സൂഖുകളിൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക് വളകൾ, ചെയിനുകൾ, മോതിരങ്ങൾ എന്നിവയ്ക്ക് ഇനി കൂടുതൽ പണം മുടക്കേണ്ടിവരും. വിനോദസഞ്ചാരികളും നിക്ഷേപകരും തിരക്കുകൂട്ടുമ്പോൾ, വിൽപ്പനക്കാർക്ക് അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം. അസ്ഥിരമായ കറൻസികളുടെയും കുതിച്ചുയരുന്ന കടങ്ങളുടെയും ലോകത്ത്, സ്വർണം വീണ്ടും സുരക്ഷിത നിക്ഷേപമാണെന്ന് തെളിയിക്കപ്പെടുകയാണ്.

സ്വർണത്തിന്റെ വില കുതിക്കാനുള്ള കാരണങ്ങൾ

കേന്ദ്ര ബാങ്കുകളുടെ ശേഖരണം: ചൈന 22 മാസമായി തുടർച്ചയായി സ്വർണം ശേഖരിക്കുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളും കഴിഞ്ഞ പതിറ്റാണ്ടുകളെ അപേക്ഷിച്ച് കൂടുതൽ സ്വർണം വാങ്ങുന്നു.

വിതരണക്കുറവ്: ഖനന ഉൽപ്പാദനം സ്തംഭനാവസ്ഥയിൽ, പുതിയ കണ്ടെത്തലുകൾ അപൂർവം. പരിസ്ഥിതി ചെലവുകളും വർധിക്കുന്നു.

ഡോളറിന്റെ ദൗർബല്യം: ഡോളർ ദുർബലമാവുന്നത് സ്വർണം വാങ്ങുന്ന വിദേശികൾക്ക് ഈ ലോഹത്തെ കൂടുതൽ ആകർഷകമാക്കുന്നു.

ട്രംപിന്റെ നടപടികൾ: ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തിനെതിരെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കങ്ങൾ വിപണികളെ പിടിച്ചുലയ്ക്കുന്നു.

“സർക്കാരുകൾ പ്രവചനാതീതമാകുമ്പോൾ സ്വർണം തിളങ്ങും,” ഗ്രീൻ പറയുന്നു. “കമ്മി വർധിക്കുകയും, വ്യാപാരനയങ്ങൾ അസ്ഥിരമാവുകയും, പണപ്പെരുപ്പം ചൂട് പിടിക്കുകയും ചെയ്യുന്നതിനാൽ, നിക്ഷേപകർ സ്വർണത്തിലേക്ക് ഒഴുകുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ വില

സ്പോട്ട് ഗോൾഡിന് ഇപ്പോൾ 3,540 ഡോളറിനടുത്താണ് വില. 2011-ന് ശേഷം ആദ്യമായി വെള്ളിയും ഔൺസിന് 40 ഡോളർ കടന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *