
ദുബൈയിലെ 218 കോടി രൂപ വിലമതിക്കുന്ന വജ്രം മോഷ്ടിക്കാന്‍ ശ്രമം ; മൂന്ന് പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
ദുബൈയില്‍ അപൂര്‍വ്വവും വിലയേറിയതുമായ വജ്രം മോഷ്ടിക്കാന്‍ ശ്രമം. 25 മില്യൺ ഡോളര്‍ (218 കോടി രൂപ) വിലയുള്ള വജ്രം മോഷ്ടിക്കാന്‍ ശ്രമിച്ച മൂന്ന് പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. രത്ന വ്യാപാരിയിൽ നിന്ന് ഇത് തട്ടിയെടുത്ത് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം.
ഏഷ്യക്കാരാണ് പിടിയിലായത്. 3 ഏഷ്യക്കാർ വെറും 8 മണിക്കൂർ കൊണ്ടാണ് പിടിയിലായത്. മൂന്ന് ഏഷ്യക്കാര്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് വെളിപ്പെടുത്തി. അധികൃതരുടെ കൃത്യമായ ഇടപെടലില്‍ സംഘത്തെ എട്ട് മണിക്കൂറില്‍ പിടികൂടാനായി. ദുബൈ മീഡിയ ഓഫീസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും ശുദ്ധമായ, ലോകത്തിലെ ഏറ്റവും അപൂർവമായ വജ്രങ്ങളിൽ ഒന്നാണ് 21 കാരറ്റുള്ള ഈ പിങ്ക് വജ്രം. ലോകത്ത് ഇത് 0.01 ശതമാനം മാത്രമാണുള്ളത്. അത്രയും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ വജ്രം അടുത്തിടെ ദുബൈയിലെ ഒരു പ്രാദേശിക വ്യാപാരിയുടെ പക്കലെത്തിയെന്ന് മനസ്സിലാക്കിയാണ് സംഘം കവർച്ചക്ക് പദ്ധതിയിട്ടത്. യൂറോപ്പില്‍ നിന്ന് ഈ വജ്രം ദുബൈയിലെത്തിയ വിവരം കവര്‍ച്ചാ സംഘം മനസ്സിലാക്കി പദ്ധതി തയ്യാറാക്കുകയായിരുന്നു.
വ്യാജ പേരുവിവരങ്ങള്‍ നല്കി സംഘം വ്യാപാരിയെ ബന്ധപ്പെട്ടു. വ്യാജ ഐഡന്റിറ്റികള്‍ ഉപയോഗിച്ച് പ്രതികൾ വ്യാപാരിയെ സമീപിച്ചു. ഒരു സമ്പന്നനായ ഉപഭോക്താവിന്റെ ഇടനിലക്കാർ എന്ന നിലയിലാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്. വിശ്വാസം നേടിയെടുക്കാൻ ഇവർ ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുക്കുകയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കൂടിക്കാഴ്ചകൾ നടത്തുകയും ഒരു രത്ന വിദഗ്ദ്ധനെ കൂടെ കൂട്ടുകയും ചെയ്തു. ഇവരുടെ തന്ത്രം വിശ്വസിച്ച വ്യാപാരി താന്‍ വളരെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന വജ്രം ഇവര്‍ക്ക് കാണുന്നതിനായി ഒരു സ്വകാര്യ വില്ലയിലേക്ക് കൊണ്ടുപോയി. ആഡംബര വില്ലയിൽ വെച്ചാണ് സംഘം രത്നം മോഷ്ടിക്കാനുള്ള അവസരം മുതലെടുത്തത്. എന്നാൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദുബൈ പൊലീസ് വളരെ വേഗത്തിൽ പ്രതികളെ തിരിച്ചറിയുകയും അവരുടെ താമസ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു.
മോഷണത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ദുബൈ പൊലീസ് അതിവേഗത്തിലുള്ള ഓപ്പറേഷൻ ആരംഭിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനോളജി വിഭാഗം നൂതന നിരീക്ഷണ, ട്രാക്കിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രതികളെ ഉടൻ തിരിച്ചറിഞ്ഞു. പ്രതികൾ ആദ്യം ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. എന്നാൽ, മോഷണശേഷം ഇവർ പലയിടങ്ങളിലായി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന്, പൊലീസ് ഒരേസമയം ഇവരുടെ ഒളിത്താവളങ്ങളിൽ റെയ്ഡ് നടത്തി. തട്ടിയെടുത്ത വജ്രം ഒരു ചെറിയ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇത് രഹസ്യമായി ഒരു ഏഷ്യൻ രാജ്യത്തേക്ക് കടത്തുന്നതിന് മുമ്പ് താൽക്കാലികമായി സൂക്ഷിക്കാൻ വേണ്ടിയായിരുന്നു സംഘം ഇവിടെ വെച്ചത്. 999-ൽ വിളിച്ച് അറിയിച്ചതിന് ശേഷം മിനിറ്റുകൾക്കകം നിരവധി പൊലീസ് പട്രോൾ സംഘങ്ങൾ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും തനിക്ക് നിരന്തരമായ ഉറപ്പ് നൽകുകയും ചെയ്തതായി വ്യാപാരി പറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ പ്രതികളെ പിടികൂടിയെന്നും വജ്രം കണ്ടെടുത്തെന്നും അറിയിക്കാൻ അവർ എന്നെ വിളിച്ചപ്പോൾ താൻ അത്ഭുതപ്പെട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)