Posted By Nazia Staff Editor Posted On

Dubai Police Warn Parents;കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

Dubai Police Warn Parents;ദുബൈ: വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ വീഡിയോ ഗെയിമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സാഹചര്യത്തില്‍, ഇലക്ട്രോണിക് ഗെയിമുകളുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ രക്ഷിതാക്കള്‍ മേല്‍നോട്ടം വഹിക്കണമെന്ന് ദുബൈ പൊലിസിന്റെ സൈബര്‍ ക്രൈം വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ കീഴിലാണ് സൈബര്‍ ക്രൈം വകുപ്പ് പ്രവര്‍ത്തിക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍, ഭീഷണിപ്പെടുത്തല്‍, അഡിക്ഷന്‍ തുടങ്ങിയ അനാരോഗ്യകരമായ പെരുമാറ്റങ്ങള്‍ തടയുന്നതിന് രക്ഷിതാക്കളുടെ സജീവ ഇടപെടല്‍ നിര്‍ണായകമാണെന്ന് സൈബര്‍ ക്രൈം വകുപ്പ് വ്യക്തമാക്കി. ഗെയിമുകളിലെ സംവേദനാത്മക ഫീച്ചറുകള്‍ വഴി അപരിചിതരുമായുള്ള ആശയവിനിമയം ഒഴിവാക്കാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ‘ഗെയിമുകളുടെ ഉള്ളടക്കം പ്രായത്തിന് അനുയോജ്യമാണോ എന്ന് രക്ഷിതാക്കള്‍ പരിശോധിക്കണം. വഞ്ചന, കൊള്ളയടിക്കല്‍, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് കുട്ടികളെ ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള ഫീച്ചറുകളെക്കുറിച്ച് ജാഗ്രത പാലിക്കണം,’ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

കുട്ടികളെ സൈബര്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ദുബൈ പൊലിസ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍:

  • ഉപകരണങ്ങളില്‍ രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ (Parental Cotnrols) സജീവമാക്കുക.
  • കുട്ടികളുടെ ഓണ്‍ലൈന്‍ പെരുമാറ്റവും ഗെയിമുകളും നിരന്തരം നിരീക്ഷിക്കുക.
  • ഗെയിമുകള്‍ പ്രായത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുക.
  • വ്യക്തിഗത വിവരങ്ങളോ ഫോട്ടോകളോ ഗെയിമുകളില്‍ പങ്കിടരുതെന്ന് കുട്ടികളെ ഓര്‍മിപ്പിക്കുക.
  • ഗെയിമിംഗിന് സമയപരിധി നിശ്ചയിക്കുക.
  • അവധിക്കാലത്ത് വിനോദ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാര്‍ഗങ്ങള്‍
വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ‘ഇക്രൈം’ പ്ലാറ്റ്‌ഫോം, 901 എന്ന നമ്പര്‍, ദുബൈ പൊലിസ് ആപ്പ്, അല്ലെങ്കില്‍ വെബ്‌സൈറ്റ് (www.dubaipolice.gov.ae) വഴിയോ റിപ്പോര്‍ട്ട് ചെയ്യാമെന്ന് വകുപ്പ് അറിയിച്ചു.

ഓണ്‍ലൈന്‍ അവബോധ പ്ലാറ്റ്‌ഫോം

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍, ദുബൈ പൊലിസിന്റെ വിദ്യാഭ്യാസ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ https://ecrimehub.gov.ae/ar സന്ദര്‍ശിക്കാന്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമായ ഈ പ്ലാറ്റ്‌ഫോം, സൈബര്‍ തട്ടിപ്പുകള്‍ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. കുട്ടികള്‍, രക്ഷിതാക്കള്‍, ബിസിനസ് ഉടമകള്‍, ജീവനക്കാര്‍, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എന്നിവര്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ പ്ലാറ്റ്‌ഫോം എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *