Posted By greeshma venugopal Posted On

ദുബൈ ജനസംഖ്യ 40 ലക്ഷമായി, 14 വർഷം കൊണ്ട് താമസക്കാരുടെ എണ്ണത്തിൽ 20 ലക്ഷം വർദ്ധന

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യനിരക്കിൽ ദുബൈ എത്തി. ദുബൈ ഡേറ്റാ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ കണക്കുകൾ പ്രകാരം ദുബൈയിലെ ജനസംഖ്യ ഇന്ന് 40 ലക്ഷത്തിലെത്തി. 14 വർഷത്തിനുള്ളിലാണ് ദുബൈയിലെ താമസക്കാരുടെ സംഖ്യ ഇരട്ടിയായത്. 2011 ൽ ദുബൈയിലെ താമസക്കാരുടെ എണ്ണം 20 ലക്ഷമായിരുന്നു. ഈ 14 വർഷത്തിലെ രണ്ട് ഏഴ് വർഷക്കാലയളവിൽ ദുബൈ ഇതുവരെ കണ്ടതിൽ വച്ചേറ്റവും വലിയ വർദ്ധനാവാണ് ഇവിടെ താസമിക്കുന്നവരുടെ എണ്ണത്തിൽ കണ്ടത്.

കഴിഞ്ഞ 50 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ താമസക്കാർ എത്തിയതിലൂടെ ജനസംഖ്യ വർദ്ധിച്ച പ്രദേശങ്ങളിലൊന്നുമാണ് ദുബൈ എന്ന് കണക്കുകൾ കാണിക്കുന്നു. 1975 ലെ ദുബൈയിലെ ജനസംഖ്യയുടെ കണക്ക് രണ്ട് ലക്ഷത്തിൽ താഴെയായിരുന്നു. ദുബൈ ഡേറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ കണക്കുകൾ പ്രകാരം അന്ന് 187,187 ആയിരുന്നു ജനസംഖ്യ.
എന്നാൽ ദുബൈയുടെ വികസനത്തിനൊപ്പം ഇവിടേക്ക് വരുന്നവരുടെ എണ്ണത്തിലും ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തി. ഇത് ഇവിടുത്തെ ജനസംഖ്യ വർദ്ധനവിന് കാരണമായി.

1975ൽ രണ്ട് ലക്ഷത്തിൽ താഴെയായിരുന്ന ദുബൈ ജനസംഖ്യ പത്ത് ലക്ഷം ആയത് 2002 ലെത്തിയപ്പോഴായിരുന്നു. എന്നാൽ ഒമ്പത് വർഷം പിന്നിട്ട് 2011 ലെത്തിയപ്പോൾ ജനസംഖ്യ 20 ലക്ഷമായി ഉയർന്നു.
അടുത്ത ഏഴ് വർഷം കഴിഞ്ഞപ്പോൾ അതായത് 2018 ൽ ദുബൈയിലെ ജനസംഖ്യ 30 ലക്ഷമായി മാറി. ഏഴ് വർഷം കഴിഞ്ഞപ്പോൾ ഇന്ന് അത് 40 ലക്ഷമായി ഉയർന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വളർച്ചാ നിരക്ക് ഇതേ നിലയിൽ തുടർന്നാൽ, 2032 ഓടെ ദുബൈ ജനസംഖ്യ 50 ലക്ഷമായും 2039 ഓടെ 60 ലക്ഷമായും ഉയരും. ഇത് ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ പ്രകാരം കണക്കാക്കിയ 58 ലക്ഷം എന്ന കണക്കിനെ മറികടക്കാൻ സാധ്യതയുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2021-ൽ ദുബൈയിലെ താമസക്കാരുടെ എണ്ണത്തിലെ വളർച്ച വളരെ മന്ദഗതിയിലായി. അന്ന് ധാരാളം കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുകയും നിരവധി ആളുകൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.

മഹാമാരിയുടെ കാലം മാറിയതിന് ശേഷം, നിക്ഷേപത്തിന് ഉയർന്ന വരുമാനം, മികച്ച തൊഴിലവസരങ്ങൾ, ലോകോത്തര ജീവിതശൈലി, സുരക്ഷ എന്നിവയുടെ മികവാർന്ന സാഹചര്യത്തിൽ ബിസിനസുകാർ, പ്രൊഫഷണലുകൾ, കോടീശ്വരന്മാർ, ശതകോടീശ്വരന്മാർ എന്നിവരുടെ ആകർഷണ കേന്ദ്രമായി ദുബൈ വീണ്ടും ഉയർന്നുവന്നു.

ഇതോടെ തൊഴിലവസരങ്ങൾ വീണ്ടും വർദ്ധിച്ചു. അതോടെ ആളുകൾ ദുബൈയിലേക്ക് എത്തുകയും ചെയ്തു. ഇതോടെ ഇടക്കാലത്ത് ജനസംഖ്യയിൽ വന്ന കുറവ് മാറുകയും വർദ്ധനവ് രേഖപ്പെടുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *