Posted By Nazia Staff Editor Posted On

Dubai Residents;ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

Dubai Residents:ദുബൈ: 2025ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇ-സ്‌കൂട്ടര്‍ ദുരുപയോഗവും ജെയ്‌വാക്കിംഗും മൂലം ദുബൈയില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2024ല്‍ ഇസ്‌കൂട്ടറുകളും സൈക്കിളുകളും ഉള്‍പ്പെട്ട 254 അപകടങ്ങളില്‍ 10 മരണവും 259 പേര്‍ക്ക് പരുക്കും സംഭവിച്ചതിന്റെ തുടര്‍ച്ചയാണ് ഈ കണക്കുകള്‍. അകടങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ മൈക്രോമൊബിലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.

വര്‍ധിക്കുന്ന അപകടങ്ങള്‍

സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാര്‍ഗമായി ഇ-സ്‌കൂട്ടറുകളും ഇ-ബൈക്കുകളും ജനപ്രിയമാണെങ്കിലും അവയുടെ ദുരുപയോഗം ഗതാഗത നിയമലംഘനങ്ങളുടെയും മരണങ്ങളുടെയും വര്‍ധനവിന് കാരണമായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്താമക്കുന്നത്. വിക്ടറി ഹൈറ്റ്‌സ്, ജുമൈറ ബീച്ച് റെസിഡന്‍സ് (ജെബിആര്‍) തുടങ്ങിയ റെസിഡന്‍ഷ്യല്‍ പ്രദേശങ്ങള്‍ ഇസ്‌കൂട്ടറുകളുടെയും ഇബൈക്കുകളുടെയും ഉപയോഗം പൂര്‍ണമായി നിരോധിച്ചു.

സുരക്ഷാ ആശങ്കകളും നിരോധനവും

സുരക്ഷാ അപകടങ്ങളും പൊതുമുതലിന്റെ നാശവും സംബന്ധിച്ച താമസക്കാരുടെ നിരന്തര പരാതികളാണ് നിരോധനത്തിന് കാരണമെന്ന് വിക്ടറി ഹൈറ്റ്‌സ് ഓണേഴ്‌സ് കമ്മിറ്റി ഖലീജ് ടൈംസിനോട് വ്യക്തമാക്കി. കാല്‍നടയാത്രക്കാരുടെ പാതകളിലൂടെ അശ്രദ്ധമായി വാഹനമോടിക്കല്‍, പൊതുമുതലിന് കേടുപാടുകള്‍ വരുത്തല്‍, സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ താമസക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2024 ഓഗസ്റ്റില്‍ ജെബിആര്‍ കമ്മ്യൂണിറ്റിയും സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ‘താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ദി വാക്കിന്റെ ഗ്രൗണ്ട്, പ്ലാസ ലെവലുകളില്‍ ബാറ്ററി പ്രവര്‍ത്തിത മൊബിലിറ്റി ഉപകരണങ്ങള്‍ നിരോധിച്ചു,’ ദുബൈ കമ്മ്യൂണിറ്റി മാനേജ്‌മെന്റ് അറിയിച്ചു.

നിരോധനത്തെ ചിലര്‍ പിന്തുണച്ചപ്പോള്‍, മറ്റുചിലര്‍ ഇത് യുവ റൈഡര്‍മാരുടെ താല്‍പ്പര്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നാണ് വാദിക്കുന്നത്. ‘നിരോധനം അന്യായമാണ്. ഇ-ബൈക്കുകള്‍ പഠന സമ്മര്‍ദ്ദം കുറയ്ക്കാനും സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്താനും സഹായിക്കുന്നു. ഉത്തരവാദിത്തമില്ലാത്ത ചുരുക്കം ചില റൈഡര്‍മാര്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്,’ 16 വര്‍ഷമായി വിക്ടറി ഹൈറ്റ്‌സില്‍ താമസിക്കുന്ന ലൂക്കാസ് പെട്രെ പറഞ്ഞു.

‘ദുബൈയില്‍ സുരക്ഷിതമല്ലാത്ത ഡ്രൈവര്‍മാര്‍ ഉണ്ടെങ്കില്‍, കാറുകളും നിരോധിക്കണം. അവ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു,’ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി വാദിച്ചു. ‘നിരോധനം ലാഘവത്തോടെ എടുത്ത തീരുമാനമല്ല. സുരക്ഷയും കമ്മ്യൂണിറ്റി ക്ഷേമവും ഉറപ്പാക്കാനാണ് ഈ നടപടി,’ വിക്ടറി ഹൈറ്റ്‌സ് ഓണേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

കര്‍ശന നടപടികള്‍ ആവശ്യം

‘ഇ-സ്‌കൂട്ടറോ ഇ-ബൈക്കോ ഉപയോഗിക്കുന്നതിന് മുമ്പ് റൈഡര്‍മാര്‍ പരീക്ഷ പാസാകണം. ഇപ്പോള്‍ ഇവ മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് ഭീഷണിയാണ്,’ ഒരാള്‍ ആവശ്യപ്പെട്ടു. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ ഗൗരവ് നന്ദ്കിയോലിയാര്‍, റൈഡര്‍മാര്‍ പാതകളില്‍ ഒതുങ്ങാതെയും ഹെല്‍മെറ്റോ റിഫ്‌ലക്ടീവ് ഗിയറോ ധരിക്കാതെയും അശ്രദ്ധമായി വാഹനമോടിക്കുന്നതിനെ വിമര്‍ശിച്ചു. ‘അവര്‍ മുന്നറിയിപ്പില്ലാതെ ഫുട്പാത്തില്‍ നിന്ന് റോഡിലേക്ക് മാറുന്നു, ഇത് അപകടകരമാണ്,’ അദ്ദേഹം പറഞ്ഞു.

സമൂഹ ഉത്തരവാദിത്തം

‘മാതാപിതാക്കളും കമ്മ്യൂണിറ്റി മാനേജ്‌മെന്റും ഉത്തരവാദിത്തം ഏറ്റെടുക്കണം. ഗുരുതരമായ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം,’ നഗരത്തിലെ ഒരു താമസക്കാരി അഭ്യര്‍ത്ഥിച്ചു. ദുബൈയില്‍ ഇ-സ്‌കൂട്ടറുകള്‍ക്കും ഇ-ബൈക്കുകള്‍ക്കും കര്‍ശന നിയന്ത്രണങ്ങളോ നിരോധനമോ ആവശ്യമാണോ, അതോ ഇത് യുവാക്കളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണോ എന്ന ചര്‍ച്ച തുടരുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *