Posted By Nazia Staff Editor Posted On

uae travel alert: പ്രവാസികളെ…. ഈ 6 കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉറപ്പ് നിങ്ങളുടെ യാത്ര മുടങ്ങും;മാർഗനിർദേശങ്ങളുമായ് വിമാന കമ്പനികൾ

Uae travel alert; അബുദാബി/ദുബായ്/ഷാർജ ∙ മധ്യവേനൽ അവധിക്കു വിദേശത്തേക്കു പോകുന്നവരുടെ എണ്ണം വർധിച്ചതിനാൽ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപുതന്നെ എയർപോർട്ടിൽ എത്തണമെന്ന് വിമാന കമ്പനികൾ ആവശ്യപ്പെട്ടു. ഏതു ടെർമിനലിൽ നിന്നാണ് വിമാനം പുറപ്പെടുന്നത് എന്നത് മറക്കരുത്. 

വൈകി എത്തുന്നവർക്ക് നീണ്ട ക്യൂവിൽനിന്ന് യഥാസമയം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ വരും. ഇതുമൂലം യാത്ര മുടങ്ങാം. പീക്ക് സീസണിൽ എല്ലാ വിമാനങ്ങളും നിറയെ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത് എന്നതിനാൽ പുതിയൊരു സീറ്റ് ലഭിക്കുക പ്രയാസമാണ്. 

എയർപോർട്ടിലേക്കു പുറപ്പെടും മുൻപ് അതത് എയർലൈനുകളുടെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ പരിശോധിച്ച് സമയം ഉറപ്പാക്കണം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ മാത്രം ജൂലൈ 9 വരെ 34 ലക്ഷത്തിലേറെ പേർ യാത്ര ചെയ്യുമെന്നാണ് കണക്ക്. ദിവസേന ശരാശരി 2.65 ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും തിരക്കേറിയ ദിവസമായി കണക്കാക്കുന്നത് ജൂലൈ 5നും.

ഇത്തിഹാദിന് 4 മണിക്കൂർ മുൻപ്
അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വേനൽ അവധിക്കാലത്ത് 70 ലക്ഷം പേർ യാത്ര ചെയ്യുമെന്നാണ് കണക്ക്. യാത്രക്കാർക്ക് 4 മണിക്കൂർ മുൻപു വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കണമെന്ന് വിമാന കമ്പനികൾ അറിയിച്ചു. 

ഓൺലൈൻ ചെക്ക്-ഇൻ ചെയ്തവർ അവസാന നിമിഷം എത്തിയാലും യാത്ര തടസ്സപ്പെടാം. ഇവരുടെ ചെക്ക്-ഇൻ മാത്രമാണ് പൂർത്തിയായതെന്നും എമിഗ്രേഷൻ, സുരക്ഷാ പരിശോധന എന്നിവിടങ്ങളിലെ തിരക്കും മുൻകൂട്ടി കണ്ട് അതിന് ആനുപാതിക സമയം കണക്കാക്കിയാണ് എത്തേണ്ടതെന്നും അധികൃതർ അറിയിച്ചു.

∙ തിരക്ക് ഒഴിവാക്കാൻ 3 തരം ചെക്ക്-ഇൻ  
ഹോം ചെക്ക്-ഇൻ, ഏർലി ചെക്ക്-ഇൻ, സിറ്റി ചെക്ക്-ഇൻ എന്നീ സൗകര്യം ഉപയോഗപ്പെടുത്തിയും തിരക്കിൽനിന്ന് രക്ഷപ്പെടാം. അല്ലാത്തവർ 3 മണിക്കൂറിന് മുൻപു തന്നെ വിമാനത്താവളത്തിൽ എത്തി നടപടി പൂർത്തിയാക്കണം.

ലഗേജിൽ ശ്രദ്ധിക്കണം
ലഗേജിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണം. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പവർ ബാങ്ക്, ബാറ്ററി എന്നിവ ഹാൻ ബാഗേജിൽ മാത്രമേ വയ്ക്കാവൂ. ബാഗേജ് നിയമം അനുസരിച്ച് പാക്ക് ചെയ്ത് വന്നാൽ സമയം ലാഭിക്കാം. 12 വയസ്സിനു മുകളിലുള്ളവർക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാം. പുറപ്പെടുന്നതിനു മുൻപ് യാത്രാ രേഖകളെല്ലാം ഉറപ്പാക്കുകയും ബാഗേജ് പരിധി പാലിക്കുകയും ചെയ്യണം.

ഹാൻഡ് ബാഗേജ്
ഭൂരിഭാഗം എയർലൈനുകളിലും ഹാൻഡ് ബാഗേജ് പരിധി 7 കിലോയാണ്.  
തൂക്കം കൂടിയാൽ അധിക ലഗേജിന് പണം അടയ്ക്കുകയോ അധിക ഭാരം ഒഴിവാക്കുകയോ ചെയ്യേണ്ടിവരും. ഇവ രണ്ടും സമയം നഷ്ടപ്പെടുത്തും. ഇനി ചെക്ക്-ഇൻ കൗണ്ടർ സ്റ്റാഫ് വിട്ടാലും ബോർഡിങ് ഗേറ്റിൽ പിടികൂടിയാൽ പണം അടയ്ക്കേണ്ടിവരും.  കൂടാതെ വലിയ ഹാൻഡ് ബാഗേജുകളും ബോഡിങ് ഗേറ്റിൽ പിടികൂടി ലഗേജിലേക്കു മാറ്റും. 

∙ പേര് പരിഷ്കരിച്ചാൽ യാത്ര മുടങ്ങും
പാസ്പോർട്ടിലെയും വിമാന ടിക്കറ്റിലെയും പേര് ഒരു പോലെയല്ലെങ്കിൽ യാത്ര മുടങ്ങാം.  പാസ്പോർട്ടിലെ നീണ്ട പേര് വിമാന ടിക്കറ്റിൽ ചുരുക്കി എഴുതിയാലും അക്ഷരത്തെറ്റ് ഉണ്ടെങ്കിലും യാത്ര തടസ്സപ്പെടാം. അതിനാൽ ടിക്കറ്റ് എടുക്കുന്നവർ ഇക്കാര്യം കൂടി ശ്രദ്ധിക്കണം.

∙ കുരുക്ക് ഒഴിവാക്കാൻ
ദുബായ് വിമാനത്താവളത്തിലെത്താനും മടങ്ങാനും മെട്രോ ഉപയോഗിക്കാം. എയർപോർട്ടിലേക്കുള്ള റോഡുകളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെട്ട് യഥാസമയം എയർപോർട്ടിൽ എത്താനാകും. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിലേക്കു പ്രവേശിപ്പിക്കൂ.  

Comments (0)

Leave a Reply

Your email address will not be published. Required fields are marked *