Posted By greeshma venugopal Posted On

ടിക്കറ്റ് നിരക്ക് സിംമ്പിളായി അറിയാം ; പുതിയ എ ഐ ടൂൾ അവതരിപ്പിച്ച് ഗൂഗിൾ, നിങ്ങൾ ഒന്ന് അറിഞ്ഞ് വച്ചോ

ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ. ഫ്‌ളൈറ്റ് ഡീലുകൾ എന്ന പേരിൽ പുതിയ എഐ പവേർഡ് സെർച്ച് ടൂൾ ഗൂഗിൾ അവതരിപ്പിച്ചു. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കാൻ നിർമിതബുദ്ധിയുടെ പിന്തുണയുള്ള പുതിയ സെർച്ച് ടൂൾ ആണ് ഗൂഗിൾ അവതരിപ്പിച്ചിട്ടുള്ളത്. ഫ്ളൈറ്റ് ഡീൽസ് സെർച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കായി ലഭ്യമാകും.

ഈ സെർച്ച് ടൂൾ വെബിലും മൊബൈലിലും പ്രവർത്തിക്കും. ഫ്ളൈറ്റ് ഡീൽസ് പേജ് വഴി നിങ്ങൾക്ക് ആക്‌സസ് ചെയ്യാമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓൺലൈനിൽ മികച്ച ഫ്ളൈറ്റ് ഡീലുകൾ കണ്ടെത്താൻ എഐ സഹായം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ സെർച്ച് ടൂൾ. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കുക എന്നതാണ് നിങ്ങളുടെ പ്രധാന ലക്ഷ്യമെങ്കിൽ പുതിയ എഐ സെർച്ച് ടൂൾ ഏറ്റവും മികച്ചതായിരിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ശരിയായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. മികച്ച ഉത്തരങ്ങൾ നിങ്ങളുടെ കൺമുന്നിൽ തെളിയുമെന്നും ഗൂഗിൾ വക്താവ് ചൂണ്ടിക്കാട്ടി.

ഉപയോക്താവ് എന്താണ് തിരയുന്നത് എന്നത് കൃത്യമായി മനസിലാക്കാൻ ഫ്ളൈറ്റ് ഡീൽസ് അതിന്റെ നൂതന എഐ മോഡലുകൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പ്രസക്തവും ഏറ്റവും പുതിയതുമായ ഫലങ്ങൾ നൽകുന്നതിന് ഗൂഗിൾ ഫ്ളൈറ്റ്സിന്റെ ലൈവ് ഡാറ്റയെ ആശ്രയിക്കുമെന്നും ഗൂഗിൾ പറയുന്നു. നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും നിങ്ങൾ നിശ്ചയിച്ച ബജറ്റിന്റെ അടിസ്ഥാനത്തിൽ ഫ്ളൈറ്റ് വിവരങ്ങൾ നൽകാനും സെർച്ച് ടാബിൽ ജെമിനി അടിസ്ഥാനമാക്കിയുള്ള സംവിധാനം ഉണ്ടായിരിക്കും.

നിങ്ങൾക്ക് എപ്പോൾ, എവിടെ, എങ്ങനെ യാത്ര ചെയ്യാനാണ് ഇഷ്ടമെന്ന് വിവരിക്കാം. ബാക്കിയുള്ള കാര്യങ്ങൾ ഫ്ളൈറ്റ് ഡീൽസ് നോക്കിക്കോളുമെന്ന് ഗൂഗിൾ അറിയിച്ചു. അതേസമയം, ഫ്ളൈറ്റ് ഡീൽസ് വരുന്നതോടെ ഗൂഗിളിന്റെ സാധാരണ ഫ്ളൈറ്റ്സ് ഫീച്ചർ അവസാനിക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല. വിമാന യാത്രാ ആസൂത്രണം മെച്ചപ്പെടുത്താൻ നിർമിതബുദ്ധിക്ക് എങ്ങനെ കഴിയുമെന്ന് വ്യക്തമാക്കാനുള്ള ഒരു പരീക്ഷണമാണ് നിലവിൽ ഫ്ളൈറ്റ് ഡീൽസ് എന്നും അധികൃതർ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *