pakisthan 320 people dead
Posted By greeshma venugopal Posted On

പാകിസ്ഥാനിൽ മിന്നല്‍ പ്രളയം ; 320 പേര്‍ മരിച്ചു

പാകിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 320 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. വടക്ക്-പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബുണര്‍ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ മാത്രം 157 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബുണെറില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മണ്ണിലും ചെളിയിലും പുതഞ്ഞു കിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.

മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ഒറ്റപ്പെട്ട ഇടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. മന്‍സെഹ്ര ജില്ലയിലെ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടന്ന രണ്ടായിരത്തോളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. സിറാന്‍ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. ഗ്ലേഷ്യല്‍ തടാകത്തിന്റെ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദുരന്ത മേഖലയായ ബജൗറിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 2 പൈലറ്റുമാര്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് അപകടം. ദുരന്തമേഖലയില്‍ പാക് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ മോശം കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *