
ചട്ട ലംഘനം നടത്തി ; കുവൈത്തിൽ നാല് ചാരിറ്റബിൾ അസോസിയേഷനുകൾ പിരിച്ചുവിട്ടു
കുവൈത്ത് സിറ്റി: ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്ന്ന് കുവൈത്തിൽ നാല് ചാരിറ്റബിൾ അസോസിയേഷനുകൾ പിരിച്ചുവിട്ട് സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈല. പിരിച്ചുവിട്ട അസോസിയേഷനുകളുടെ ഫണ്ടുകളും ആസ്തികളും ഇൻവെന്ററി ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുന്നതും തീരുമാനങ്ങളിൽ ഉൾപ്പെടുന്നുവെന്നും അംഗീകൃത നിയമ നടപടിക്രമങ്ങൾക്കനുസൃതമായി അവ സാമൂഹിക കാര്യ മന്ത്രാലയത്തിന് കൈമാറുമെന്നും അൽ-ഹുവൈല ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
സ്ഥാപനപരമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിനും പൊതുതാത്പര്യം സംരക്ഷിക്കുന്നതിനും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുടെ സമഗ്രത ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് അവർ അടിവരയിട്ടു.
പുതിയ അധ്യയന വർഷം ; കുവൈറ്റിൽ കാന്റീനുകളുടെ പ്രവർത്തനം ഇനി പുതിയ 20 കമ്പനികൾക്ക്, നിരവധി മാറ്റങ്ങൾ

കുവൈറ്റിൽ പുതിയ അധ്യയന വർഷത്തിൽ കാന്റീനുകളുടെ പ്രവർത്തനം ഇനി പുതിയ 20 കമ്പനികൾക്ക്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) ആണ് അംഗീകാരം നൽകിയത്. ഇതിനായി അപേക്ഷിച്ച 36 കമ്പനികളിൽ നിന്നാണ് ഈ 20 എണ്ണത്തിന് അംഗീകാരം ലഭിച്ചത്. സ്കൂൾ കാന്റീനുകൾക്കായുള്ള എക്സിക്യൂട്ടീവ് റെഗുലേഷനുകളിൽ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചതിനാലാണ് ഈ കമ്പനികൾക്ക് അനുമതി ലഭിച്ചതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ഡോ. ഷൈമ അൽ-അസ്ഫൂർ പറഞ്ഞു.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടെ ആരോഗ്യവും പോഷകാഹാര ശീലങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വികസന പദ്ധതിയാണെന്നും, ഇത് സ്കൂളുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അതോടൊപ്പം ശീതളപാനീയങ്ങൾ, ഊർജ്ജ പാനീയങ്ങൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ, പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റ് ഉൾപ്പെടുന്ന ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, ടിന്നിലടച്ച നൂഡിൽസ്, കൃത്രിമ നിറങ്ങൾ, ഉയർന്ന കലോറി സോസുകൾ, സംസ്കരിച്ച മാംസം എന്നിവക്ക് വിലക്കും ഏർപ്പെടുത്തി.
വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി പങ്കുവയ്ക്കുന്നതിന് കുവൈറ്റിൽ വിലക്ക്
വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി പങ്കുവെക്കുന്നത് തടഞ്ഞ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത പ്ലാറ്റ്ഫോമുകളോ ആപ്ലിക്കേഷനുകളോ വഴി വിദ്യാർത്ഥികളുടെ വ്യക്തിപരമായ വിവരങ്ങൾ ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് ഈ ഉത്തരവിലൂടെ കർശനമായി വിലക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
പുതിയ നിർദേശമനുസരിച്ച്, എല്ലാ വിവര ശേഖരണവും കൈകാര്യം ചെയ്യലും മന്ത്രാലയത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളിലും പ്ലാറ്റ്ഫോമുകളിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

നിങ്ങളിത് മറന്നോ ? ഒന്ന് കൂടെ ഓർമ്മപ്പെടുത്താം ; പഴയ അഡ്രസ് മാറ്റാൻ മറക്കരുത്; 100 ദിനാർ പിഴ ചുമത്തും
കുവൈത്ത് സിറ്റി: താമസ സ്ഥലം മാറിയിട്ടും രേഖകളിൽ പഴയ അഡ്രസ് തന്നെ ഉപയോഗിക്കുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്. പഴയ മേൽവിലാസം രേഖകളിൽ നിന്ന് ഒഴിവാക്കാൻ വിട്ടു പോയാൽ 100 ദിനാർ വരെ പിഴ ചുമത്തും. പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു.
മുൻപ് രേഖകളിൽ മാറ്റം വരുത്താതെ ഇരുന്ന 965 വ്യക്തിൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇവരുടെ അഡ്രസ് വിവരങ്ങൾ രേഖകളിൽനിന്ന് നീക്കം ചെയ്തു. ഈ മേൽ വിലാസത്തിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയോ അല്ലെങ്കിൽ കെട്ടിട ഉടമ നൽകിയ വിവരത്തിന്റെയോ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ അഡ്രസ് ഒഴിവാക്കിയ വ്യക്തികൾ തുടർ നടപടികൾ നേരിടേണ്ടി വരും.
താമസ സ്ഥലം മാറിയാൽ ആ വിവരം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫീസിലോ സഹൽ ആപ് വഴിയോ 30 ദിവസത്തിനുള്ളിൽ അറിയിക്കണം. രേഖകളിൽ മാറ്റം വരുത്തുന്നതിനായി ആവശ്യമായ അപേക്ഷ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഈ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ 100 ദിനാർ പിഴയായി ആദ്യകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
മരണ പാച്ചിലുകൾ ഒഴിവാക്കണേ.. കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 1179 അപകടങ്ങൾ

കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 1179 അപകടങ്ങൾ. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. ഈ അപകടങ്ങളിൽ 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ച 79 പ്രായപൂർത്തിയാകാത്തവരെ പിടികൂടി. ഇതിൽ 60 പേരും ജഹ്റ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഈ കാലയളവിൽ ട്രാഫിക് സ്റ്റേഷനുകളിൽ 65 പേരെ കസ്റ്റഡിയിലെടുത്തു, ഇതിൽ 40 പേരും ജഹ്റയിൽ നിന്നാണ്. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ 29 വാഹനങ്ങളും ഒരു മോട്ടോർസൈക്കിളും പോലീസ് പിടിച്ചെടുത്തു. ഫർവാനിയയിലാണ് കൂടുതൽ നിയമലംഘനങ്ങൾ പിടികൂടിയത്; 6,472. കുവൈത്ത് സിറ്റിയിൽ 5,286, അഹ്മദി 5,022 എന്നിങ്ങനെ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ജഹ്റയിൽ 4,719 നിയമലംഘനങ്ങളും ഹവല്ലിയിൽ 2,317 നിയമലംഘനങ്ങളും മുബാറക് അൽകബീറിൽ 2,111 നിയമലംഘനങ്ങളും രേഖപ്പെടുത്തി.
Comments (0)