
Top 5 Billionaires in uae: ബിസിനസ് ചെയ്യാൻ പറ്റിയ മണ്ണ് എന്നും യുഎഇ തന്നെ: ഇതാ യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍
Top 5 Billionaires in uae;ദുബൈ: അനുകൂലമായ നികുതി നയങ്ങള്‍, നിയന്ത്രണ പരിഷ്‌കാരങ്ങള്‍, ദീര്‍ഘകാല ഗോള്‍ഡന്‍ വിസകള്‍ എന്നിവയുടെ പിന്തുണയോടെ യുഎഇ, പ്രത്യേകിച്ച് ദുബൈ ആഗോള ശതകോടീശ്വരന്മാരുടെ ഒരു പ്രധാന ബിസിനസ് കേന്ദ്രമായി മാറുകയാണ്. ഹെന്‍ലി & പാര്‍ട്‌ണേഴ്‌സ് പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം, 2025ല്‍ 9,800ലധികം കോടീശ്വരന്മാര്‍ യുഎഇയിലേക്ക് താമസം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിരതയും അവസരങ്ങളും തേടുന്ന ധനികര്‍ക്ക് യുഎഇ ഒരു ആകര്‍ഷക ലക്ഷ്യസ്ഥാനമായി തുടരുകയാണ്. യുഎഇയിലേക്ക് തങ്ങളുടെ ബിസിനസ് പറിച്ചുനട്ട അഞ്ച് പ്രമുഖ ശതകോടീശ്വരന്മാരെ പരിചയപ്പെടാം.

1. ജോണ്‍ ഫ്രെഡ്രിക്‌സണ്‍
നോര്‍വീജിയന്‍ വംശജനും യുകെയിലെ ഒമ്പതാമത്തെ ധനികനുമായ ജോണ്‍ ഫ്രെഡ്രിക്‌സണ്‍, ഷിപ്പിംഗ് രംഗത്തെ അതികായനാണ്. 10 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള ഇദ്ദേഹം, ലോകത്തെ ഏറ്റവും വലിയ എണ്ണ ടാങ്കര്‍ സാമ്രാജ്യങ്ങളിലൊന്നിന്റെ ഉടമയാണ്. യുകെയിലെ ‘നോണ്‍ഡോം’ നികുതി വ്യവസ്ഥ നിര്‍ത്തലാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന്, അദ്ദേഹം തന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ യുഎഇയിലേക്ക് മാറ്റി. ഈ നീക്കം ആഗോള സമ്പത്തിന്റെ യുഎഇയിലേക്കുള്ള ഒഴുക്കിന്റെ പ്രതീകമാണ്.
2. മൈക്കല്‍ എഡ്വേര്‍ഡ് പ്ലാറ്റ്
ബ്രിട്ടീഷ് ശതകോടീശ്വരനും യൂറോപ്പിലെ മൂന്നാമത്തെ വലിയ ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ബ്ലൂക്രെസ്റ്റ് ക്യാപിറ്റല്‍ മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ് മൈക്കല്‍ എഡ്വേര്‍ഡ് പ്ലാറ്റ്. 18.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള പ്ലാറ്റ്, 2025 ജൂണില്‍ തന്റെ പ്രാഥമിക വസതിയും കുടുംബ ഓഫീസും യുഎഇയിലേക്ക് മാറ്റിയിരുന്നു. 2022ല്‍ റെഗുലേറ്ററി അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന്, ബ്ലൂക്രെസ്റ്റ് ദുബൈയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചിരുന്നു.
3. ശ്രാവിന്‍ ഭാരതി മിത്തല്‍
ഇന്ത്യയിലെ പ്രമുഖ ബിസിനസ് രാജവംശത്തിന്റെ അടുത്ത തലമുറയെ പ്രതിനിധീകരിക്കുന്ന ശ്രാവിന്‍ മിത്തല്‍, അണ്‍ബൗണ്ടിന്റെ സ്ഥാപകനും ഭാരതി ഗ്ലോബല്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമാണ്. 27.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഭാരതി കുടുംബം, യുകെ ടെലികോം ഭീമന്‍ ബിടി ഗ്രൂപ്പിന്റെ 24.5% ഓഹരികളും നിയന്ത്രിക്കുന്നു. 2025 ഏപ്രിലില്‍, യുകെയിലെ കര്‍ശനമായ നികുതി പരിഷ്‌കാരങ്ങള്‍ക്കിടയില്‍, മിത്തല്‍ അണ്‍ബൗണ്ടിന്റെ അബൂദബിയില്‍ ശാഖ രജിസ്റ്റര്‍ ചെയ്തിരുന്നു.
4. പാവല്‍ ദുറോവ്
റഷ്യന്‍ സംരംഭകനും എന്‍ക്രിപ്റ്റഡ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന്റെ സ്ഥാപകനുമായ പാവല്‍ ദുറോവ്, 2017 മുതല്‍ ദുബൈയില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. 2014ല്‍ റഷ്യയിലെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും നേരിട്ട സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് ദുറോവും സഹോദരന്‍ നിക്കോളായിയും യുഎഇയെ തങ്ങളുടെ ദീര്‍ഘകാല താവളമായി തിരഞ്ഞെടുത്തത്. 15.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ദുറോവ്, 2024ല്‍ ഫോര്‍ബ്‌സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 120ാം സ്ഥാനം നേടിയിരുന്നു. 2022ല്‍ യുഎഇയിലെ ഏറ്റവും ധനികനായ പ്രവാസിയായും 2023ല്‍ ദുബൈയിലെ ഏറ്റവും ശക്തനായ സംരംഭകനായും ദുറോവ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
5. നാസെഫ് സാവിരിസ്
ഈജിപ്ഷ്യന്‍ ശതകോടീശ്വരനായ നാസെഫ് സാവിരിസ്, 9.6 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ രാജ്യത്തെ ഏറ്റവും സമ്പന്നനാണ്. ലോകത്തെ ഏറ്റവും വലിയ നൈട്രജന്‍ വളം ഉല്‍പ്പാദകരിലൊന്നായ OCI NVയില്‍ 30 ശതമാനവും അഡിഡാസ് (6%), ലഫാര്‍ജ്‌ഹോള്‍സിം (3.4%) എന്നിവയിലും ഇദ്ദേഹത്തിന് ഓഹരികളുണ്ട്. 2023 അവസാനത്തോടെ, സാവിരിസ് തന്റെ കുടുംബ ഓഫീസായ NNS ഗ്രൂപ്പ് അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് (ADGM) മാറ്റിയിരുന്നു.
Comments (0)