
Giant Chinese Red Onion;വൈറലോട് വൈറൽ! ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
Giant Chinese Red Onion;ദുബൈ: ദുബൈയിലെ അല്‍ അവീര്‍ മാര്‍ക്കറ്റില്‍ ഒരു കുഞ്ഞിന്റെ തലയോളം വലിപ്പവും ഏകദേശം ഒരു കിലോ ഭാരവുമുള്ള ഭീമന് ചുവന്ന ഉള്ളി ഉപഭോക്താക്കളുടെയും റസ്റ്റോറന്റ് ഉടമകളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു. കിലോഗ്രാമിന് 2.5 ദിര്‍ഹം വിലയുള്ള ഈ ഉള്ളി അല്‍ അവീറിലെ ബ്ലൂം മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുകയാണ്.
’18 വര്‍ഷമായി ഞാന്‍ അല്‍ അവീറില്‍ ജോലി ചെയ്യുന്നു, ഇത്ര വലിയ ഉള്ളി ഇതുവരെ കണ്ടിട്ടില്ല. ഏതാണ്ട് ഒരു തലയുടെ വലിപ്പമുണ്ട് ഇതിന്,’ ദീര്‍ഘകാലമായി ദുബൈയില്‍ വ്യാപാരിയായ മുഹമ്മദ് യാസീന്‍ പറഞ്ഞു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഈ ഉള്ളി, 100 മുതല്‍ 200 ഗ്രാം വരെ ഭാരമുള്ള സാധാരണ ഉള്ളിയുടെ മൂന്നിരട്ടി വലിപ്പമുള്ളതാണ്.

‘ആളുകള്‍ കൗതുകത്തോടെയാണ് ഇവിടേക്ക് വരുന്നത്. അവര്‍ ഉള്ളി നോക്കി, ഫോട്ടോ എടുക്കുന്നു, ഒന്ന് വാങ്ങുന്നു, പിന്നീട് വീണ്ടും വന്ന് കൂടുതല്‍ ചിത്രങ്ങള്‍ എടുക്കുന്നു. ചിലര്‍ക്ക് തൊട്ടുനോക്കുന്നതുവരെ ഇത് യഥാര്‍ഥമാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല,’ യാസീന്‍ പറഞ്ഞു.
സാധാരണ ഉള്ളിയെ അപേക്ഷിച്ച് ഈ ഭീമന് ഉള്ളിയില്‍ ജലാംശം കൂടുതലാണെന്നും രുചിയില്‍ അല്പം വ്യത്യാസമുണ്ടെന്നും യാസീന്‍ വ്യക്തമാക്കി.
‘ഇത് മധുരമുള്ളതും മൃദുവായതുമാണ്. മുറിക്കുമ്പോള്‍ ആളുകളുടെ കണ്ണില്‍ നിന്നും വെള്ളം വരുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിപ്പവും മൃദുത്വവും കാരണം റസ്റ്റോറന്റ് ഉടമകള്‍ക്കിടയില്‍ ഈ ഉള്ളി ജനപ്രിയമാവുകയാണ്.
‘ഷെഫുകളും റസ്റ്റോറന്റിലേക്ക് സാധനങ്ങള്‍ വാങ്ങുന്നവരും ഇത് മൊത്തമായി വാങ്ങുന്നു. സലാഡുകള്‍ക്ക് മികച്ച രുചിയും ഗ്രേവിക്ക് അനുയോജ്യവുമാണിതെന്നാണ് അവര്‍ പറയുന്നു,’ യാസീന്‍ വിശദീകരിച്ചു.
ഈ അസാധാരണ പച്ചക്കറി ഇപ്പോള്‍ മാര്‍ക്കറ്റിലെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ്.
‘ഈ ഉള്ളി തന്റെ കുട്ടിക്കാലത്തെ വലുതും രുചികരവുമായ പച്ചക്കറികളെ ഓര്‍മിപ്പിക്കുന്നുവെന്ന്,’ യാസീന്‍ പറഞ്ഞു. ‘വലിപ്പം മാത്രമല്ല, നല്ല രുചിയുള്ളതുകൊണ്ട് കൂടിയാണ് ആളുകള്‍ ഇത് ഇഷ്ടപ്പെടുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Comments (0)