Posted By Nazia Staff Editor Posted On

Gold rate in uae: സ്വർണ വിലയില്‍ നല്ല വ്യത്യാസം ഉറപ്പ്, പക്ഷേ ഇന്ത്യയിലേക്ക് കൊണ്ടുവരണമെങ്കില്‍ ഒരു സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Gold rate in uae: ദുബായ്: ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കേരളത്തിലെ വില 9150 രൂപയാണ്. അതായത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാര നിരക്ക് 73,200 രൂപയാണ്. പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് വരുമ്പോള്‍ വില 80,000ന് മുകളില്‍ എത്തും. കഴിഞ്ഞ കുറച്ച് ദിവസമായി വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വിവാഹ സീസണ്‍ ഉള്‍പ്പെടെ അടുക്കുമ്പോള്‍ സാധാരണക്കാരന് ഒട്ടും തന്നെ ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല വ്യാപാര നിരക്ക്.

കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ സ്വര്‍ണം വാങ്ങുവാനായി യുഎഇയെ ലാഭകരമായ ഒരു കേന്ദ്രമായി കാണാറുണ്ട്. സ്വന്തമായി ഒരു സ്വര്‍ണഖനി പോലുമില്ലാത്ത ദുബായെ എന്തുകൊണ്ടാണ് സ്വര്‍ണ നഗരമെന്ന് വിശേഷിപ്പിക്കുന്നത്. ഇത്രയും സ്വര്‍ണത്തിന്റെ വ്യാപാരം യുഎഇയില്‍ നടക്കുന്നതിന് പ്രധാന കാരണം നികുതിയില്ലെന്നതാണ്. ഇന്ത്യയും നമ്മുടെ അയല്‍രാജ്യമായ ചൈനയുമാണ് യുഎഇയില്‍ നിന്ന് ഏറ്റവും അധികം സ്വര്‍ണം വാങ്ങുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ സ്വര്‍ണവിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 350 രൂപവരെ യുഎഇയില്‍ നിന്ന് വാങ്ങുമ്പോള്‍ കുറവായിരിക്കും. ഉദാഹരണത്തിന് ഇന്ന് കേരളത്തിലെ വില 9150 രൂപയാണെങ്കില്‍ യുഎഇയിലെ ഗ്രാം വില 8691 രൂപയാണ്. രണ്ട് ലക്ഷം രൂപ നല്‍കി സ്വര്‍ണം വാങ്ങുകയാണെങ്കില്‍ ഇന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ 7000 രൂപയുടെ ലാഭം ലഭിക്കുമെന്നതാണ് പ്രധാന വ്യത്യാസം. യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ദുബായ് സെന്‍ട്രല്‍ ലബോറട്ടറി ഡിപ്പാര്‍ട്ട്മെന്റ് ഇറക്കുന്ന ബരീഖ് സര്‍ട്ടിഫിക്കറ്റ് സ്വര്‍ണത്തിന് ഉണ്ടോ എന്നതാണ്.

വില കുറവെങ്കിലും നിയന്ത്രണമുണ്ട്

നമ്മുടെ നാട്ടിലെ വിലയേക്കാള്‍ കുറവാണെങ്കിലും യുഎഇയില്‍ നിന്ന് സ്വര്‍ണം കൊണ്ടുവരുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവരണമെങ്കില്‍ കസ്റ്റംസില്‍ ഡ്യൂട്ടി അടക്കണം. സ്ത്രീകള്‍ക്ക് 40 ഗ്രാം (അഞ്ച് പവന്‍) പുരുഷന്‍മാര്‍ക്ക് 20 ഗ്രാം (രണ്ടര പവന്‍) എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ള കണക്ക്. സ്വര്‍ണത്തിന് ബില്ല് നിര്‍ബന്ധമാണെങ്കിലും ജിഎസ്ടി ആവശ്യമില്ല.

കസ്റ്റംസ് ഡ്യൂട്ടി

പുരുഷന്മാര്‍ക്ക് 20 മുതല്‍ 50 ഗ്രാം, സ്ത്രീകള്‍ക്ക് 40-100 ഗ്രാമിനും മൂന്ന് ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടതാണ്. നികുതിയുടെ കാര്യത്തില്‍ പുരുഷന്മാര്‍ക്ക് 50 മുതല്‍ 100 ഗ്രാം വരെയും സ്ത്രീകള്‍ക്ക് 100 മുതല്‍ 200 ഗ്രാം വരെയും ആറ് ശതമാനമാണ് നികുതി. 100 ഗ്രാമിന് മുകളില്‍കൊണ്ടുവന്നാല്‍ പുരുഷന്മാരും 200 ഗ്രാമിന് മുകളില്‍ കൊണ്ടുവന്നാല്‍ സ്ത്രീകളും പത്ത് ശതമാനം വരെ കസ്റ്റംസ് നികുതി എന്നിങ്ങനെയാണ് കണക്ക്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *