
Heera Group CEO Nowhera Shaik Arrested;പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍
Heera Group CEO Nowhera Shaik Arrested;ദുബൈ/ഹൈദരാബാദ്: കോടിക്കണക്കിന് രൂപയുടെ ഹീര ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി നൗഹീറ ഷെയ്ഖിനെ ഫരീദാബാദില്‍ നിന്ന് ഹൈദരാബാദ് പൊലിസ് അറസ്റ്റ് ചെയ്തു. ഹീര ഗ്രൂപ്പിന്റെ സ്ഥാപകയും 2.36 ബില്യണ്‍ ദിര്‍ഹത്തിന്റെ ഹീര ഗോള്‍ഡ് അഴിമതിയിലെ മുഖ്യ പ്രതിയുമാണ് നൗഹീറ ഷെയ്ഖ്.

2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടുകള്‍ (NBW) പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന് (CCS) ഉദ്യോഗസ്ഥരാണ് നൗഹീറയെ അറസ്റ്റ് ചെയ്തത്.
യുഎഇയിലെ ആയിരക്കണക്കിന് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ഇവര്‍ കോടികള്‍ തട്ടിയിരുന്നു. ഹീര സ്കീമുകളില്‍ നിക്ഷേപിച്ച നിരവധി യുഎഇ നിവാസികള്‍ക്കാണ് തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ടത്. ഇവരില്‍ പലര്‍ക്കും ഇത്രയുംകാലംകൊണ്ട് സ്വരുക്കൂട്ടിയ മുഴുവന്‍ സമ്പാദ്യവും നഷ്ടമായി. മറ്റു ചിലരാകട്ടെ ഇപ്പോഴും നിക്ഷേപത്തിനായി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പാടുപെടുന്നു.
ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് നിന്നാണ് ഹൈദരാബാദ് പൊലിസ് നൗഹീറയെ അറസ്റ്റു ചെയ്തതെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ എന്‍. ശ്വേത പറഞ്ഞു. 2024 ഒക്ടോബറില്‍ നൗഹീറയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ട ശേഷവും നൗഹീറ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല.
നൗഹീറയെ 2018ല്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീടി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ തുടരുകയാണ്. ഇവരുടെ 124 സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
ഓള് ഇന്ത്യ ഹീര ഗ്രൂപ്പ് വിക്ടിംസ് അസോസിയേഷന്റെ പ്രസിഡന്റായ ഷഹബാസ് അഹമ്മദ് ഖാന് അറസ്റ്റിനെ സ്വാഗതം ചെയ്തു. യുഎഇയില്‍ നിന്ന് ഇവര്‍ക്കെതിരെ പുതിയ പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ആളുകള്‍ ഇപ്പോഴും വലയുകയാണ്. ചിലര്‍ക്ക് വീടുകള്‍ പോലും നഷ്ടപ്പെട്ടു.’ അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം മൂന്ന് മാസത്തിനുള്ളില്‍ 250 മില്യണ്‍ രൂപ കെട്ടിവയ്ക്കണമെന്നും ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും സുപ്രീം കോടതി നൗഹീറയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)