
അവധിക്കാലം കഴിഞ്ഞു ; ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നല്ല തിരക്ക്, ഇ-ഗേറ്റ് ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ
സ്കൂളുകളുടെ മധ്യ വേനലവധി കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങിയെത്തുന്നവരുടെ തിരക്കേറുന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി അധികൃതർ. തിരക്കൊഴിവാക്കാൻ ഇ-ഗേറ്റ് ഉൾപ്പെടെ അറൈവൽ ടെർമിനലിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും നിർദേശം. വിമാനത്താവളത്തിലെ യാത്രാ നടപടികൾ സുഗമമാക്കാനുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ അധികൃതർ പൂർത്തിയാക്കിയിരുന്നു. ഗതാഗതം സുഗമമാക്കാൻ യാത്രക്കാരെ ഇറക്കാനും സ്വീകരിക്കാനും വരുന്നവർ ടെർമിനലുകളിലെ പാർക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
നിർദേശങ്ങൾ എന്തൊക്കെ?
∙യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്നവർ നിർദ്ദിഷ്ട പാർക്കിങ്ങിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ. ടെർമിനലിന്റെ മുൻവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്താൽ പിഴ ഈടാക്കും.
∙ദോഹയിലെത്തുന്ന യാത്രക്കാരിൽ 130 സെന്റി മീറ്ററിൽ കൂടുതൽ ഉയരമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്കും ഇ-ഗേറ്റ് പ്രയോജനപ്പെടുത്താം.
യാത്രക്കാരുടെ ബാഗേജുകൾ നിർദ്ദിഷ്ട ബെൽറ്റുകളിൽ നിന്ന് ലഭിക്കും. സ്ട്രോളറുകൾ, വീൽചെയറുകൾ തുടങ്ങി അമിത വലുപ്പമുള്ള ബാഗേജുകൾ ബെൽറ്റ് എ, ബി എന്നിവിടങ്ങളിൽ മാത്രമാണ് ലഭിക്കുക. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ് തന്നെ യാത്രക്കാർ ബാഗേജുകൾ തങ്ങളുടേത് തന്നെയാണോയെന്ന് ടാഗുകൾ പരിശോധിച്ച് ഉറപ്പാക്കണം. ബാഗേജ് സംബന്ധമായ സഹായങ്ങൾക്ക് അറൈവൽ ഹാളിലെ ബാഗേജ് സർവീസ് ഓഫിസിനെ സമീപിക്കാം.
∙ അറൈവൽ, ഡിപ്പാർച്ചർ ഹാളുകൾക്ക് സമീപം ഊബർ, കർവ ബസ് ഉൾപ്പെടെയുള്ള യാത്രാ സേവനങ്ങൾ ലഭിക്കും. കൂടാതെ ദോഹ മെട്രോയും ലഭ്യമാണ്. കാർ വാടകയ്ക്കും ലഭിക്കും. ലിമോസിൻ, വാലറ്റ് സേവനങ്ങളും ലഭിക്കും.
Comments (0)