
ഇതാണ് യു എ ഇ; ആശുപത്രിയിൽ പണമടങ്ങിയ ബാഗ് മറന്നുവെച്ച പ്രവാസിക്ക് ബാഗ് തിരികെ നൽകി ആശുപത്രി അധികൃതർ
ആശുപത്രിയിൽ പണമടങ്ങിയ ബാഗ് മറന്നുവെച്ച പ്രവാസിക്ക് ബാഗ് തിരികെ നൽകി ആശുപത്രി അധികൃതർ. ദുബൈയിൽ താമസക്കാരനായ ഇംതിയാസ് ആണ് അജ്മാനിലെ തുംബൈ ഹോസ്പിറ്റലിൽ ബാഗ് മറന്നുവെച്ചത്. 32,000 ദിർഹം പണവും ബാഗിൽ ഉണ്ടായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇംതിയാസ് ആശുപത്രിയിലെത്തിയത്. കടുത്ത പനി ബാധിച്ച സഹോദരനെയും കൊണ്ടാണ് ഹോസ്പിറ്റലിൽ ഇംതിയാസ് എത്തിയത്. സഹോദരനെ ഉടൻതന്നെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. തിരക്കിനിടെ ഇംതിയാസ് തന്റെ പണമടങ്ങിയ ബാഗ് അവിടെ മറന്നുവെക്കുകയായിരുന്നു. പിന്നീട് ബാഗ് അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരു നഴ്സിന്റെ ശ്രദ്ധയിൽപ്പെടുകയും അവർ ഉടൻ തന്നെ സൂപ്പർവൈസറായ ഹമീദ് ബിൻ ഹുസൈനിനെ ഏൽപ്പിക്കുകയുമായിരുന്നു. ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ബാഗിന്റെ ഉടമയെ കണ്ടെത്തിയത്.
ബാഗിനുള്ളിൽ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നത് ഉടമയെ കണ്ടുപിടിക്കുന്നതിൽ ആശുപത്രി ജീവനക്കാർക്ക് കൂടുതൽ സഹായകമായി. ഇംതിയാസിന്റെ വിവരങ്ങൾ ലഭിച്ചപ്പോൾ ഉടൻ തന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടെന്നും ഇത്തരം സംഭവങ്ങൾ ആശുപത്രിയിൽ പതിവായി ഉണ്ടാകാറുണ്ടെന്നും യാഥാർഥ ഉടമയ്ക്ക് ബാഗ് തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.
Comments (0)