
ഖത്തറിലെ വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ പിന്നിലെ 3 കാരണങ്ങൾ ഇവയൊക്കെ
ദോഹ: ഖത്തറിലെ വീടുകളിൽ വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ സർക്കാർ സബ്‌സിഡികളും രാജ്യത്തെ ചൂടുള്ള കാലാവസ്ഥയുമാണെന്ന് പുതിയ പഠനം. ഹമദ് ബിൻ ഖലീഫ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഖത്തർ എൻവയോൺമെന്റ് ആൻഡ് എനർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (QEERI), കോളേജ് ഓഫ് പബ്ലിക് പോളിസി എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ സുപ്രധാന കണ്ടെത്തലുകൾ.
ഊർജ്ജം മിതമായി ഉപയോഗിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ഖത്തർ ദേശീയ ദർശനം 2030-ന് നിർണ്ണായകമായ വിവരങ്ങളാണ് പഠനം മുന്നോട്ടുവെക്കുന്നത്.
സബ്‌സിഡികൾ ഉപഭോഗം വർദ്ധിപ്പിക്കുന്നു
പഠനത്തിലെ പ്രധാന കണ്ടെത്തലുകളിലൊന്ന്, സർക്കാർ വൈദ്യുതിക്ക് നൽകുന്ന വിലക്കിഴിവ് (സബ്‌സിഡി) ഉപഭോഗം വർദ്ധിപ്പിക്കുന്നു എന്നതാണ്. വൈദ്യുതിയുടെ വില ഉപഭോക്താക്കൾക്ക് കുറച്ച് അനുഭവപ്പെടുന്നതിനാൽ, അത് പാഴാക്കി കളയുന്നതിനോ അമിതമായി ഉപയോഗിക്കുന്നതിനോ ഒരു പ്രവണതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സബ്‌സിഡിയിൽ ഒരു ശതമാനം വർദ്ധനവുണ്ടാകുമ്പോൾ വൈദ്യുതി ഉപഭോഗത്തിൽ 1.01 ശതമാനം വർദ്ധനവുണ്ടാകുന്നതായി പഠനം വ്യക്തമാക്കുന്നു.
വില്ലനാകുന്ന കാലാവസ്ഥ
ഖത്തറിലെ ഉയർന്ന താപനിലയാണ് വൈദ്യുതി ഉപഭോഗം കൂടുന്നതിനുള്ള മറ്റൊരു പ്രധാന കാരണം. വർഷത്തിൽ കൂടുതൽ സമയവും എയർ കണ്ടീഷനറുകൾ പ്രവർത്തിപ്പിക്കേണ്ടി വരുന്നത് വൈദ്യുതിയുടെ ആവശ്യകത കുത്തനെ വർദ്ധിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഭാവിയിൽ ചൂട് ഇനിയും വർദ്ധിക്കുകയാണെങ്കിൽ, ഊർജ്ജ കാര്യക്ഷമതയുള്ള കെട്ടിട നിർമ്മാണ രീതികളും കൂളിംഗ് സംവിധാനങ്ങളും സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തെ ഊർജ്ജ സംവിധാനത്തിൽ വലിയ സമ്മർദ്ദമുണ്ടാകുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
സാങ്കേതികവിദ്യയുടെ സ്വാധീനം പരിമിതം
വൈദ്യുതി ലാഭിക്കുന്ന ഫൈവ് സ്റ്റാർ എസികളും മറ്റ് ഉപകരണങ്ങളും പോലുള്ള പുതിയ സാങ്കേതികവിദ്യകൾ നിലവിലുണ്ടെങ്കിലും, ഖത്തറിലെ മൊത്തം വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവുണ്ടാക്കാൻ അതിന് സാധിച്ചിട്ടില്ല. ഒന്നുകിൽ ആളുകൾ അത്തരം ഉപകരണങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നില്ല, അല്ലെങ്കിൽ വർദ്ധിച്ചുവരുന്ന ആവശ്യകതയ്ക്ക് മുന്നിൽ ഈ സാങ്കേതികവിദ്യയുടെ ഫലം ഇല്ലാതാകുന്നുവെന്നും പഠനം പറയുന്നു.
പരിഹാര മാർഗ്ഗങ്ങൾ
ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രമായ ഒരു സമീപനം ആവശ്യമാണെന്ന് പഠനം നിർദ്ദേശിക്കുന്നു. വൈദ്യുതി ലാഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ഊർജ്ജ കാര്യക്ഷമതയുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾ നടപ്പിലാക്കുക, അർഹരായവർക്ക് മാത്രം സബ്‌സിഡി ലഭ്യമാക്കുന്ന രീതിയിലേക്ക് മാറുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
Comments (0)