Posted By Nazia Staff Editor Posted On

Airline alert: സുപ്രധാന അറിയിപ്പ്, പുതിയ നിബന്ധനകൾ പുറത്തിറക്കി ഈ എയർലൈൻ , ഒക്ടോബർ മുതൽ വിമാനങ്ങളിൽ ഈ സാധനത്തിന്റെ ഉപയോഗം നിരോധിച്ചു

Airline alert: ദുബൈ: യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. 2025 ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ, വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. യാത്രക്കാർക്ക് ചില നിബന്ധനകളോടെ ഒരു പവർ ബാങ്ക് കൈവശം വെക്കാൻ അനുമതിയുണ്ട്. എന്നാല്‍ ക്യാബിനിലിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കരുത്.

പുതിയ നിബന്ധനകള്‍

  • എമിറേറ്റ്സ് യാത്രക്കാർക്ക് 100Wh-ൽ താഴെ ശേഷിയുള്ള ഒരു പവർ ബാങ്ക് കൈവശം വെക്കാം.
  • വിമാനത്തിനുള്ളിൽ വ്യക്തിഗത ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല.
  • വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യുന്നത് അനുവദനീയമല്ല.
  • യാത്രയിൽ കൊണ്ടുപോകുന്ന എല്ലാ പവർ ബാങ്കുകൾക്കും അതിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം.
  • പവർ ബാങ്കുകൾ വിമാനത്തിലെ ഓവർഹെഡ് സ്റ്റോവേജ് ബിന്നിൽ വെക്കാൻ പാടില്ല. പകരം, സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ വെക്കണം.
  • ചെക്ക്-ഇൻ ലഗേജിൽ പവർ ബാങ്കുകൾ അനുവദനീയമല്ല (നിലവിലുള്ള നിയമം).

ദുബൈയുടെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ്, പവർ ബാങ്കുകൾ സംബന്ധിച്ച് സുരക്ഷാപരമായ ഒരു കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. സമീപകാലത്ത് പവർ ബാങ്കുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഇത് വ്യോമയാന മേഖലയിലുടനീളമുള്ള വിമാനങ്ങളിൽ ലിഥിയം ബാറ്ററി സംബന്ധമായ അപകടങ്ങളുടെ എണ്ണത്തിലും വർധനവിന് കാരണമായി. ഈ അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി സമഗ്രമായ ഒരു സുരക്ഷാ അവലോകനത്തിന് ശേഷമാണ് എയര്‍ലൈന്‍റെ ഈ തീരുമാനം.

പവർ ബാങ്കുകൾ പ്രധാനമായും ലിഥിയം-അയൺ അല്ലെങ്കിൽ ലിഥിയം-പോളിമർ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇവ എവിടെ വെച്ചും ഉപകരണങ്ങൾ ചാർജ് ചെയ്യാൻ രൂപകൽപ്പന ചെയ്ത പോർട്ടബിൾ ബാറ്ററി പാക്കുകളാണ്. ബാറ്ററികളിൽ ഒരു ഇലക്ട്രോലൈറ്റ് ലായനിയിൽ ലിഥിയം അയോണുകൾ അടങ്ങിയിരിക്കുന്നു. ബാറ്ററി ചാർജ് ചെയ്യുമ്പോഴും ഡിസ്ചാർജ് ചെയ്യുമ്പോഴും ഈ അയോണുകൾ ഇലക്ട്രോലൈറ്റിലൂടെ രണ്ട് ഇലക്ട്രോഡുകൾക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നു.

ബാറ്ററി അമിതമായി ചാർജ് ചെയ്യുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ‘തെർമൽ റൺ എവേ’ എന്ന അവസ്ഥ ഉണ്ടാവാം. ഇത് താപനില അതിവേഗം അനിയന്ത്രിതമായി വർധിപ്പിക്കുന്നു. തീപിടിത്തം, സ്ഫോടനങ്ങൾ, വിഷവാതകങ്ങൾ പുറത്തുവിടൽ തുടങ്ങിയ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാം. ഫോണുകളിലും അത്യാധുനിക ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളിലും അമിതമായി ചാർജ് ചെയ്യുന്നത് തടയാൻ സഹായിക്കുന്ന ആന്തരിക ട്രിക്കിൾ സിസ്റ്റം ഉണ്ട്. ഈ സിസ്റ്റം ബാറ്ററിയിലേക്ക് സാവധാനം വൈദ്യുതി പ്രവാഹം നൽകുന്നു. എന്നാൽ സാധാരണ പവർ ബാങ്കുകളിൽ ഈ സുരക്ഷാ സംവിധാനം ഇല്ലാത്തതിനാൽ അപകടസാധ്യത കൂടുതലാണ്

എമിറേറ്റ്സ് വിമാനങ്ങളിലെ പുതിയ നിയമങ്ങൾ എല്ലാ പവർ ബാങ്കുകൾക്കും ബാധകമാണ്. പുതിയ നിയമങ്ങൾ പവർ ബാങ്കുകൾ വിമാനത്തിനുള്ളിൽ ഉപയോഗിക്കുന്നത് തടയുന്നതിലൂടെ അവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കും. പവർ ബാങ്കുകൾ ക്യാബിനുള്ളിൽ എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതിലൂടെ തീപിടിത്തമുണ്ടായാൽ പരിശീലനം ലഭിച്ച ജീവനക്കാർക്ക് പെട്ടെന്ന് പ്രതികരിക്കാനും തീയണയ്ക്കാനും സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *